ഹോങ്കോങ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്. ഫേസ്ബുക്ക് നിക്ഷേപം റിലയന്‍സ് ജിയോ സ്വീകരിച്ചതോടെയാണ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായത്. ചൈനീസ് വ്യവസായി ജാക്ക് മായേ പിന്തള്ളിയാണ് അംബാനി നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ലോകത്തിലെ പതിനേഴാമത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. 47 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
രാജ്യത്തിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ റിയലന്‍സ് ജിയോയിലാണ് അമേരിക്കന്‍ സമൂഹമാധ്യമ ഭീമന് ഫേസ്ബുക്ക് വന്‍ നിക്ഷേപം നടത്തിയത്. 5.7 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് 9.99 ശതമാനം ഓഹരിയാണ് ഫേസ് ബുക്ക് വാങ്ങിയത്.
കഴിഞ്ഞ ദിവസം ജിയോ ഉടമ മുകേഷ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച ജിയോ സേവനം 390 മില്യണ്‍ ഉപഭോക്താക്കളുമായി ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ഒന്നാമത്തെ മൊബൈല്‍ സേവന ദാതാക്കളായി മാറി. ഫേസ്ബുക്കുമായി മെസേജിങ് പ്ലാറ്റ്ഫോമുകള് ഒരുക്കുന്നതുള്‍പ്പെടെയുള്ള വാണിജ്യ കരാറുകള്‍ റിലയന്‍സ് ജിയോയ്ക്ക് നേരത്തെ ഉണ്ടായിരുന്നു. വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു വേണ്ടി ഈ കരാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
2014ല്‍ വാട്സ് ആപ്പിനെ സ്വന്തമാക്കുന്നതിന് ഫെയ്സ് ബുക്ക് നടത്തിയ ഇടപാടിന് ശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും വലിയ ഇടപാടാണ് ഇത്. ഇന്ത്യ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് വിപണിയിലെ ഒരു മുഖ്യ രാജ്യമാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയും ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: