പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്തുകള്‍ മലയാള സിനിമയില്‍ വിരളമാണ്. അവരുടെ പാതയിലേക്ക് നര്‍മ്മത്തിന്റെ മേമ്പൊടിയുമായി കടന്നുവന്ന കൃഷ്ണപൂജപ്പുര ഇന്ന് ജനപ്രിയനാണ്. കൃഷ്ണപൂജപ്പുര എന്ന തിരക്കഥാകൃത്തിന്റെ സിനിമകള്‍ക്കായി ഒരു ആസ്വാദകവൃന്ദം രൂപപ്പെട്ടുകഴിഞ്ഞു. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ്, സകുടുംബം ശ്യാമള, ഫോര്‍ഫ്രണ്ട്സ്, ജനപ്രിയന് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ആസ്വാദ്യതയുടെ പുതിയതലങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരനുമായി.
കൃഷ്ണകുമാര്‍ കൃഷ്ണപൂജപ്പുരയാകുന്നത്
അച്ഛന് പരമേശ്വരന് തമ്പിയുടെ നാട് പാറശ്ശാലയാണ്. പാറശ്ശാലക്കാര്‍ക്ക് പൊതുവേ നര്‍മ്മബോധം കൂടുതലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന് നന്നായി തമാശപറയുമായിരുന്നു. അച്ഛന്റെ നര്‍മ്മം ശരിക്കും ആസ്വദിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ ബോബനും മോളിയുമൊക്കെ ഇഷ്ടകഥാപാത്രങ്ങളായി. കോളേജ് വിദ്യാഭ്യാസകാലത്താണ് എഴുത്തിന്റെ വഴിയിലേക്ക് കടക്കുന്നത്. നര്‍മ്മശകലങ്ങള്‍ എന്ന പേരില്‍ ചില പംക്തികള്‍ എഴുതിയിരുന്നു. അക്കാലത്ത് കൃഷ്ണകുമാര്‍ എന്നപേരില്‍ രണ്ട് മൂന്ന് എഴുത്തുകാരുണ്ടായിരുന്നു. സുഹൃത്തായ ഉദയകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണപൂജപ്പുരയെന്ന പേര് സ്വീകരിച്ചത്.
എഴുത്തിന്റെ ലോകത്തേക്ക്
കലാലയജീവിതം തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലായിരുന്നു. അതുകഴിഞ്ഞുള്ള കാലഘട്ടത്തിലാണ് എഴുതുന്നത് ശീലമാക്കിയത്. 1983ല്‍ മാതൃഭൂമിയിലാണ് ആദ്യ നര്മ്മലേഖനം പ്രസിദ്ധീകരിച്ചത്. മാധ്യമങ്ങളില്‍ പിന്നീട് കോളമിസ്റ്റായി. നാട് ഓടുമ്പോള്‍, കലികോലം, പകിടപന്ത്രണ്ട്, ഹാസ്യമഞ്ജരി, ചിരിഞ്ജീവികള് എന്നിങ്ങനെ അഞ്ച് പുസ്തകങ്ങള്‍. എം.ജി കോളേജിനായി സമര്‍പ്പിച്ച കലികോലത്തിന് സാഹിത്യ അക്കാദമി അവാര്‍ഡും ഇ.വി.കൃഷ്ണപിള്ള അവാര്‍ഡും ലഭിച്ചു.
സ്വാധീനിച്ച എഴുത്തുകാരന്
സഞ്ജയന്. ഇപ്പോഴും ആരാധിക്കുന്ന സാഹിത്യകാരന്. അദ്ദേഹത്തിന്റെ ശൈലിയില്‍ എഴുതാനായെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അവസരം കിട്ടുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു സൃഷ്ടി വായിച്ചിരിക്കും. വേളൂര്‍ കൃഷ്ണന്‍കുട്ടി, സുകുമാര്‍ എന്നിവരുടെ സൃഷ്ടികളും ഇഷ്ടമാണ്.
സിനിമയിലേക്ക്
99 മുതല്‍ ദൃശ്യമാധ്യമരംഗത്ത് സജീവമായി. മഹാത്മാഗാന്ധി കോളനി, ജനകീയം ജാനകി, ഇന്ദുമുഖി ചന്ദ്രമുഖി തുടങ്ങി 25ഓളം സീരിയലുകള്‍ക്കുവേണ്ടി കഥയെഴുതി. മഹാത്മാഗാന്ധി കോളനിയില്‍ സഹസംവിധായകനായിരുന്ന സജിസുരേന്ദ്രനും ഛായാഗ്രാഹകന്‍ അനില്‍നായരും പങ്കാളിയായിരുന്നു. 2008ല്‍ മൂന്നുപേരും അമ്മയ്ക്കായി എന്ന സീരിയലിനുവേണ്ടി വീണ്ടും യോജിച്ചു. സീരിയലിന്റെ ഷൂട്ടിംഗിനിടെയാണ് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സജീവ ചര്‍ച്ച വന്നത്. പ്രായമായ ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ ഉള്ള പ്രശ്നങ്ങളെ ആസ്പദമാക്കി ഒരു സിനിമ ചെയ്താലോ എന്ന് സജി ചോദിച്ചു. പാകതയില്ലാത്ത ഒരാള്‍ വിവാഹംചെയ്യുമ്പോള്‍ ഉണ്ടാകുന്ന കൗതുകവും രസകരവുമായ കഥ ഉടലെടുക്കുന്നത് അങ്ങനെയാണ്. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന്റെ കഥ രൂപപ്പെടുന്നതും. സീരിയല്‍ രംഗത്തുനിന്നുള്ളവര്‍ സിനിമ എടുത്താല്‍ നിര്‍മ്മാതാക്കളെ കിട്ടാത്തകാലമായിരുന്നു അത്. ഇതിനിടെ സജിയുമായി ഒരാവശ്യത്തിന് മദ്രാസില്‍ പോയി മടങ്ങുമ്പോള്‍ എന്റെ കസിന് ഗോപകുമാറിന്റെ ഓഫീസില്‍ കയറി കണ്ടിട്ടുപോകാമെന്ന് കരുതി. ബിസിനസുകാരനായ ഗോപകുമാറിന് സിനിമയോട് വല്യ പഥ്യമൊന്നുമില്ലായിരുന്നു. സംഭാഷണത്തിനിടയില്‍ ഇവര്‍ വിവാഹിതരായാല്‍ ചിത്രത്തിന്റെ കഥ പരാമര്‍ശിക്കപ്പെട്ടു. ഗോപകുമാറിന് കഥ ഇഷ്ടപ്പെട്ടു. ഞാന്‍ നിര്‍മ്മിക്കാം എന്ന് ഏല്ക്കുകയും ചെയ്തു. അങ്ങനെയാണ് ആദ്യസിനിമ യാഥാര്‍ത്ഥ്യമാകുന്നത്.
തിരക്കഥകള്ക്കുപിന്നിലെ കഥകള്‍
ഹാപ്പിഹസ്ബന്ഡ്സ് തമിഴ് സിനിമയായ ചാര്‍ളിചാപ്ലിന്റെ റീമേക്കായിരുന്നു. വനിതാ സംവരണബില്‍ പാസാക്കിയ സമയത്ത് സാമൂഹികജീവിതത്തില്‍ യാതൊരു പരിചയസമ്പത്തുമില്ലാത്ത സ്ത്രീകള്‍ ഭരണതലത്തിലെത്തുന്നതിനെക്കുറിച്ച് ഒരു ഉത്തരേന്ത്യന്‍ നേതാവ് നടത്തിയ പരാമര്‍ശത്തില്‍ നിന്നുള്ള ചിന്തയാണ് സകുടുംബം ശ്യാമളയ്ക്ക് കാരണമായത്. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ അടങ്ങിയ ചിത്രങ്ങളില്‍ നിന്നും മാറി ചിന്തിക്കണമെന്ന ആശയം ചര്‍ച്ചയായപ്പോള്‍ നടന് ജയറാം പറഞ്ഞ വിഷയമാണ് ഫോര്ഫ്രണ്ടസ് രൂപപ്പെടാനിടയാക്കിയത്.
സ്വന്തം ജീവിതത്തിലുണ്ടായ അനുഭവമാണ് ജനപ്രിയന്റെ കഥ. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഞാന്‍ പത്തുവര്‍ഷമായി അവധിയെടുത്താണ് തിരക്കഥാരംഗത്ത് സജീവമായിരുന്നത്. അടുത്തിടെ ജൂനിയര്‍ സൂപ്രണ്ടായി പ്രൊമോഷന് വന്നു. പ്രൊമോഷന് അംഗീകരിക്കണമെങ്കില്‍ വീണ്ടും കുറച്ചുദിവസം ജോലിയില്‍ പ്രവേശിക്കണം. ഇതിനായി ഓഫീസില്‍ ജോയിന്ചെയ്യാനിറങ്ങുമ്പോഴാണ് സുഹൃത്തും സംവിധായകനുമായ രാധാകൃഷ്ണന് മംഗലത്തിന്റെ വരവ്. രാധാകൃഷ്ണനോട് വിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ ഉരുത്തിരിഞ്ഞ സംശയമാണ് ജനപ്രിയന് എന്ന ചിത്രത്തിന് പ്രേരണയായത്.
സാധാരണയായി ഒരാള്‍ ദീര്‍ഘകാല ലീവെടുത്തുകഴിയുമ്പോള് ആ സ്ഥാനത്തേക്ക് പിഎസ്സിയില് നിന്നോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നോ നിയമനമുണ്ടാകും. ദീര്‍ഘകാല അവധിയെടുത്തയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ നിയമിക്കപ്പെട്ടയാള്‍ക്ക് ആ സ്ഥാനമൊഴിയേണ്ടിവരും. പിഎസ്സി വഴിയാണ് നിയമനമെങ്കില്‍ വകുപ്പില്‍ മറ്റേതെങ്കിലും ഒഴിവുകളുണ്ടെങ്കില്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കും. ചേട്ടന് സിനിമയുമൊക്കെയായി നടന്ന ശേഷം വീണ്ടും ചെല്ലുമ്പോള്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ദൂരെ എവിടെനിന്നെങ്കിലുമെത്തിയ ഒരാള്‍ വഴിമാറേണ്ടിവരില്ലേ എന്ന രാധാകൃഷ്ണന്റെ ചോദ്യം മനസ്സില്‍ തറച്ചു. ജനപ്രിയന്റെ ചിന്ത തുടങ്ങിയത് അവിടെനിന്നായിരുന്നു. വകുപ്പില്‍ മറ്റ് ഒഴിവുകളുണ്ടായിരുന്നതുകൊണ്ട് ഞാന്‍ തിരികെ എത്തി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പകരക്കാരന് പടിയിറങ്ങേണ്ടിവന്നില്ല.
തിരക്കഥകള്‍ രൂപപ്പെടുന്നത്
ആദ്യം സീന്‍ ഓര്‍ഡര്‍ തയ്യാറാക്കും. ഒറ്റ എഴുത്തില്‍ വരുന്ന സീനുകളാണ് തയ്യാറാക്കുക. പിന്നീടാവും അത് സംവിധായകരുമായി ചര്‍ച്ച ചെയ്യുക. പൊതുവേ മടിയനായ എഴുത്തുകാരനാണ് ഞാന്‍. അവസാന നിമിഷം എഴുതുക എന്നത് ശീലമാണ്. എഴുതുന്നത് ചര്‍ച്ചയ്ക്കും വെട്ടി തിരുത്തലുകള്‍ക്കും വേണ്ടി പിന്നീടധികം മിനക്കെടാറില്ല.
കഥാപാത്രങ്ങളില്‍ നടന് ജയസൂര്യയുടെ സാന്നിധ്യം
ആദ്യ സിനിമയിലെ നായകന് എന്ന സൗഹൃദമാണ്. കഥപറയാന്‍ മിടുക്കനല്ലാത്ത തിരക്കഥാകൃത്താണ് ഞാന്‍. എന്നാല്‍ കഥയില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജയന് വളരെ പെട്ടെന്ന് മനസ്സിലാവും. പരസ്പരം ഒരു വിശ്വാസമുണ്ട്. അങ്ങനെയുള്ള ഒരു താരമാകുമ്പോള്‍ ടെന്‍ഷനില്ല.
കുടുംബ ജീവിതങ്ങളിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കഥകളില്‍ പ്രതിഫലിക്കപ്പെടുന്നത്.
അറിയാതെ സംഭവിക്കുന്നതാണത്. അടിസ്ഥാനപരമായി ഞാന്‍ ഒരു കുടുംബജീവിയാണ്. വീട്ടിലെ സന്തോഷവും രസവും അനുഭവങ്ങളുമെല്ലാം എഴുത്തിലേക്ക് കടന്നുവരാറുണ്ട്. വീട്ടിലിരുന്ന് കഥയെഴുതുന്നതാണ് താല്പര്യവും. ഓരോ മനുഷ്യര്‍ക്കും ഓരോ രീതിയുണ്ടാവും. ഒരു പക്ഷേ ഒരു പ്രണയകഥ എഴുതുന്നതില്‍ ഞാന്‍ അതിവിദഗ്ധനായിരിക്കും.
കുടുംബത്തിന്റെ പിന്തുണ
കുടുംബ ജീവിതത്തിന്റെ പിന്തുണയാണ് ടെന്‍ഷനില്ലാതെ മുന്നോട്ടുനയിക്കുന്നത്. കഥ പറയുന്നത് ആദ്യം ഭാര്യ ശ്രീലതയോടും മകന് ഉണ്ണികൃഷ്ണനോടുമാണ്. എന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് പോയി അഭിപ്രായമറിയിക്കുന്നത് മകനാണ്. കഥാപാത്രങ്ങളെക്കുറിച്ചും കഥയെക്കുറിച്ചും ചര്ച്ചയുണ്ടാവാറുണ്ട്. രണ്ടുപേരും നല്ല വിമര്‍ശകരുമാണ്.
മലയാള സിനിമയില്‍ നല്ല തിരക്കഥകളുണ്ടാവുന്നില്ലെന്ന ആക്ഷേപം
പ്രതിഭകള്‍ എന്നുമുണ്ടാവില്ല. ഒരു മാവില്‍ വിരിയുന്ന പൂക്കളില്‍ 95 ശതമാനവും കൊഴിഞ്ഞുപോകും. അഞ്ച് ശതമാനത്തില്‍ മാത്രമേ ഫലമുണ്ടാവൂ. നല്ല സിനിമകളുടെ കാര്യവും അതുപോലെ തന്നെ. പരുത്തിവീരനോ ആടുകളമോ പോലൊരു ചിത്രം മലയാളത്തിലുണ്ടാവില്ല. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും സംസ്കാരത്തിനും അനുസൃതമായാണ് തിരക്കഥകള്‍ കൂടുതലുമുണ്ടാവുന്നത്. മലയാളത്തില്‍ പരിമിതമായ സാഹചര്യങ്ങളാണുള്ളത്. മനുഷ്യസ്നേഹവും നന്മയും അടിസ്ഥാനമാക്കിയുള്ള തിരക്കഥകളാണ് രൂപപ്പെടേണ്ടത്.
സീരിയല്‍ മേഖലയിലെ സംവിധായകരുമായുള്ള പങ്കാളിത്തം.
യാദൃച്ഛികമായി സംഭിവിക്കുന്നുവെന്നേയുള്ളൂ. സജി സുരേന്ദ്രനും രാധാകൃഷ്ണന് മംഗലത്തുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. ജനപ്രിയന്റെ സംവിധായകന് ബോബന് സാമുവലിനും സീരിയല്‍ പശ്ചാത്തലമുണ്ട്.
സീരിയല്‍ പശ്ചാത്തലമുള്ള വിജി തമ്പിയുടെ ചിത്രം വരാനിരിക്കുന്നു. ഉലകം ചുറ്റും വല്ലഭന്റെ സംവിധായകന് രാജ് ബാബുവിനും പഴയ ഒരു സീരിയല്‍ പശ്ചാത്തലമുണ്ട്.
വാണിജ്യ ചിത്രങ്ങളില്‍ നിന്നും ഒരു മാറ്റം
സ്വാഭാവികമായി സംഭവിക്കുകയാണെങ്കില്‍ അതുമുണ്ടാവും. അത്തരത്തില്‍ ഒരു ആശയമുണ്ടായാല്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.
പുതിയ കഥകള്‍
ജയസൂര്യ നായകനായി സജി സുരേന്ദ്രന്റെ കുഞ്ഞളിയന്. ജോലിയൊന്നുമില്ലാതെ അവഗണിക്കപ്പെട്ടു നടന്ന കുഞ്ഞളിയന് കാശുകാരനായി വരുമ്പോള്‍ ഒരു ഗ്രാമം സ്വീകരിക്കുന്നത് പശ്ചാത്തലമാക്കി നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രം. രാജ് ബാബു സംവിധാനം ചെയ്യുന്ന ഉലകം ചുറ്റും വല്ലഭന്, വിജി തമ്പിയുടെ നാടോടി മന്നന്, മമ്മൂട്ടി നായകനാകുന്ന സജി സുരേന്ദ്രന്റെ പുളുവടി മത്തായി.
-സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: