പട്ടാമ്പിക്കടുത്ത് മരുതൂരിലെ ആഞ്ഞത്ത് മനയില്‍ മധുസൂദനന് സോമയാജിപ്പാടിന്റേയും പാര്‍വതി അന്തര്‍ജനത്തിന്റെയും പുത്രനായി 1934 മെയ് 31 ന് (1109 എടവം 18) കൃഷ്ണന് നമ്പൂതിരി ജനിച്ചു. ഇല്ലത്തെ മുത്തശ്ശിക്കും അമ്മമാര്‍ക്കും അച്ഛനും ജ്യേഷ്ഠ സഹോദരന്മാര്ക്കും ജ്യേഷ്ഠ സഹോദരിക്കും ഓമനക്കുട്ടനായി കൃഷ്ണന് വളര്‍ന്നു. മുത്തശ്ശിയുടെ കൂടെ ഇല്ലത്തിനടുത്ത ക്ഷേത്രത്തില്‍ നിത്യവും ദര്‍ശനം കൃഷ്ണന് പതിവാക്കി.
തൊണ്ടിയന്നൂര്‍ പാറമനയിലെ രാമന് നമ്പൂതിരിപ്പാട് ഗുരുവായി കുടിപ്പള്ളിക്കൂട രീതിയില്‍ വിദ്യാഭ്യാസം തുടങ്ങി. ഒന്നാംക്ലാസിലേക്ക് ആവശ്യമായ പാഠങ്ങള്‍ക്ക് പുറമേ സിദ്ധരൂപം പാഠ്യവിഷയമാക്കി. അഞ്ചാം വയസ്സില്‍ ഉപനയനവും പത്താം വയസ്സില്‍ സമാവര്‍ത്തനവും കഴിഞ്ഞ് തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ ഒരു വര്‍ഷം ഓത്തു പഠനവുമുണ്ടായി. പട്ടാമ്പി നാഷണല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരുമറിയാതെ വീടുവിട്ടിറങ്ങി ഗുരുവായൂരിലെത്തി. തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് കയ്യിലുള്ള പണംകൊണ്ട് വഴിപാടുകളും ചെയ്ത് ക്ഷേത്രത്തില്‍ തൊഴുതു. തന്റെ ജ്യേഷ്ഠ സഹോദരന് ആഞ്ഞം മാധവന് നമ്പൂതിരി ഗുരുവായൂരിലുണ്ടല്ലോ എന്ന സമാധാനം കൃഷ്ണന്‍നമ്പൂതിരിക്കുണ്ടായി. ഇല്ലെന്നറിഞ്ഞപ്പോള്‍ അല്‍പ്പം ആശങ്കക്കിടയാക്കി. യാത്ര പുറപ്പെട്ടുവല്ലോ, എറണാകുളം വരെ പോകാന്‍ തീരുമാനിച്ച് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ടിക്കേറ്റ്ടുക്കാന്‍ വരിയില്‍ നില്‍ക്കുമ്പോഴാണ് ജ്യേഷ്ഠ സഹോദരന് പരമേശ്വരന് നമ്പൂതിരി കൈയ്ക്ക് പിടിച്ചത്. തിരിച്ച് ഇല്ലത്ത് വന്നു. 1950 ല്‍ പതിനാറാം വയസ്സില്‍ തന്റെ ജ്യേഷ്ഠനും കൂടിയായ തിരുനാമാചാര്യന്റെ ശിഷ്യനായി ഗുരുവായൂരിലെത്തി. തിരുനാമാചാര്യന്റെ കൂടെ സപ്താഹ വേദികളിലും നാമജപ യജ്ഞങ്ങളിലും നിരന്തരം പങ്കെടുത്ത് 1978 ല്‍ 20-ാം വയസ്സില്‍ ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ വെച്ച് ആദ്യമായൊരു ഭാഗവത സപ്താഹ യജ്ഞം നിര്‍വഹിച്ചു.(തിരുനാമാചാര്യന് ഒരു ശസ്ത്രക്രിയ നടത്തിയ കാലം). പിന്നീട് ജ്യേഷ്ഠന്റെ ഉപദേശപ്രകാരം സംസ്കൃത പണ്ഡിതനായ രാമചന്ദ്ര ശാസ്ത്രികളില്‍നിന്നും സംസ്കൃത ഭാഷയും സാഹിത്യവും കുറെ പഠിച്ചു.
ആദ്ധ്യാത്മിക രംഗത്ത് അനേക വര്‍ഷത്ത ഭക്തി പ്രകടനംകൊണ്ട് നാമജപങ്ങളുടേയും നാമസങ്കീര്‍ത്തനത്തിന്റെയും പ്രഭാവം, നാരായണ നാമജപത്തിന്റെ മാഹാത്മ്യം ഭക്തജന സഹസ്രമനസ്സുകളിലധിവസിപ്പിക്കുവാന്‍ ദൈവാനുഗ്രഹമുണ്ടായ തിരുനാമാചാര്യനെ കൃഷ്ണ് നമ്പൂതിരി ഗുരുവാക്കി. ഭാഗവതപാരായണം സാധ്യമാക്കാന്‍ ശിഷ്യന് നിര്‍ദ്ദേശവും കിട്ടി. ശ്രീകൃഷ്ണ ഭക്തനായി തിരുനാമജപവും ഭാഗവത പാരായണവും ഉപാസനാ മാര്‍ഗമാക്കി ഗുരുവിനെ അനുസരിച്ചു പരിചരിച്ചും ഭഗവത് കാര്യങ്ങള്‍ക്കെല്ലാം തിരുനാമാചാര്യന്റെ നിഴലെന്നവണ്ണം കേരളത്തിനകത്തും പുറത്തും കൃഷ്ണന് നമ്പൂതിരി പങ്കെടുത്തു.
1977 ല്‍ തിരുനാമാചാര്യന് അസുഖമായതില്‍ പിന്നീട് ഏതുവിധത്തില്‍ തിരുമേനിയെ ശുശ്രൂഷിക്കണമെന്ന് മനോവിഷമത്തിലായി. ജ്യേഷ്ഠന് ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ തനിക്ക് നിറവേറ്റാനാകുമോ എന്ന ആശങ്കയുണ്ടായി. കൃഷ്ണന് നമ്പൂതിരിയുടെ പ്രാര്‍ത്ഥനകള്‍ ഭഗവാന് കൈക്കൊള്ളുകയായിരുന്നു. തിരുനാമാചാര്യന് ആരോഗ്യം വീണ്ടെടുത്തു.
ഭാരതത്തിലാകമാനം കൃഷ്ണന് നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാവം ഭാഗവത സപ്താഹയജ്ഞത്തിലൂടെ ഭക്തജനങ്ങളറിഞ്ഞു. കേരളത്തിന് പുറത്ത് സ്വന്തം നിലക്ക് സപ്താഹയജ്ഞം മുംബൈയിലെ മാട്ടുംഗയില്‍ കൊച്ചു ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലാണ് ആദ്യമായി കൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചത്. ബദരീനാഥ്, ദില്ലി, ബറോഡ, കൊല്‍ക്കത്ത, മുംബൈ, ജംഷഡ്പൂര്‍, മദ്രാസ്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങി എല്ലാ മഹാക്ഷേത്രങ്ങളിലും ശ്രീമദ് ഭാഗവതയജ്ഞങ്ങള്‍ നിര്‍വഹിക്കാന്‍ ഭഗവല്‍കൃപയാല്‍ കൃഷ്ണന് നമ്പൂതിരിക്ക് ഭാഗ്യമുണ്ടായി. ഇന്ത്യക്ക് പുറത്ത് കേരളീയ ശൈലിയില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നിര്‍വഹിച്ച ആചാര്യനും കൃഷ്ണന് നമ്പൂതിരിയാണ്. 1992 ല്‍ ക്വാലാലംപൂരില്‍ ഭാഗവത സപ്താഹയജ്ഞം നിര്‍വഹിച്ച്, പിന്നീട് വിദേശങ്ങളില്‍ ധാരാളം സ്ഥലങ്ങളില്‍ കൃഷ്ണന് നമ്പൂതിരി യജ്ഞാചാര്യനായിട്ടുണ്ട്. തിരുനാമാചാര്യന്റെ അനുഗ്രഹാശിസ്സുകള്‍ മാത്രമാണിവയ്ക്ക് കാരണം എന്ന് കൃഷ്ണന് നമ്പൂതിരി പറയുക പതിവാണ്.
തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി 1988 മാര്‍ച്ച് 19 വെളുപ്പാന്‍ കാലത്ത് ഭഗവല്‍പദം പ്രാപിച്ചു. തിരുനാമാചാര്യന് തുടങ്ങിവെച്ച ഭഗവത് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തില്‍ പിന്നീടുള്ള കാലം കൃഷ്ണന് നമ്പൂതിരി നിറവേറ്റുന്നു. നിത്യനാമജപം, സാധുക്കള്‍ക്ക് നിത്യേന അന്നദാനം, മേക്കാട് സദ്ഗുരു സ്മാരക സപ്താഹം, വൈശാഖ-മണ്ഡല കാലങ്ങളില്‍ ഭാഗവത സപ്താഹയജ്ഞം, ശ്രീ ഗുരുവായൂരപ്പന് മാസിക, ഗുരുവായൂര്‍ ഏകാദശിക്കുള്ള ദശമി വിളക്ക് എന്നിവയും ഭക്തര്‍ക്ക്, ആരാധകര്‍ക്ക്, അഗതികള്‍ക്ക് അഭയകേന്ദ്രമായ ഗുരുവായൂരിലെ നാരായണാലയം പ്രവര്‍ത്തനങ്ങളും ആഞ്ഞം കൃഷ്ണന് നമ്പൂതിരി കുറവുകളൊന്നുമില്ലാതെ തിരുനാമാചാര്യന്റെ അതേ ശൈലിയില്‍ നടത്തിപ്പോരുന്നു.
ആഞ്ഞം കൃഷ്ണന് നമ്പൂതിരി ഭക്തര്‍ക്കെല്ലാം പ്രിയനാണ്. നാമം ജപിച്ചും നാമ സങ്കീര്‍ത്തനമാലപിച്ചും സ്വതസിദ്ധമായ ഹരേ, ഹരേ വിളികള്‍ ഭക്തരെയെല്ലാം സ്വീകരിച്ചാരാധിക്കുന്നതില്‍ തിരുനാമാചാര്യന്റെ അതേ ശൈലി നാമയുഗ ദീപം ആയി വിശേഷിപ്പിക്കുന്ന ആഞ്ഞം കൃഷ്ണന് നമ്പൂതിരിയില്‍ നാം കാണുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹത്തിന് 77 വയസ്സ് തികഞ്ഞു.
-പ്രഭാകരന് ഉണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: