ഇന്നത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പെട്ട പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറനാടന്‍-വള്ളുവനാടന്‍ പ്രദേശങ്ങള്‍ക്ക് സവിശേഷമായ ഒരു കലാപാരമ്പര്യമുണ്ടോ? കേരളത്തിലെ മറ്റ് പ്രദേശങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല ഈ ഭൂപ്രദേശത്തിന്റെയും കലാപാരമ്പര്യം എന്നാണ് ഉത്തരം.
ദേവാരാധന, ആചാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഭാരതത്തില്‍ കലകള്‍ ഉടലെടുത്തത്. ഇത്തരം കലകളെ മാര്‍ഗിയെന്നും ദേശിയെന്നും നാട്യശാസ്ത്രം വിഭജിക്കുന്നു. ഭാരതത്തിന്റെ സാംസ്കാരിക ഐക്യം വിളംബരം ചെയ്യുന്നതും ശൈലീകൃതവുമായ കലാരൂപങ്ങളാണ് മാര്‍ഗി എന്ന വിഭാഗത്തില്‍ പെടുന്നത്. പ്രാദേശികമായ കൂട്ടായ്മകളില്‍ രൂപം കൊണ്ടതും ശൈലീകൃതമല്ലാത്തതുമായ കലാരൂപങ്ങളെ ദേശി എന്നും വിളിച്ചു. ക്ളാസ്സിക്കല്‍ എന്നും നാടന്‍ എന്നുമുള്ള ഇന്നത്തെ നമ്മുടെ കലാവിഭജനം തന്നെയാണിത്. ദേശീ കലകള്‍ ഓരോന്നും രൂപമെടുക്കുന്നത് അതത് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരികഘടനയ്ക്കും കൂട്ടായ്മയുടെ ജീവിതരീതിക്കും അനുസരിച്ചായിരിക്കും. പ്രാദേശികവും സാമുദായികവുമായ സ്വാധീനങ്ങളിലൂടെയും ഭരണ-രാഷ്ട്രീയ ഇടപെടലുകളിലൂടെയും ദേശീ കലകളുടെ രൂപപ്പെടലും പരിണാമങ്ങളും സംഭവിക്കാറുണ്ട്. കലാസാഹിത്യരംഗങ്ങളില് കേരളത്തില്‍ പൊതുവായി സംഭവിച്ചിട്ടുള്ള ഈ പരിണാമങ്ങള്‍ വള്ളുവനാട്ടിലും സംഭവിച്ചിട്ടുണ്ട്. കലയുടെയും സംസ്കാരത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളിലൂടെ പുതിയ കലാരൂപങ്ങളുടെ നിര്‍മ്മിതിയും പഴയതിന്റെ രൂപപരിണാമവുമൊക്കെ കലാചരിത്രത്തിന്റെ പഠനത്തിലൂടെ തെളിയുന്ന വസ്തുതകളാണ്.
കേരളത്തിന്റെ ക്ളാസിക്കല്‍ കലാരൂപങ്ങള്‍ ഉടലെടുത്തതും വളര്‍ന്നതും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സഹസ്രാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ഇത്തരം കലാവതരണങ്ങള്‍ ഇന്നും കേരളത്തില്‍ തുടര്‍ന്നു പോരുന്നു. ക്ഷേത്രാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അനിവാര്യഘടകമെന്ന നിലയില്‍ നിന്ന് ഇവയില്‍ ചിലതെങ്കിലും മാറിയെങ്കിലും ദേവാരാധനയുടെ ഭാഗമായി അനുഷ്ഠിച്ചുപോരുന്ന ക്ളാസിക്കല്‍ കലകളുടെ സാന്നിധ്യം ഇന്നും കേരളത്തില്‍ സക്രിയമാണ്. ചാക്യാര്‍ കലകളാണ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ കലാരൂപങ്ങളെന്ന് കെ.പി.നാരായണ പിഷാരോടിയെ പോലുള്ള പണ്ഡിതന്മാര് നിരീക്ഷിച്ചിട്ടുണ്ട്. സംഘകാല കൃതിയായ ചിലപ്പതികാരത്തില് പറവൂര്‍ ചാക്യാര്‍ അഭിനയിച്ച ശിവപാര്‍വ്വതീനൃത്തത്തിന്റെ വര്ണനയുണ്ട്. കൂടിയാട്ടവുമായി ഈ നൃത്തത്തിനുള്ള ബന്ധം കണക്കിലെടുത്ത് ചാക്യാര്‍ കലകള്‍ക്ക് ആയിരത്തിയെണ്ണൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ടാകാമെന്നാണ് പിഷാരോടി സൂചിപ്പിക്കുന്നത്.
ഇരുന്നൂറിലേറെ കൊല്ലം മുമ്പ് ജീവിച്ച കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ഘോഷയാത്ര എന്ന കൃതിയില്‍ കേരളീയരുടെ കലാവിനോദങ്ങളെ കുറിച്ച് നടത്തിയ വിവരണം നമ്മുടെ കലാചരിത്രത്തിലെ ഒരു അദ്ധ്യായമായി കാണേണ്ടതുണ്ട്.
‘കൂത്തുണ്ടൊരുദിശി പാട്ടുണ്ടൊരുദിശി
ഓത്തുണ്ടൊരുദിശി കീര്‍ത്തനമൊരുദിശി
ആട്ടമൊരേടത്തഭ്യാസികളുടെ
ചാട്ടമൊരേടത്തായുധവിദ്യ
കൊട്ടുംകോലടി ചെപ്പടി തപ്പടി
തട്ടുമ്മേല്‍കളി തകിലും മുരശും
നാടകനടനം നര്‍മ്മവിനോദം
പാഠകപഠനം പാവക്കൂത്തും
മാറണിമുലമാര്‍മോഹിനിയാട്ടം
പാടവമേറിന പല പല മേളം
ചന്തം തടവിന ചതുരംഗങ്ങളു-
മന്തരഹീനം പകിടക്കളിയും
പന്തടി വീണാവേണുമൃദംഗം
ചിന്തും പേരണി പോരണിവിധവും
അന്തണരവരുടെ ശാസ്ത്രവിചാരം
ഗ്രന്ഥികളുടെ പടുമത്സരവാദം
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളു-
മെന്തിതു ചൊന്നാലില്ലവസാനം.’
(ഘോഷയാത്ര, കുഞ്ചന്‍ നമ്പ്യാര്‍)
കൂത്തുമുതല്‍ ശാസ്ത്രക്കളി വരെയും പാഠകം മുതല്‍ നാടകം വരെയുമുള്ള നിരവധി കലാരൂപങ്ങളെ നമ്പ്യാര്‍ ഇവിടെ പരാമര്‍ശിക്കുന്നു. ഇവയെല്ലാം കേരളത്തില്‍ പൊതുവെ നിലനിന്നിരുന്നതും മിക്കവയും ശൈലീകൃതവുമാണെന്നു പറയാം. സാമുദായിക സ്വാധീനം കൊണ്ടും മറ്റും കലാരൂപങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് മേല്‍പറഞ്ഞല്ലോ. അത്തരം മാറ്റങ്ങളെ വര്‍ത്തമാനസാഹചര്യത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യാന്‍ ഇത്തരം കലാവിവരണങ്ങളില്‍ നിന്ന് സാധിക്കും. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ‘കൊട്ടും കോലടി ചെപ്പടി തപ്പടി’ എന്ന വരിയില്‍ കൊട്ട് (വാദ്യമാവാം), കോലടി, ചെപ്പടി (ഇന്ദ്രജാലം), തപ്പടി (തപ്പ്കൊട്ട്) എന്നീ കലാരൂപങ്ങളാണുള്ളത്. ഇതില്‍ കോലടി എന്ന കല അതേപേരിലും കോല്‍ക്കളി എന്ന പേരിലും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. കോലാട്ടം എന്ന പേരില്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള കലാരൂപങ്ങളും (ശ്രീകൃഷ്ണഭക്തിപ്രധാനമാണ് ഈ കളിയുടെ പാട്ടുകള്‍ മിക്കവയും) ഇതിന്റെ വകഭേദം തന്നെ. കോല്‍ക്കളി പിന്നീട് മുസ്ളീം സമുദായം കൂടി ഏറ്റെടുത്തു. ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കോല്‍ക്കളി എന്നു പറഞ്ഞാല്‍ മിക്കവാറും മാപ്പിളക്കോല്‍ക്കളിയാണ്. ചുവടുകളിലും അംഗചലനങ്ങളിലും വ്യത്യാസങ്ങളില്ലാത്തതും പാട്ടില്‍ മാത്രം വ്യത്യാസമുള്ളതുമാണ് രണ്ട് തരം കോല്‍ക്കളികളും. തപ്പടി എന്നത് തപ്പ്കൊട്ടിക്കളിയാണ്. ഇതു തന്നെയാണ് ദഫ്മുട്ട് എന്ന മാപ്പിള കലാരൂപമായി മാറിയത്.
ഏറനാട്, വള്ളുവനാട് മേഖലയില്‍ ഉടലെടുത്ത നാടന്‍കലകളില്‍ ചിലത് ഇന്നും സക്രിയമായി നിലനില്‍ക്കുന്നുണ്ട്. അവ താഴെ പറയുന്നവയാണ്.
പൂതനും തിറയും- വള്ളുവനാട്ടിലെയും സമീപ്രദേശങ്ങളിലും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച പെരുമണ്ണാന് സമുദായക്കാര്‍ കെട്ടിയാടുന്ന കലാരൂപമാണ് പൂതനും തിറയും. വേലപൂരത്തിന്റെ എട്ടോ പത്തോ ദിവസം മുമ്പ് മുതല്‍ ഇവര്‍ വേഷമണിഞ്ഞ് ഗ്രാമത്തിലെ വീടുകളില്‍ എത്തി ആട്ടം നടത്തും. തുടിവാദ്യവും ഒപ്പമുണ്ടാകും. പൂതത്തിന് മുഖംമൂടിയും കിരീടവുമാണ് വേഷം. തിറക്ക് തലയില്‍ കയറ്റിവച്ച വലിപ്പമുള്ള കിരീടം മാത്രമാണുണ്ടാവുക. വലിയ കിരീടത്തിന്റെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങള്‍ കൈയില്‍ പിടിച്ചാണ് തിറയുടെ നൃത്തം. വീടുകള്‍ സന്ദര്‍ശിച്ച് അരിയും നെല്ലും പണവും സ്വീകരിക്കുന്ന പൂതനും തിറയും പൂരദിവസത്തില്‍ ഗ്രാമത്തിലെ ദേവീക്ഷേത്രത്തിലെത്തി അവിടെ നൃത്തം നടത്തിയ ശേഷമാണ് പിരിയുന്നത്.
നന്തുണിപ്പാട്ട്- വള്ളുവനാട്ടിലെ കാളീക്ഷേത്രങ്ങളില്‍ നന്തുണി എന്ന നാടന്‍ സംഗീതോപകരണം ഉപയോഗിച്ചു നടത്തുന്ന പാട്ടാണ് നന്തുണിപ്പാട്ട്. കളമ്പാട്ടിനാണ് ഇത് ഉപയോഗിക്കുന്നത്. കളമെഴുത്തും പാട്ടും കേരളത്തിന്റെ മിക്കഭാഗങ്ങളിലും വ്യത്യസ്ത സമുദായങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും വള്ളുവനാട്ടിലെ കളമ്പാട്ടിന്റെ പ്രത്യേകതയാണ് നന്തുണി എന്ന തന്ത്രിവാദ്യം. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു മരക്കഷണത്തില്‍ ഒരു കൊമ്പുകൈ കൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. പലകയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികള്‍ ഉണ്ടാകും. ചെറിയ ഒരു കോല് കൊണ്ട് തന്ത്രിയില്‍ തട്ടിയാണ് നാദം പുറപ്പെടുവിക്കുന്നത്.
നായാടിക്കളി- വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലെ പൂരത്തോടനുബന്ധിച്ച് പാണന് സമുദായത്തില്‍ പെട്ടവര്‍ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് നായാടിക്കളി. കാട്ടില്‍ നായാടാന് പോകുന്നവരുടെ വേഷം കെട്ടി ഇവര്‍ വീടുകള്‍ തോറും ചെന്ന് പാട്ടുപാടി കളിക്കും. രണ്ട് മുളവടികളാണ് വാദ്യോപകരണങ്ങള്‍. ഒന്ന് നീണ്ടതും മറ്റൊന്ന് കുറിയതുമായിരിക്കും. നീണ്ട വടി ഇടത്തെ കക്ഷത്തില്‍ ഉറപ്പിച്ച് ചെറിയ വടികൊണ്ട് അതില്‍ കൊട്ടി താളം പിടിച്ച് പാടും. തോളില്‍ മാറാപ്പും ഇട്ടിങ്ങലിക്കുട്ടി എന്ന് വിളിക്കുന്ന മരം കൊണ്ടുള്ള ചെറിയ പാവയുമായാണ് ഇവര്‍ വരുന്നത്. ഈ പാവയെ ഉപയോഗിച്ചുള്ള ഒരു തരം പാവകളിയും നായാടിക്കളിയുടെ ഭാഗമാണ്.
പടകളിത്തല്ല്- കടലുണ്ടി ഭാഗത്ത് നടക്കുന്ന ഒരു അനുഷ്ഠാന കലയാണ് പടകളിത്തല്ല്. വാവുത്സവത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. വാവുത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെ ദേവിയെ കുന്നത്ത് തറവാടിലേക്ക് ആനയിക്കുമ്പോള്‍ ആചാരപ്രകാരം കാരണവന്മാരും യുവാക്കളും പടകളിക്കണ്ടത്തില്‍ ഇറങ്ങുന്നതോടെ പടകളിത്തല്ലിന് തുടക്കമാകും. കടലുണ്ടിക്കാരും കരുവന്‍തുരുത്തിക്കാരും തമ്മിലാണ് തല്ല്. കോമരക്കാരനും അമ്പാളിക്കാരണവരും ചേര്‍ന്ന് കണ്ടം (വയല്‍) കലക്കിയ ശേഷം ചെളിയിലാണ് തല്ല് നടക്കുക.
പൂച്ചാരിക്കളി- കണക്കസമുദായത്തില്‍ പെട്ട സ്ത്രീകള്‍ തിരണ്ടുകുളി, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ അവതരിപ്പിക്കുന്ന കലാരൂപമാണ് പൂച്ചാരിക്കളി. മുടിയഴിച്ചിട്ട് തലയാട്ടി കൈകള്‍ കൊട്ടി പാട്ടുപാടി ചുവടുറപ്പിച്ചുള്ള ഈ കളിക്ക് മുടിയാട്ടത്തോട് സാദൃശ്യമുണ്ട്. ഈ കളിയുടെ പാട്ടുകളുമായി മാപ്പിളപ്പാട്ടിന് സാദൃശ്യമുണ്ട്.
ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ ക്ഷേത്രകലകളായ കൂത്തും കൂടിയാട്ടവും കഥകളിയുമൊക്കെ ആസ്വദിക്കാനുള്ള അവസരം അവര്‍ണര്‍ക്ക് ഇല്ലായിരുന്നു. തങ്ങളുടെ കലാസ്വാദനതത്പരതയും കലാപ്രകടനതത്പരതയും അവര്‍ സഫലീകരിച്ചത് മേല്പറഞ്ഞ നാടോടി കലാരൂപങ്ങളിലൂടെയായിരുന്നു. ആ കലാരൂപങ്ങളും ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടവയായിരുന്നെങ്കിലും ക്ഷേത്രമതില്‍കെട്ടിന് പുറത്തായിരുന്നു അവരുടെ പ്രകടനങ്ങള്‍ ഏറെയും. ക്ഷേത്രങ്ങളിലെ കൂത്തമ്പലത്തിലും മറ്റും അരങ്ങേറിയ ക്ളാസിക് കലാരൂപങ്ങളുടേതെന്ന പോലെ ഇത്തരം നാടന്‍ കലാരൂപങ്ങളുടെയും ഇതിവൃത്തവും പുരാവൃത്തവും ഹൈന്ദവപൂരാണങ്ങളെ ആധാരമാക്കിയുള്ളവയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: