ശബരിമല: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സുരക്ഷാ മാനുവല്‍ തയ്യാറാക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല , പമ്പ, എരുമേലി, തുടങ്ങി ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങളും സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തുന്ന തീര്ത്ഥാടനപാതകളും ഉള്‍പ്പെടുത്തി പോലീസ് വകുപ്പിന്റെ ചുമതലയിലാണ് സെക്യൂരിറ്റി മാനുവല്‍ തയ്യാറാക്കുന്നത്. പുല്ലുമേട്ടില്‍ ഒരു കോടി രൂപ ചെലവില്‍ 50 സോളാര്‍ എമര്‍ജന്‍സി ലാമ്പുകള്‍ സ്ഥാപിക്കും.
ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ മുന്‍ഗണന നല്‍കും. ശബരിമലയിലെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതലയില്‍ സ്പെഷ്യല്‍ സെല്ലും ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ മോണിട്ടറിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്.
ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റ പണികള്‍ക്കായി നൂറു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പു തന്നെ നിലയ്ക്കലിലെ വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട് മെറ്റലിംഗ് നടത്തി സൗകര്യം ഒരുക്കും. മണ്ഡല മകരവിളക്ക്കാലത്ത് പമ്പ മുതല്‍ നിലയ്ക്കല്‍വരെ കെ.എസ്.ആര്.റ്റി.സി. ബസുകള്‍ മാത്രം ഓടിക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അടുത്ത മാസം പ്രത്യേക യോഗം വിളിച്ചുകൂട്ടും.
കഴിഞ്ഞ വര്‍ഷം പുല്ലുമേട്ടില്‍ സംഭവിച്ചതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ട നടപടികള്‍ കാലേകൂട്ടി ചെയ്യുന്നതിനാണ് വളരെ നേരത്തെതന്നെ വിവിധ വകുപ്പുകളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ഈ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗവും ഉടന്‍തന്നെ ചേരുമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍, ബോര്‍ഡംഗം കെ. സിസിലി, സ്പെഷ്യല്‍ കമ്മീഷണര്‍ എച്ച്. പഞ്ചപകേശന് , ദേവസ്വം കമ്മീഷണര്‍ എന്‍. വാസു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: