നെയ്യാര്‍ ഡാമിലെ ശിവാനന്ദാശ്രമം ഡയറക്ടറും ഇറ്റാലിയന്‍ പൗരനുമായ സ്വാമി നടരാജ് വീണ്ടും വിളിച്ചു-‘-വിഷുഡ് ഗോ മഹേഷ് ജി. വിഷുഡ് ഗോ.” സ്വാമിജിയുടെ ആകാംക്ഷാഭരിതമായ ആവശ്യം എനിക്ക് തള്ളിക്കളയാനായില്ല. ഞാന്‍ പറഞ്ഞു- ‘എസ്. വി വില്‍ ഗോടു അഗസ്ത്യാര്‍ ദിസ് ടൈം’- ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയിരുന്നു ഞാന്‍. പക്ഷേ അഗസ്ത്യ ദര്‍ശനം വേണമെന്ന സ്വാമിജിയുടെ നിസ്വാര്‍ത്ഥമായ ആഗ്രഹത്തിന് മുന്നില്‍ ഞാന്‍ വഴങ്ങി. അന്താരാഷ്ട്ര യോഗാകേന്ദ്രമായ നെയ്യാര്‍ഡാമിലെ ശിവാനന്ദാശ്രമത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിനിടയിലാണ് നാലുവര്‍ഷം മുന്‍പ് സ്വാമിജിയെ പരിചയപ്പെടുന്നത്. നെയ്യാറിലെ ആശ്രമത്തിലിരുന്ന് നോക്കുമ്പോള്‍ അഗസ്ത്യാര്‍കൂടം വ്യക്തമായി കാണാം. പറക്കും സ്വാമിയെന്നറിയപ്പെട്ടിരുന്ന സ്വാമി വിഷ്ണു ദേവാനന്ദ അഗസ്ത്യാര്‍കൂടം ആസ്വദിക്കുന്നതിനായി ഒരാചാര്യബെഞ്ചും അവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ആ ബെഞ്ചിലിരുന്ന് സംസാരിക്കവേ പലതവണ അഗസ്ത്യാര്‍കൂടത്തില്‍ പോയ അനുഭവം ഞാന്‍ നടരാജനുമായി പങ്കുവെച്ചു. കഴിഞ്ഞ എട്ടു വര്‍ഷമായി അവിടെ പോകണമെന്നാഗ്രഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇത്തവണ അവിടെ കൊണ്ടുപോകാമെന്ന് ഞാന്‍ ഉറപ്പ് നല്കി.
അഗസ്ത്യാര്കൂടത്തിലേയ്ക്ക് സഞ്ചാരികളെ വിട്ടുതുടങ്ങിയ ദിവസം പാസിനായി ഞാന്‍ അവിടെച്ചെന്നു. എന്നാല്‍ വിദേശികളെ സീസണില്‍ കടത്തിവിടില്ല എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ സീസണുശേഷം പ്രത്യേക പാക്കേജ് എടുത്ത് അഗസ്ത്യാറിലേക്ക് പോകാമെന്നറിഞ്ഞതോടെ ഞങ്ങള്‍ അതിനായി കാത്തിരുന്നു.
ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് വനംവകുപ്പ് വാര്‍ഡന്റെ അനുമതി ലഭിച്ചതോടെ ഞങ്ങള്‍ അഗസ്ത്യാര്വനത്തിലേക്ക് തിരിച്ചു. ബോണക്കാട് വനംവകുപ്പിന്റെ ആസ്ഥാനത്തെത്തി പാസെടുത്ത് യാത്രയായി. വിദേശികള്‍ എന്ന ‘പരിഗണ’ന, കൊണ്ട് എട്ടംഗസംഘത്തിന് ഏതാണ്ട് എണ്ണായിരം രൂപയാണ് വനംവകുപ്പ് ഈടാക്കിയത്. ഇതൊരല്പം കടന്നുപോയി ഞാന്‍ മനസിലോര്‍ത്തു. സ്വാമിജി ചെറുചിരിയോടെ പറഞ്ഞു-‘-വി ആര് ആള്‍വെയ്സ് ട്രീറ്റഡ് ലൈക്ക് ദിസ് ഓണ്‍ യുവര്‍ ഗോഡ്സ് ഓണ്‍ കണ്ട്രി.”
ആശ്രമം ഡയറക്ടര്‍ നടരാജ്, അമേരിക്കയില്‍ നിന്നുള്ള ബെന്‍ ഫിക്ക്മാന്‍, കനേഡിയന്‍ പൗരന്മാരായ മൈക്കിള്‍, ടിനോ, ഉത്തരാഖണ്ഡിലെ ഹിമാലയന്‍ ട്രക്കിംഗ് ഗൈഡ് കൂടിയായ അഖില്റാണ. ഞാന്‍, എന്റെ സഹോദരന് സുഭാഷ്, ആശ്രമത്തിലെ പാചകക്കാരായ മോഹനന് എന്നിവരടങ്ങിയ സംഘം, അഗസ്ത്യപര്‍വ്വതം ലക്ഷ്യമാക്കി മന്ത്രജപത്തോടെ നടന്നുതുടങ്ങി.
ഞാന്‍ അഗസ്ത്യദര്‍ശനത്തിനായി എത്തുന്നത് ഇതുംകൂട്ടി പതിമൂന്നാം തവണ. കുട്ടിക്കാലത്ത് തികഞ്ഞ പ്രകൃതിസ്നേഹിയായ അച്ഛനോടൊപ്പമാണ് ആദ്യമായി അഗസ്ത്യാര്കൂടത്തിലെത്തുന്നത്. പിന്നീട് അതൊരു ശീലമായി. യുഎസ് പൗരന് ബന്ഫിക്ക്മാന് മഹാദേവനെന്നാണ് ആശ്രമത്തിലെ വിളിപ്പേര്. കാനഡക്കാരന് മൈക്കിള്‍ മാധവനും റുഡാള്ഫ് റാപ്പിസൈദ എന്ന ഇറ്റാലിയല്‍ നാമമുപേക്ഷിച്ചാണ് സ്വാമി ‘നടരാജ്’ എന്ന പേര് സ്വീകരിച്ചത്. സനാതനധര്‍മ്മത്തെ പലപ്പോഴും തള്ളിപ്പറയുന്ന നമുക്ക് മുന്നില്‍ ആദരപൂര്‍വ്വം ആ സംസ്കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയ്യാറാകുന്നു എന്നത് എന്നില്‍ കൗതുകമുണര്‍ത്തി.
അതിരുമല ക്യാമ്പിലേക്ക് ഞങ്ങള്‍ നടന്നുതുടങ്ങി. മൃത്യുഞ്ജയമന്ത്രം ഒരല്പംപോലും അക്ഷരപിശകില്ലാതെ വിദേശസംഘം ജപിച്ചുകൊണ്ടിരുന്നു. കരമനയാര്‍, അട്ടയാര്‍ എന്നീ നദികള്‍ കടന്ന് നമ്മള് മുന്നിലേക്ക്. 16 കിലോമീറ്റര്‍ മാത്രമേ ഒരു ദിശയിലേക്ക് ഉള്ളൂവെങ്കിലും യാത്ര കഠിനം തന്നെ. ചെങ്കുത്തായ കയറ്റങ്ങളും, പുല്‍മേടുകളും, പാറക്കെട്ടുകളും കൊണ്ട് കാടിന്റെ വന്യതയും ഭംഗിയും വര്‍ദ്ധിച്ചു. ചുമലില്‍ ഘടിപ്പിച്ച ജിപിഎസ് സംവിധാനത്തിലൂടെ നാം നില്ക്കുന്ന സ്ഥാനം, പര്‍വ്വതത്തിലേക്കുള്ള ദൂരം എന്നിവ മാധവന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പലതവണ നമ്മുടെ കാലുകളില്‍ കുളയട്ട കടിച്ച് ചോര വാര്‍ന്നൊഴുകുമ്പോള്‍ മാത്രമേ അത് അറിയുന്നുള്ളൂ. ഉപ്പുപരലുകള്‍ ഉപയോഗിച്ച് അട്ടകളെ ഒഴിവാക്കി ഉത്സാഹത്തോടെ യാത്ര തുടര്‍ന്നു. ഒടുവില്‍ 4 മണിയോടെ അതിരുമല ക്യാമ്പില്‍….
അതിരുമലക്യാമ്പിന് സമീപത്തെ പാറക്കൂട്ടങ്ങളിലിരുന്നും കിടന്നും അഗസ്ത്യപര്‍വ്വതത്തെ നോക്കിക്കൊണ്ടിരുന്നു. തെക്കേ ഇന്ത്യയിലെ കൈലാസമായ അഗസ്ത്യപര്‍വ്വതം തലയുയര്‍ത്തി നില്ക്കുന്നു, ചെങ്കുത്തായ പാറ. താഴ്വരയില് മാത്രമേ പച്ചപ്പുള്ളൂ. ഇടയ്ക്കിടയ്ക്ക് മേഘശകലങ്ങള്‍ അഗസ്ത്യപര്‍വ്വതത്തെ തഴുകിപായുന്നു. ഓരോ തവണ പര്‍വ്വതത്തിലേക്ക് നോക്കുമ്പോഴും ഓരോ മനോഹരചിത്രം തെളിയുകയാണ്. മനസിനുള്ളില്‍ ഒരായിരം ഓര്‍മ്മകളും.
രാത്രി തീകാഞ്ഞിരിക്കുമ്പോള്‍ അടുത്തദിവസത്തെ യാത്രയെപ്പറ്റി ഞങ്ങള്‍ ചര്‍ച്ചചെയ്തു. യോഗയെക്കുറിച്ച് ഞാന്‍ എഴുതിയ പുസ്കതത്തെക്കുറിച്ച് സ്വാമിജി ചോദിച്ചറിഞ്ഞു- പിന്നെ ചര്‍ച്ചകള്‍ ആവഴിക്ക്.
രണ്ടാം ദിവസം 5.30ന് ഞാന്‍ കണ്ണുതുറക്കുമ്പോള്‍ ഇരുപത്തൊന്ന് സൂര്യനമസ്കാരങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു വിദേശസംഘം- അതിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി. അഗസ്ത്യദര്‍ശനത്തിനായി-
കൊടുംകാടും ചെങ്കുത്തായ പാറക്കെട്ടുകളും ഈറക്കാടുകളുമാണ് രണ്ടാംദിവസം നമ്മെ കാത്തിരിക്കുന്നത്. കാടിന്റെ നിഗൂഢതയും വന്യതയും യാത്രയെ ഒന്നുകൂടി ഹരമാക്കുന്നു. കയറ്റങ്ങള്‍ മാത്രമേ മുന്നിലുള്ളൂ. അതിരുമലയില്‍ നിന്ന് കാണുന്ന അഗസ്ത്യപര്‍വ്വതത്തെ ഒന്നുചുറ്റി പുറകുവശത്തു കൂടിയാണ് മുകളിലെത്തേണ്ടത്. ഹിമാലയത്തിലെ ഇരുപതും മുപ്പതും ദിവസം നീളുന്ന കഠിനയാത്രകള്‍ ചെയ്യുന്ന റാണ വനം ആസ്വദിച്ച്കൊണ്ട് മുന്നില്‍ നടന്നു. ഏറ്റവും ഒടുവിലായി സുഭാഷും- ഇടതുവശത്ത് മുകളിലായി സിംഹവാലന്‍ കുരങ്ങന്മാരും, മലയണ്ണാന്മാരും ചാടിമറിയുന്നു- ചില മുരള്‍ച്ചകള്‍ കേള്‍ക്കാം. മുകളിലേക്ക് കയറുംതോറും അതിരുമലയിലെ ക്യാമ്പ് ഒരു തീപ്പെട്ടി വലിപ്പത്തിലേക്ക് ചുരുങ്ങുന്നത് ഞങ്ങള്‍ നോക്കിനിന്നു.
മേഘങ്ങള്‍ ഞങ്ങളെ തഴുകിനീങ്ങി. അതിശക്തമായ കാറ്റ് മലകയറ്റത്തിന് തടസ്സമായി- മേഘാവൃതമായ അഗസ്ത്യപര്‍വ്വതത്തിലേക്ക് ഞാന്‍ ഒരു നിമിഷം നോക്കി- ബ്രഹ്മാണ്ഡമായി വളര്ന്നുനില്ക്കുന്ന ഒരു ശിവലിംഗരൂപം പോലെ അഗസ്ത്യപര്‍വ്വതം തലയുയര്‍ത്തി നില്ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരമുള്ള കേരളത്തിലെ പര്‍വ്വതം. പശ്ചിമഘട്ടമലനിരകളുടെ തെക്കേ അറ്റം. കരമന, കല്ലാര്‍, താമൃപര്ണി നദികളുടെ ഉദ്ഭവസ്ഥാനം- തദ്ദേശീയമായി മാത്രം വളരുന്ന നിരവധി ഔഷധസസ്യങ്ങളുടെ കലവറ. “പാപ്പിലോപെഡുലന്ഡ്രാറി”(ജമുശഹീ ജലറൗഹൗി ഉൃമൃശ) എന്ന അപൂര്‍വ്വയിനം ഓര്‍ക്കിഡ് ഇവിടെ മാത്രമേയുള്ളൂ എന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. മൂന്ന് തരം അണലികളും മൂര്‍ഖന്‍ പാമ്പുകളും ഇവിടെ ധാരാളം ഉണ്ട്. ആനക്കൂട്ടങ്ങളും കരടികളും ഇവിടെ സുലഭം.
ഒടുവില്‍ അഗസ്ത്യപര്‍വ്വതത്തിന്റെ ഒടുവിലത്തെ കൂറ്റന്പാറയ്ക്ക് താഴെ ഞങ്ങള്‍ എത്തി- അടിപതറിയാല്‍ അഗാധഗര്ത്തത്തിലേക്കാവും പതിക്കുക. അടിത്തെറ്റിക്കുന്ന കാറ്റും മേഘശകലങ്ങളും ഞങ്ങളെ തഴുകിപൊയ്ക്കൊണ്ടിരുന്നു. ഒരു നിമിഷം തെക്കിന്റെ ആദ്ധ്യാത്മികഗുരുവിനെ മനസാസ്മരിച്ചുകൊണ്ട് സര്‍വ്വശക്തിയും സംഭരിച്ച് ഞങ്ങള്‍ മുകളിലേക്ക് കയറി- ക്ഷീണം തോന്നിയപ്പോള്‍ മുഖത്തേക്ക് ആരോ ശക്തിയായി ഒരു പിടിവെള്ളം ചീറ്റിച്ചു. മഞ്ഞുമേഘങ്ങളുടെ കുസൃതിയാണെങ്കിലും മനസില്‍ അഗസ്ത്യസാന്നിദ്ധ്യം കൂടുതല്‍ പ്രകടമായി-
ഒടുവില്‍ അഗസ്ത്യദര്‍ശനം. ശിവാനന്ദയോഗാശ്രമ സ്ഥാപകന്‍ സ്വാമി വിഷ്ണു ദേവാനന്ദയും സംഘവും സ്ഥാപിച്ച അഗസ്ത്യ വിഗ്രഹത്തില്‍ യഥാവിധി പൂജാദികള്‍ നടത്തി- മൂന്ന് മണിക്കൂറോളം ഞങ്ങള്‍ ആ കൊടുമുടിയില്‍ കഴിഞ്ഞു. പുറത്ത് ശീതക്കാറ്റ് ആഞ്ഞുവീശുന്നുണ്ട്. എങ്കിലും അഗസ്ത്യവിഗ്രഹത്തിനരികെ മാതൃത്വമാര്‍ന്ന ഒരു ഇളം ചൂട്- അത് മനസിലേക്ക് സന്തോഷം പകരുന്നു- പ്രകൃതിയുടെ മനോഹാരിത ആവോളം ആസ്വദിച്ച് ഞങ്ങള്‍ ഇരുന്നു- ഇപ്പോള്‍ മേഘമൊഴിഞ്ഞ് ചുറ്റും ഭൂമിയുടെ വൈവിധ്യങ്ങള്‍ ദൃശ്യമായി. ചേപ്പാറ, നെയ്യാര്‍ അണക്കെട്ടുകള്‍, അതിനെ ചുറ്റിയുള്ള നദികള്‍, കൗതുകമുണര്‍ത്തുന്ന രൂപങ്ങളിലുള്ള കൊടുമുടികള്‍ മലനിരകള്‍ എല്ലാം- സ്വാമിജി സന്തോഷം കൊണ്ട് മതിമറന്നു- എന്നെ ചേര്‍ത്തുപിടിച്ച് അതു പറഞ്ഞു- താങ്ക്യൂ സോ മച്ച് മഹേഷ് ജി- വി മെയ്ഡ് ഇറ്റ്.
മനസുനിറയെ അഗസ്ത്യസ്വരൂപത്തിന്റെ തേജോമയമായ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് വീണ്ടും അതിരുമലക്യാമ്പിലേക്ക്- ഏവരുടേയും മുഖത്ത് സന്തോഷഭാവം- തെളിനീര് അരുവിയില്‍ ഒരു കുളികഴിഞ്ഞ് വീണ്ടും അഗസ്ത്യപര്‍വ്വതത്തിലേക്ക് നോക്കി ഞാന്‍ ഇരുന്നു-
ചെറുമേഘങ്ങള്‍ പര്‍വ്വതത്തെ വലംവയ്ക്കുന്നു- മേഘങ്ങള്‍ ചില രൂപങ്ങള്‍ പ്രാപിക്കുന്നു. അവ പര്‍വ്വതത്തെ നോക്കി അടുത്തു. ഞാന്‍ പര്‍വ്വതത്തിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി. പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ മനസിലൂടെ കടന്നുപോയി. ഞാന്‍ എന്തോ കണ്ടു. അതോ തോന്നലാണോ. കണ്ണുകള്‍ ചിമ്മി ഞാന്‍ ഒരിയ്ക്കല്‍ കൂടി നോക്കി. അതെ, കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. അഗസ്ത്യപര്‍വ്വതത്തില്‍ അഗസ്ത്യമുനിയുടെ പൂര്‍ണ്ണകായരൂപം തെളിഞ്ഞു വരുന്നു- കണ്ണ്, മൂക്ക്, താടി, കുടവയര്‍ അങ്ങിനെ എല്ലാം തികഞ്ഞ അഗസ്ത്യമുനിയുടെ വിരാട് പുരുഷഭാവം. ഞാന്‍ വിളിച്ചുകൂവി “സ്വാമിജി ദെയര്‍ ഈസ് അഗസ്ത്യ. ഞാന്‍ ആ രൂപം വിശദീകരിച്ചുകൊടുത്തു. ഏവരും അത്ഭുതപരതന്ത്രരായി പോയി. കഴിഞ്ഞ 12 വര്‍ഷവും ഞാന്‍ നോക്കിക്കണ്ട അഗസ്ത്യപര്‍വ്വതത്തില്‍ ആ രൂപം ഞാനെന്തേ കണ്ടില്ല. അതെന്തേ ഇതുവരെ ശ്രദ്ധിക്കപ്പെട്ടില്ല. ഞാന്‍ വിടര്‍ന്ന കണ്ണുകളോടെ സ്വാമിജിയെ നോക്കി- അദ്ദേഹം പറഞ്ഞു- ‘വി ആര് ബ്ലിസ്ഡ്’. ഞാനും അതേറ്റു പറഞ്ഞു, ‘യെസ് വി ആര്
ബ്ലിസ്ഡ്’
അഗസ്ത്യകൂടമലനിരകള് ചേര്‍ന്ന്
അഗസ്ത്യന് ശയിക്കുന്നതുപോലൊരു
രൂപം ഉള്ളതായി കേട്ടിട്ടുണ്ട്. എന്നാല്‍ ഈയൊരു അനുഭവം ഇതാദ്യമാണ്. കേരളം പ്രശസ്തമായ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു എന്ന് ഏവര്‍ക്കുമറിയാം- ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുദ്ധമത സര്‍വ്വകലാശാലകളിലൊന്നായ ശ്രീമൂലവാസവം കേരളത്തിലായിരുന്നു എന്ന സത്യം നിലനില്ക്കുന്നു. കൈലാസം ശിവന്റെ വാസസ്ഥാനമാണെന്ന് ഹൈന്ദവര്‍ കരുതുംപോലെ അഗസ്ത്യപര്‍വ്വതം ലോകഹിതേശന്റെ വാസസ്ഥാനമെന്ന് ബുദ്ധമതാനുയായികള്‍ കരുതിയിരുന്നുവെന്ന് രേഖകള്‍ ഉണ്ട്. അഗസ്ത്യപര്‍വ്വതം പൊതിയന്‍ മല എന്നാണ് അറിയപ്പെട്ടിരുന്നത്. ചൈനയിലും, ജപ്പാനിലുമുള്ള ബുദ്ധമത കേന്ദ്രങ്ങളില്‍ ഇപ്പോഴും “മൗണ്ട് പൊതാല” സ്മാരകങ്ങള്‍ ഉണ്ടെന്ന രേഖപ്പെടുത്തല്‍ ഒരു പക്ഷേ നമ്മെ അതിശയിപ്പിക്കും- കൂടുതല്‍ പഠനങ്ങള്‍ ഇതിനാവശ്യമാണ്.
ഏതായാലും ഭൗതികജീവിതത്തില്‍ നിന്ന് വിട്ടുമാറിയ മൂന്ന് ദിവസങ്ങള്‍. അഗസ്ത്യദര്‍ശനത്തിന്റെ സുഹൃദം മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മലയിറങ്ങി.
അഗസ്ത്യപര്‍വ്വതത്തില്‍ കണ്ട അഗസ്ത്യരുടെ പൂര്‍ണ്ണകായ രൂപം കണ്ണില്‍ നിന്ന് മായുന്നില്ല- ഏവരുടേയും മുഖത്ത് ശാന്തമായ പുഞ്ചിരി- എന്റെ ചുമലില്‍ തട്ടിക്കൊണ്ട് സ്വാമിജി പറഞ്ഞു- ‘വി വില്‍ കം ബാക്ക് ഹിയര്‍ എഗെയ്ന്’- ചെറുചിരിയോടെ ഞാന്‍ പറഞ്ഞു- ‘ഷുവര്‍ വി വില്‍ കം ബാക്ക് ‘- പിറകില്‍ മലനിരകള്‍ക്ക് പിന്നില്‍ നിന്ന് അഗസ്ത്യകൂടപര്വ്വതം ഞങ്ങളെ എത്തിനോക്കുന്നു- മടങ്ങി വരണം എന്ന് പറയും പോലെ.
-ഡോ. മഹേഷ് കിടങ്ങില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: