കഴിഞ്ഞദിവസം ടിവിയില്‍ വാര്‍ത്തകള്‍ക്കിടെ വയനാട്ടിലെ ആദ്യകാല ജനസംഘ പ്രവര്‍ത്തകനായ ചന്തുനായര്‍ അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ഒട്ടേറെ ഓര്‍മകള്‍ മനസ്സിലൂടെ പാഞ്ഞുപോയി. 1967 ല്‍ അന്നത്തെ കോഴിക്കോട് ജില്ലയിലെ ജനസംഘ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുമായി സുല്‍ത്താന്‍ബത്തേരിയില്‍ പോയപ്പോള്‍ ആദ്യം പരിചയപ്പെട്ട ഏതാനുംപേരില്‍ ചന്തുനായരുമുണ്ടായിരുന്നു. അന്നത്തെ തെക്കേ വയനാട് മണ്ഡലം കാര്യദര്‍ശിയായിരുന്നു ചന്തുനായര്‍. ബത്തേരി ബസാര്‍ തുടങ്ങുന്ന സ്ഥലത്ത് ആയുര്‍വേദ മരുന്നുകടയും വീടുമായി കൂടിയ എസ്.എസ്.പണിക്കരുടെ സ്ഥലമായിരുന്നു അന്നത്തെ താവളം. ബത്തേരിയില്‍ കൊണ്ടുപോയി പരിചയപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ മുന്‍ഗാമിയായിരുന്ന രാമന്‍പിള്ള എഴുതിത്തന്ന മേല്‍വിലാസങ്ങള്‍ ഉപയോഗിച്ച് മുന്‍കൂട്ടി പണിക്കര്‍ക്കും ചന്തുനായര്‍ക്കും കത്തയച്ചിരുന്നു. അവരുടെ മറുപടിയില്‍ ബസ്സിറങ്ങേണ്ട സ്ഥലവും മറ്റ് വിവരങ്ങളും അറിയിച്ചു. അതില്‍പടി പണിക്കരുടെ കടയില്‍ ചെന്ന് പരിചയപ്പെട്ടു.
ബത്തേരിയിലെ പ്രമുഖ പ്രവര്‍ത്തകരെയൊക്കെ അവരവിടെ വിളിച്ചുകൂട്ടിയിരുന്നു. മിക്കവാറുംപേര്‍ അവിടത്തെ എക്സ് സര്‍വീസ് മെല്ക്കോളനിയിലെ താമസക്കാരായിരുന്നു. രണ്ടാംലോക മഹായുദ്ധക്കാലത്ത് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച പട്ടാളക്കാരുടെ പുനരധിവാസത്തിനായി ബ്രിട്ടീഷ് ഭരണകാലത്ത് ആസൂത്രണം ചെയ്യപ്പെട്ടതും സ്വതന്ത്ര ഭാരതത്തില്‍ മദിരാശി സര്‍ക്കാര്‍ നടപ്പിലാക്കിയതുമായ വിപുലമായൊരു കുടിയേറ്റ പദ്ധതിയായിരുന്നു അത്. അമ്പലവയല്‍ മുതല്‍ ബത്തേരിവരെയുള്ള വിപുലമായ പ്രദേശത്ത് വ്യാപിച്ചുകിടന്ന കോളനിവാസികളായിരുന്നു സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും. മലബാറിന്റെ നാനാ ഭാഗങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ അവരില്‍പ്പെടും. കോളനിയില്‍ സ്ഥലം കിട്ടിയവര്‍ കാപ്പി, ഓറഞ്ച്, മഞ്ഞള്‍, ഇഞ്ചി, വാഴ മുതലായവ കൃഷി ചെയ്ത് സാമാന്യം നല്ല നിലയില്‍ കഴിയുന്ന കാലമായിരുന്നു അത്. എസ്.എസ്.പണിക്കര്‍ക്ക് വൈദ്യം, മന്ത്രവാദം എന്നിവയ്ക്ക് പുറമേ കണ്കെട്ട്, ചെപ്പടിവിദ്യ മുതലായ കൗശലങ്ങളും വശമായിരുന്നു. കടയില്‍ അദ്ദേഹത്തിന്റെ കണ്കെട്ട് വേഷത്തിലുള്ള ഫോട്ടോ കണ്ട് വിവരമന്വേഷിച്ചപ്പോഴാണ് ചെറുപ്പത്തില്‍ വയനാട്ടിലും പുറത്തും പ്രസിദ്ധനായിരുന്നു പണിക്കര്‍ എന്നറിഞ്ഞത്. പല പ്രസിദ്ധ കണ്‍കെട്ടുകാരുടെയും വെല്ലുവിളികള്‍ സ്വീകരിച്ച് മത്സരിച്ച് ജയിച്ചതും മറ്റും ചന്തുനായര്‍ മാത്രമല്ല കോഴിക്കോട്ടെ പ്രവര്‍ത്തകരായ പി.എന്‍.ഗംഗാധരനും എം.ശ്രീധരേട്ടനും പറഞ്ഞറിഞ്ഞു.
ബത്തേരി ടൗണ്‍ കാണാനായി നടന്നുനീങ്ങി. അന്നത് വലിയ പട്ടണമല്ല. ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണകാലത്ത് തന്റെ പീരങ്കിത്തിരകള് സ്ഥാപിച്ച കുന്നിന്മുകളില് റസ്റ്റ് ഹൗസും പോലീസ് സ്റ്റേഷനും ചില സര്‍ക്കാര്‍ ഓഫീസുകളുമുണ്ടായിരുന്നു. റോഡിന്നരികിലായി തകര്‍ന്നുകിടക്കുന്ന ഗണപതിക്ഷേത്രം കാണേണ്ടതാണെന്ന് ചന്തുനായര്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നു. ഒരു നൂറുമീറ്റര്‍ ചുറ്റളവിനകത്ത് ചിതറിക്കിടക്കുന്ന കരിങ്കല്‍ കഷ്ണങ്ങളാണ് ഗണപതി ക്ഷേത്രത്തിന്റെ ഭാഗമായി ശേഷിച്ചത്. താഴെ ഒരു കുളവുമുണ്ടായിരുന്നു. ശ്രീകോവില്‍ ഒരു കല്ക്കൂമ്പാരം. അതിന്റെ മധ്യത്തില്‍ കൈകളും തുമ്പിക്കൈയും കിരീടവും തകര്‍ന്ന ഏതാണ്ട് 15അടി ഉയരമുള്ള ഗണപതിവിഗ്രഹം. ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്ഠകളെല്ലാം പൊട്ടിത്തകര്‍ന്ന് ചിതറിക്കിടക്കുന്നു. ഗണപതി വിഗ്രഹത്തിനടുത്ത് ആരോ കുറേ പൂക്കള്‍ അര്‍പ്പിച്ചിരിക്കുന്നു. ഒരു തിരി കത്തിക്കരിഞ്ഞതും കണ്ടു.
ടിപ്പുസുല്‍ത്താന്റെ പീരങ്കിനിര ഉതിര്‍ത്ത വെടിയുണ്ടകളാണ് ക്ഷേത്രത്തെ തകര്‍ത്തതത്രേ. അതിന്റെ കല്ലുകള്‍ തന്റെ താവളത്തിന് ചുറ്റും കോട്ട പണിയാനെടുത്തുവെന്ന് പറയപ്പെടുന്നു. ബ്രിട്ടീഷുകാര്‍ സുല്‍ത്താനില്‍നിന്ന് മലബാര്‍ പിടിച്ചെടുത്തപ്പോള്‍ പീരങ്കിനിരകള്‍ കാണുകയും അവരതിന് സുല്‍ത്താന്‍സ് ബാറ്ററി എന്ന് പേര് നല്‍കുകയും ചെയ്തു. ബാറ്ററി നാട്ടുവഴക്കത്തില്‍ ബത്തേരിയായി.
കുലശേഖരസാമ്രാജ്യത്തോളം പഴക്കമുള്ളതാണ് ഗണപതിക്ഷേത്രമെന്ന് പുരാവൃത്തം. കന്നഡ ദേശത്തുനിന്ന് മലയാള നാട്ടിലേക്കുള്ള പടിവാതില്‍ പോലെയാണ് ആ സ്ഥലം. കുലശേഖരന്മാരുടെ സാമന്തന്മാരായിരുന്ന പുറക്കീഴ് നാടുവാഴികളാണ് ഗണപതിക്ഷേത്രം പണിയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ആസ്ഥലം ഗണപതിവട്ടം എന്നാണറിയപ്പെട്ടിരുന്നത്. പരദേശത്തുനിന്ന് വരുന്നവര്‍ ഗണപതിവട്ടത്ത് ചുങ്കം നല്‍കുകയും മഹാഗണപതിക്ക് വഴിപാടുകള്‍ നടത്തുകയും ചെയ്തിരുന്നുവത്രെ. വയനാട്, കോട്ടയം രാജവംശത്തിന്റെ കീഴിലായി എന്നും പറയപ്പെടുന്നു. പുറക്കീഴ് എന്ന നാടുവാഴി കുടുംബം ഇപ്പോഴും നിലവിലുണ്ടോ എന്നറിയില്ല. അയോധ്യയിലെ രാമക്ഷേത്രം പൊളിച്ച് ബാബര്‍ തല്‍സ്ഥാനത്ത് പള്ളി പണിയുകയാണ് ചെയ്തത്. ടിപ്പുസുല്‍ത്താന്‍ അതിനൊന്നും മെനക്കെട്ടില്ല. ഹിന്ദുജനങ്ങളുടെ ഹൃദയത്തെത്തന്നെ എന്നും തകര്‍ന്ന നിലയില്‍ കിടക്കാനായി അതങ്ങനെ തവിടുപൊടിയാക്കിയിടുകമാത്രം ചെയ്തു.
ടിപ്പുവിന്റെ ആക്രമണങ്ങള്‍ക്ക് മുമ്പ് വയനാട് വലിയ ജനപഥങ്ങളും വാണിജ്യകേന്ദ്രങ്ങളും നിറഞ്ഞിരുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ബത്തേരിയില്‍ത്തന്നെ പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലുള്ള ജൈനക്ഷേത്രം കാണാം. അതിന്റെ മുകള്‍ വരെയുള്ള ചുറ്റുപ്രദേശം ഒരു ക്രിസ്ത്യന്‍ കോണ്‍വെന്റ് കരസ്ഥമാക്കിവെച്ചിരിക്കുന്നത് കണ്ടു.
ശിലായുഗ സംസ്കൃതിയുടേതായ കൊളഗപ്പാറയിലെ എടക്കല്‍ ഗുഹകള്‍ അത്ഭുതം തന്നെയാണ്. ബത്തേരിയില്‍നിന്നും ഏതാണ്ട് 20 കി.മീറ്റര്‍ അകലെയുള്ള പുല്‍പ്പള്ളിയില്‍ സീതാ ലവകുശ ക്ഷേത്രങ്ങളുമുണ്ട്. പനമരത്തിനടുത്ത് മുത്തങ്ങാടിയും ഒട്ടേറെ ശിലാക്ഷേത്രങ്ങളും കാണാം.
ബത്തേരിയില്‍ സംഘശാഖകള്‍ ആരംഭിച്ചശേഷം അവിടത്തെ ഹിന്ദുക്കള്‍ക്ക് ഗണപതിവട്ടം പുനരുദ്ധാരണത്തില്‍ താല്‍പ്പര്യമുണ്ടായി. അതില്‍ മുന്നിട്ടുനിന്നത് ചന്തുനായര്‍ തന്നെയായിരുന്നു. സംഘത്തിന് പുറത്തുള്ളവരും പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് മുന്നോട്ടുവന്നു. പുനരുദ്ധാരണത്തിന്റെ ഓരോ ഘട്ടവും നാട്ടുകാര്‍ ആഘോഷമാക്കിയെന്നുപറയാം. പ്രശ്നവിചാരവും പഴയ ശിലാഖണ്ഡങ്ങള്‍ മാറ്റലും മറ്റും വമ്പിച്ച ബഹുജനാവേശത്തോടെയാണ് നടന്നത്.
അക്കാലത്ത് ബത്തേരിയില്‍ രത്നാകരന് പ്രചാരകനായിരുന്നു. അവിടെയടുത്ത് ബീനാച്ചി എന്ന സ്ഥലത്തെ ഒരു മുതിര്‍ന്ന സ്വയംസേവക(പേര് ഗോപാലന് എന്നാണ് ഓര്മ)ന്റെ വീട്ടിലാണ് താമസം. ഞാനും ആദ്യം പോയപ്പോള്‍ അവിടെ കൂടി. ഒരു ഓറഞ്ച് മരത്തില്‍ കയറിയിരുന്ന് പഴുത്ത നാരങ്ങകള്‍ പറിക്കുന്ന രത്നാകരനെയാണ് അന്ന് കണ്ടത്. വീട്ടില്‍ ചെല്ലുന്നവരെ സ്വന്തം മധുര നാരങ്ങള്കൊണ്ട് സല്‍ക്കരിക്കുന്ന ധാരാളം വീടുകള്‍ അന്ന് വയനാട്ടിലുണ്ടായിരുന്നു.
അടുത്ത പ്രദേശങ്ങളിലേക്കും സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ക്രമേണ വ്യാപിച്ചു. ബിജെപിയുടെ സംസ്ഥാന നേതാക്കളില്‍ ഒരാളായ പി.സി.മോഹനന് മാസ്റ്റര്‍ ബത്തേരിക്കടുത്ത് നെന്മിനിയിലാണ് താമസിച്ചിരുന്നത്.
ചന്തുനായരുമൊത്ത് ബത്തേരി ബസാറിലൂടെ നടക്കുമ്പോള്‍ ‘ബേബി തങ്കപ്പന് സ്റ്റുഡിയോ’ കണ്ടു. തൊടുപുഴയില്‍ എന്റെ സഹപാഠിയായിരുന്നു ജോര്‍ജ് (ബേബി) സുഹൃത്തും ചേര്‍ന്ന് നടത്തിവന്ന സ്ഥാപനമാണത്. അവിടെ കയറി. ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാഗമം സന്തോഷമായി. എന്റെ ഒരു ഫോട്ടോ എടുക്കുകയും സ്റ്റുഡിയോയില്‍ മറ്റ് നേതാക്കളുടെ ചിത്രങ്ങളോടൊപ്പം വെക്കുകയും ചെയ്തിരുന്നു. പിന്നീടയാള്‍ ചലച്ചിത്ര വീഡിയോ മേഖലകളിലേക്ക് മാറി. പുല്‍പ്പള്ളി സ്റ്റേഷനാക്രമണം ബേബിയെടുത്തചിത്രങ്ങളാണ് മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചത്.
ചന്തുനായരുടെയും മറ്റും നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി ഗണപതിവട്ടം ക്ഷേത്രം യാഥാര്‍ത്ഥ്യമായി. ക്ഷേത്ര പുനരുദ്ധാരണത്തിന് ആദ്ധ്യാത്മികമായി പ്രചോദനം നല്‍കിയത് കൊളത്തൂരിലെ ഗുരുവരാനന്ദ സ്വാമികളായിരുന്നു. സ്വാമിജിക്ക് പുറമേ മുതിര്‍ന്ന സംഘപ്രചാരകനായിരുന്ന പി.മാധവനും അവരെ പ്രോത്സാഹിപ്പിച്ചു. നാശോന്മുഖമായ ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനുള്ള ആഹ്വാനവുമായി മലബാറില്‍ സഞ്ചരിച്ചുവന്ന കേളപ്പജി നാട്ടുകാരുടെ ഉത്സാഹത്തില്ഗണപതിവട്ടം ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത് കണ്ടാണ് തന്റെ ദൗത്യത്തിന്റെ ദിശ നിര്‍ണയിച്ചതെന്ന് ക്ഷേത്രസംരക്ഷണ സമിതിയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്ന വി.എം.കൊറാത്തിന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ക്ഷേത്രസംരക്ഷണസമിതിയുടെ സ്ഥാപനത്തിന് പ്രചോദനമായ ഒരുകാര്യം ഗണപതിവട്ടത്ത് നടന്ന പുനരുദ്ധാരണമാണ്.
ഭഗവതി, അയ്യപ്പന്, നാഗരാജാവ്, ശിവന് തുടങ്ങിയ ഉപദേവതകളും നാലമ്പലവുമൊക്കെയുള്ള മഹാക്ഷേത്രംതന്നെയായി ഇന്ന് ഗണപതിവട്ടം വളര്‍ന്നു. മുഴുവനും കരിങ്കല്ലില്‍ നിര്‍മിതമായ പഴയക്ഷേത്രം മനസ്സില്‍ കാണാനേ സാധിക്കുന്നുള്ളൂ. അന്നത്തെ മഹാഗണപതി വിഗ്രഹത്തിന്റെ സ്ഥാനത്ത് ഇന്ന് ചെറിയ വിഗ്രഹമാണുതാനും.
അടിയന്തരാവസ്ഥക്കുശേഷം എന്റെ ചുമതല ജന്മഭൂമിയിലായതിനാല്‍ വയനാട് സന്ദര്‍ശിക്കാന്‍ വിരളമായേ സാധിച്ചിരുന്നുള്ളൂ. അതിനിടെ 1980ലാണെന്നുതോന്നുന്നു, കേന്ദ്രസര്‍ക്കാരിന്റെ ഗിരിജനക്ഷേമ പദ്ധതികള്‍ സന്ദര്‍ശിക്കാനായി പത്രപ്രവര്‍ത്തകരുടെ ഒരു സംഘത്തിന്റെ ഭാഗമായി വയനാട്ടിലെത്താന്‍ അവസരമുണ്ടായി. ഒരു രാത്രി ബത്തേരി റസ്തൗസിലായിരുന്നു താമസം. ‘സഹമുറിയ’നായിരുന്ന ഇന്ത്യന്‍ എക്സ്പ്രസിലെ ഗോവിന്ദന്‍കുട്ടിയോടൊപ്പം ഗണപതിവട്ടത്ത് തൊഴാന്‍ പോയി. ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞുകേട്ടപ്പോള്‍ അതില്‍ താല്‍പ്പര്യം അദ്ദേഹത്തിനുണ്ടായി. ക്ഷേത്രക്കമ്മറ്റി ഓഫീസില്‍ ചന്തുനായരെ കാണാന്‍ കഴിഞ്ഞു. ഒട്ടേറെ നാളത്തെ കഥകള്‍ പറയാനുണ്ടായിരുന്നു. അവരുടെ ഭഗീരഥ പ്രയത്നം ഫലപ്രാപ്തിയിലെത്തിയതിന്റെ ചാരിതാര്‍ത്ഥ്യം മുഖത്ത് നിറഞ്ഞുനിന്നു. ക്ഷേത്രത്തിലെ ചുമതല വഹിച്ചിരുന്ന ഏതാനും സ്വയംസേവകരെക്കൂടി അദ്ദേഹം പരിചയപ്പെടുത്തി. ഞങ്ങള്‍ മാത്രം പിരിഞ്ഞു. ഗോവിന്ദന്‍കുട്ടിയും എന്നെപ്പോലെ സസ്യാഹാരം മാത്രം കഴിക്കുന്ന ആളായിരുന്നു. ക്ഷേത്രപരിസരത്തെ ഒരു സസ്യാഹാരശാലയില്നിന്ന് ചന്തുനായരുടെ അതിഥികളായി രാവിലത്തെ ഭക്ഷണവും കഴിച്ച് പിരിഞ്ഞു.
മുപ്പതുവര്‍ഷം മുമ്പ് അതായിരുന്നു അവസാന ബത്തേരി സന്ദര്‍ശനം. ചന്തുനായര്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ പഴയ സംഗതികള്‍ ഓര്‍ത്തുവെന്ന് മാത്രം.
-പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: