ഡോ. ലക്ഷ്മിവിജയന്‍ വി.ടി.
‘സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം’ കാല്പനികമായ കവിഭാവനയല്ല ഇത്, ഒരു നാടിന്റെ ദൃഢനിശ്ചയമാണ്. പാരതന്ത്ര്യം നിലനിന്നിരുന്ന നൂറ്റാണ്ടുകളില്‍, സ്വാതന്ത്ര്യബോധത്തെ ആത്മാഭിമാനമായിക്കണ്ട ഭാരതീയര്‍ തങ്ങളാലാവും വിധം പ്രതികരിക്കണമെന്ന് ഉറച്ച തീരുമാനമെടുത്തവരായിരുന്നു. അത് സ്വാതന്ത്ര്യസമരത്തിന്റെ തീവ്രതലങ്ങളിലെത്തിയപ്പോള്, ക്രാന്തദര്‍ശികളായ കവികളുടെ വരികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വീര്യം പകര്‍ന്നു. ആജ്ഞാശക്തി പോലും വിജ്ഞാനത്തെ അനുഗമിക്കുമത്രെ! ആ വിജ്ഞാനത്തിന്റെ വിത്തുകള്‍ കാലാകാലങ്ങളില്‍, സാധാരണക്കാരുടെ ഹൃദയങ്ങളില്‍ പാകിവളര്ത്താന് സാഹിത്യപ്രതിഭകള്‍ പലവഴികള്‍ കണ്ടെത്തി. ഭാരതത്തിന്റെ സ്വാഭിമാനമായിരുന്നു നൂറ്റാണ്ടുകളോളം നീണ്ട സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണ. ആയിരത്തോളം വര്‍ഷം ഭാരതീയതയില്ലാത്ത ഭരണവും മേല്‍ക്കോയ്മയും ഊര്‍ജ്ജം കെടുത്തിയ അധിനിവേശകാലം. ഭാരതത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിലെ അസ്വസ്ഥമായ കാലഘട്ടം തന്നെയായിരുന്നു- ഭാരതത്തെ അവാങ്മുഖിയാക്കിയ കാലം!
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വൈചാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെല്ലാം തന്നെ സ്വാഭിമാനവും സ്വത്വവും നഷ്ടപ്പെട്ടവരായി മാറി, ഭാരതീയ സമൂഹം. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും’ എന്ന് ബാലഗംഗാധര തിലകന് പ്രഖ്യാപിച്ചത്, വ്രണപ്പെട്ടത് മാതൃഭൂമിയുടെ ആത്മാഭിമാനമാണെന്ന തിരിച്ചറിവിലാണ്. ജനിച്ചുവീണ മണ്ണിനെ അമ്മയായി കാണാന്‍ പഠിപ്പിക്കുന്നതാണ് ഭാരതത്തിന്റെ വിദ്യാഭ്യാസം. അമ്മയുടെ വേദനയില്‍ മുറിപ്പെടുന്നത് മക്കളുടെ നെഞ്ചകം കൂടിയാണ്.
ആത്മനിര്ഭരഭാരതത്തിലേക്കുള്ള സ്വാതന്ത്ര്യത്തുടിപ്പുകളാണ് നൂറ്റാണ്ടുകള്‍ നീണ്ട സമരപരമ്പരകളിലേക്ക് ഭാരതത്തെ നയിച്ചത്. ലോകചരിത്രത്തില്‍ എല്ലാ തരത്തിലും തലത്തിലും അതിന് സമാനമായി മറ്റൊന്നില്ല. ഭാരതസ്വാതന്ത്ര്യസമരചരിത്രത്തിന്റെ തുടക്കം എവിടെയാണെന്ന പുതുതലമുറയുടെ ചോദ്യം അന്തരീക്ഷത്തിലുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ആധിപത്യമുറപ്പിച്ചപ്പോഴാണോ, 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായപ്പോഴാണോ അതോ 1857ല്‍ നടന്ന സായുധവും സംഘടിതവുമായ പോരാട്ടം മുതലാണോ…. ഉത്തരം പലതാണ് ഉയരുന്നത്. എന്നാല്‍ ചരിത്രം അതിന്റെ താളുകള്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പിന്നെയും മറിക്കുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ മേഘപടലങ്ങള്ക്കുകീഴെ പെയ്തുതോരാതെ തിമിര്‍ത്ത സമരവീര്യങ്ങളുടെ ധീരഗാഥകള്‍ നമുക്ക് വായിച്ചെടുക്കാനാകും. ഏഴാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ മണ്ണിലേക്ക് അറബ് അധിനിവേശശക്തികള്‍ കടന്നുവന്നതുമുതല്‍ അത് പ്രകടമാണ്. ഒന്നിനുപിറകെ ഒന്നായി അധികാരം കൊതിച്ചും കച്ചവടലാഭം മോഹിച്ചും പിന്നെയും പലരും വന്നു. വന്നവര്ക്കെതിരെയെല്ലാം ഭാരതം പോരാടി. ഓരോ ഗ്രാമവും പ്രതിരോധത്തിന്റെ കൊടി ഉയര്‍ത്തി. ചെറുതും വലുതുമായ യുദ്ധങ്ങള്‍ നടത്തി. ഭാരതമൊട്ടാകെ അരങ്ങേറിയ ആ പോരാട്ടഗാഥകള്‍ പലതും എഴുതപ്പെടാതെ പോയി. സുദീര്‍ഘമായ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ത്രസിപ്പിക്കുന്ന ആ ഏടുകള്‍ക്ക് തുടക്കം എവിടെയാണെന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രാത്മാവിന്റെ സ്വത്വബോധത്തിലാണെന്ന് ഉറക്കെപ്പറയേണ്ടിവരും.
പ്ലാസി യുദ്ധത്തിന്റെ 1757 മുതല്‍ സ്വാതന്ത്ര്യം നേടിയ 1947 വരെ ഊര്‍ജ്ജ്വസ്വലമായ നിരവധി സമരപദ്ധതികള്‍ ഭാരതമൊട്ടാകെ നടത്തിവന്നിരുന്നു. വനവാസികള്‍ മുതല്‍ വിജ്ഞരായവര്‍ വരെ വിദേശികള്‍ക്കെതിരെ അണിനിരന്നു. വയനാടന്‍ കാടുകളില്‍ പഴശ്ശിപ്പെരുംപടപ്പോരില് അണിചേര്‍ന്ന് വിഷം തേച്ച അമ്പുകള്‍ കൊണ്ട് മാറ്റാനെ മുറിവേല്പിച്ച കുറുച്യവീരര് മുതല്‍ അഹിംസയെ ആയുധമാക്കി സഹനത്തിന്റെ ഗാന്ധിമാര്‍ഗം തെരഞ്ഞടുത്ത സമരധീരര്‍ വരെ ഈ പോര്‍വഴിയില്‍ നടന്നവരാണ്. അക്കൂട്ടത്തില്‍ മുന്നണിയിലും പിന്നണിയിലും നിറഞ്ഞുകത്തിയ അഗ്നിജ്വാലകളായി വീര്യംപകര്‍ന്ന പെണ്പെരുമയുമേറെയുണ്ട്, കേട്ടതും കേള്‍ക്കാത്തതുമായി ചരിത്രത്തിന്റെ വരികളില്‍ പെരുമയുള്ള ആ സമരവീര്യം ഏറെ ഒളിഞ്ഞും ഇടയ്ക്കലപനേരം തെളിഞ്ഞും ഒളിമങ്ങാതെ കിടപ്പുണ്ട്. അത്തരം ധീരസ്മൃതികളിലൂടെ സഞ്ചരിക്കുക എന്നത് ആത്മാഭിമാനമുള്ള ഒരു തലമുറയുടെ ദൗത്യമാണ്. സുദീര്‍ഘമായ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തില്‍ എല്ലാ മേഖലയിലും പെട്ടവര്‍, എല്ലാ ജനവിഭാഗങ്ങളിലും പെട്ടവര്‍, പ്രായത്തിന്റെ ഭേദമില്ലാതെ അടരാടി, ജീവന് ബലിയര്‍പ്പിച്ചു. അമൃതകാലം അമരമായ ആ ഓര്‍മ്മകളുടെ ജീവന് തുടിക്കുന്ന കാലം കൂടിയാണ്.
സ്വാതന്ത്ര്യസമരമെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുംമുന്നേ അനീതിക്കും അധര്‍മ്മത്തിനുമെതിരെ വിരല്‍ചൂണ്ടി എതിര്‍ത്തുനിന്ന കണ്ണകിമാര്‍ ഈ കാലത്തിന്റെയും ദേശത്തിന്റെയും അടയാളമായി മാറിയിരുന്നു. അവരുടെ പോരാട്ടങ്ങള്‍ പേരിനോ പെരുമയ്ക്കോ വേണ്ടിയായിരുന്നില്ല. അനാഥമായിപ്പോകുമായിരുന്ന സ്വന്തം രാജ്യങ്ങളുടെ ഭരണച്ചുമതലയടക്കം ചുമലിലേറ്റിയാണ് അവര്‍ അധിനിവേശത്തെ ചെറുത്തതും വെല്ലുവിളിച്ചതും. കഴിവുകേടിന്റെ കേഴലുകള്ക്ക് പെണ്ണ് എന്നല്ല പേരെന്ന് അവര്‍ പോരാട്ടവീര്യത്തിലൂടെ വിളിച്ചുപറഞ്ഞു. ‘മുറവിളിപ്പെണ്ണുങ്ങളുയര്ത്തുന്ന’ ജല്പനങ്ങളുടെ കയ്പുനീരിനെ പുരോഗമനമെന്ന് വിശേഷിപ്പിക്കുന്നതുതന്നെ അബദ്ധപഞ്ചാംഗം. ആ തിരിച്ചറിവിന്റെ പാഠം കൂടിയാണ് അമൃതോത്സവഗാഥകള്.
1. റാണി വേലുനാച്ചിയാര്‍ (1730-1796)
തമിഴകത്തുനിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിയ വീരവനിതയാണ് റാണി വേലു നാച്ചിയാര്‍. ശിവഗംഗയിലെ പെണ്വാഴുന്നോര് ആയിരുന്നു റാണി വേലുനാച്ചിയാര്‍. രാമനാഥപുരത്തെ രാജകുമാരിയായിരുന്ന അവര്‍, കുതിരസ്സവാരിയും ആയോധനകലയും യുദ്ധതന്ത്രങ്ങളും ചെറുപ്പത്തിലേ അഭ്യസിച്ചിരുന്നു. ഗദായുദ്ധത്തിലും വാള്പ്പയറ്റിലും പ്രവീണയായിരുന്നു. രാജാ ചെല്ലമുത്തു സേതുപതിയുടെയും റാണി സാകന്ധിയുടെയും (മുത്തത്താല്‍ നാച്ചിയാര്‍) മകളായ അവരെ വിവാഹം ചെയ്തത് ശിവഗംഗയിലെ മുത്തു വടുഗനാഥ പെരിയാവുടയ തേവര് ആയിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദ്ദു ഭാഷകളില്‍ നിപുണയായിരുന്നു. റാണി വേലു നാച്ചിയാര്‍. ‘കലയ്യാര്‍ കോയില്‍ യുദ്ധത്തില്‍’ തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ തന്റെ രാജ്യം തന്നെ വിട്ട് പലായനം ചെയ്യേണ്ടി വന്നു.
ഡിണ്ടിഗലിനടുത്ത് വിരുപാച്ചിയില്‍ താമസിച്ച ആ കാലഘട്ടത്തില്‍ അവര്‍ സൈന്യസന്നാഹം നടത്തുകയും എട്ടോളം വര്‍ഷത്തെ ആസൂത്രണങ്ങള്ക്കുശേഷം ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത് വിജയിക്കുകയും ചെയ്തു. ആ പോരാട്ടത്തിന്റെ വിജയകാരണങ്ങളില്‍ പ്രധാനം ബ്രിട്ടീഷുകാരുടെ ആയുധപ്പുര കണ്ടെത്തി നാമാവശേഷമാക്കാനായതു തന്നെയായിരുന്നു. പിന്നീട് റാണി നാച്ചിയാര്‍ക്കും സേനയ്ക്കും മുന്നില്‍ പിടിച്ചുനില്ക്കാന് ബ്രിട്ടീഷ് സൈന്യത്തിനായില്ല. അങ്ങനെ ഇംഗ്ലീഷുകാരെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച റാണി വേലുനാച്ചിയാര്‍ ‘വീരമങ്ക’ എന്ന പേരില്‍ പ്രശസ്തയായി.
2. കുയിലി എന്ന ചാവേര്‍ (മരണം-1780)
ചരിത്രത്തിലെ ആദ്യ പെണ്‍ചാവേര്‍, അതായിരുന്നു കുയിലി. റാണി വേലു നാച്ചിയാരുടെ വിശ്വസ്ത. ബുദ്ധികൊണ്ടും കായികാഭ്യാസ പ്രാവീണ്യംകൊണ്ടും കഴിവുതെളിയിച്ച കുയിലിയെ, റാണി ഉദൈയാള്‍ പടയുടെ നായികയായിരുന്നു കുയിലി. പിന്നീട് തന്റെ കഴിവിലൂടെ റാണിയുടെ സര്‍വസൈന്യാധിപ പദവിയിലെത്താന്‍ തക്ക വൈദഗ്ധ്യം അവരുടെ യുദ്ധതന്ത്രത്തിനുണ്ടായിരുന്നു. ദളിത്, സാംബവ വംശജയായിരുന്നു കുയിലി. പെരിയാ മുത്തന്റെയും രാകുവിന്റെയും മകള്‍. നാച്ചിയാരുടെ ചാര സംഘത്തിലെ അംഗമായിരുന്ന അച്ഛന് ചൊല്ലിക്കൊടുത്ത രാജ്യസ്നേഹത്തിന്റെ പാഠങ്ങളാണ് കുയിലിയുടെ പാരമ്പര്യം.
ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ആരംഭിക്കുന്ന നേരത്താണ് അവരുടെ ആയുധപ്പുര കണ്ടെത്താന്‍ ശിവഗംഗയിലെ റാണിയുടെ ആളുകള്ക്കായത്. കോട്ടയിലെ ആ ആയുധസന്നാഹം ഇല്ലാതാക്കുന്നത് എങ്ങനെ എന്നത് ഒരു സമസ്യയായിരുന്നു. അതിനിടയില്‍ വന്ന വിജയദശമി ആഘോഷങ്ങളെ മറയാക്കി കോട്ടയാക്രമിക്കാന് ശിവഗംഗയിലെ സൈന്യം പദ്ധതിയിട്ടു. അന്നവിടെ നിയോഗിക്കപ്പെട്ടത് പെണ്‍പോരാളികളായിരുന്നു. ആ സ്ത്രീകള്‍ വിജയദശമി ദിവസം നിരായുധരായി വെളുത്ത വസ്ത്രം ധരിച്ച് ശിവഗംഗയിലെ കോട്ടയിലെത്തുകയും കോട്ടയ്ക്കകത്തെ രാജരാജേശ്വരി ക്ഷേത്രത്തില്‍ പൂജ നടത്തുകയും ചെയ്തു. അതിനിടയില്‍ കുയിലി പൂജാസാമഗ്രികളിലെ നെയ്യെടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ച്, വിളക്കിലെ തീയില്‍ സ്വയം ആളിപ്പടര്‍ന്ന് ആയുധപ്പുരയിലേക്ക് കുതിച്ചു. നിമിഷനേരത്തെ സ്ഫോടനം ആ ആയുധപ്പുരയെ നാമാവശേഷമാക്കി. അന്നത്തെ ആ ആത്മാഹുതി വിജയത്തിലേക്കുള്ള പൊന്‍വെട്ടമായിരുന്നു. എങ്കിലും, കുയിലി എന്ന യുദ്ധതന്ത്രജ്ഞയുടെ വീരമൃത്യു രാജ്യത്തെ തന്നെ സ്തബ്ധമാക്കാന്‍ പോന്നതായിരുന്നു.
ചരിത്രം കണ്ട ആദ്യ പെണ് ചാവേര്‍ പടയാളിയായിരുന്നു കുയിലി. ശിവഗംഗയില്‍ സംസ്ഥാന സര്‍ക്കാര്‍ കുയിലിക്കായി ഒരു സ്മാരകം ഉണ്ടാക്കി എന്നതൊഴിച്ചാല്‍, ആ ജീവത്യാഗത്തിന് പില്ക്കാലം വേണ്ടത്ര അംഗീകാരം നല്‍കിയിട്ടില്ല.
ബ്രിട്ടീഷ് പതനത്തിന് തുടക്കമിട്ടതില്‍ കുയിലിയുടെ പങ്ക് സ്തുത്യര്‍ഹമാണ്. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ നേരിട്ടറിഞ്ഞ ആദ്യ പരാജയങ്ങളില്‍ ഒന്ന്, ഒരു സ്ത്രീരത്നത്തില്നിന്നായിരുന്നു എന്നതും ചരിത്രമാണ്.
3. കിട്ടൂര് ചെന്നമ്മ (1778-1829)
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഭാരതത്തിലെ നാട്ടുരാജ്യങ്ങള്‍ക്ക് പലപ്പോഴും തനിച്ച് യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി ആധിപത്യവും മേല്‍ക്കോയ്മയും സമ്പാദിച്ച് അവയെ തങ്ങളുടെ ഭരണത്തിലാക്കാനുള്ള വ്യഗ്രത ബ്രിട്ടീഷുകാരില്‍ വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ രാജാവു മരണപ്പെട്ടാലും തലകുനിക്കാതെ സ്വരാജ്യത്തിന്റെ അഭിമാനവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ ഇവിടുത്തെ രാജ്ഞിമാരും പ്രതിബദ്ധരായിരുന്നു. അത്തരം ധീരവനിതകളിലൊരാളാണ് കര്‍ണാടകയിലെ ഉള്‍നാടന്‍ ഗ്രാമമായ കിട്ടൂരിലെ ചെന്നമ്മ.
കുതിരസവാരിയിലും ആയോധനകലയിലും ചെറുപ്പത്തില്‍ത്തന്നെ പ്രാവീണ്യം നേടിയിരുന്നു ചെന്നമ്മ. ദേസായ് കുടുംബത്തിലെ മല്ലസര്ജ്ജയുടെ ഭാര്യയായിരുന്നു, ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട അവര്‍. ബ്രിട്ടീഷുകാര്‍ ദത്താവകാശ നിരോധന നിയമം നടപ്പാക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പുത്രന്റെ മരണശേഷം ശിവലിംഗപ്പ എന്ന കുഞ്ഞിനെ ചെന്നമ്മ ദത്തെടുത്തെങ്കിലും, ആ കുഞ്ഞിനെ അനന്തരാവകാശിയായി അംഗീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറല്ലായിരുന്നു. മാത്രവുമല്ല, ഈ പ്രവൃത്തിയില്‍ കുപിതരായ അവര്‍ കിട്ടൂരിലെ രത്നങ്ങളും വജ്രങ്ങളുമുള്പ്പെടുന്ന സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്തു.
ഭര്‍ത്താവിനെയും പുത്രനെയും നഷ്ടപ്പെടുകയും ദത്തുപുത്രനെ അംഗീകരിക്കാന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍, 1824ല്‍ ചെന്നമ്മ വീരോചിതമായി കമ്പനിക്കെതിരെ പടപൊരുതുകയും ബ്രിട്ടീഷ് മുന്നേറ്റത്തെ തോല്‍പ്പിക്കുകയും ചെയ്തു. അന്ന് റാണി ചെന്നമ്മയോട് യുദ്ധം ചെയ്യാനുണ്ടായിരുന്നത് രണ്ടായിരത്തോളം സൈനികരും നാനൂറോളം പീരങ്കികളുമായണിനിരന്ന ബ്രിട്ടീഷ് സൈന്യവുമായിരുന്നു. പിന്നീട് കൂടുതല്‍ സൈന്യ സജ്ജീകരണങ്ങളുമായി കിട്ടൂരിനെ ആക്രമിച്ച ബ്രിട്ടീഷുകാര്‍ ചെന്നമ്മയെ പരാജയപ്പെടുത്തുകയും തടവിലാക്കുകയും ചെയ്തു. തന്റെ മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുധമേന്തിയ കിട്ടൂര് ചെന്നമ്മ എന്ന ധീര വനിത 1829 ഫെബ്രുവരി 21 ന് തന്റെ അമ്പതാം വയസ്സില്‍ ബെയ്ല്ഹൊങ്കന് ഫോര്‍ട്ട് ജയിലില്‍ വീരചരമം പ്രാപിച്ചു.
4. ഭീമാബായ് ഹോള്‍ക്കര്‍ (1795-1858)
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ രേഖപ്പെടുത്തിയ പ്രധാനപ്പെട്ട പേരുകളില്‍ ഒന്നാണ് ഭീമാബായ് ഹോള്ക്കറിന്റേത്. ഇന്‍ഡോര്‍ മഹാരാജാവ് യശ്വന്ത് റാവുഹോള്ക്കറിന്റെ മകളും അഹല്യബായ് ഹോള്‍ക്കറിന്റെ പേരക്കുട്ടിയുമായിരുന്നു ഭീമാബായ്. ചെറുപ്പത്തില്‍ത്തന്നെ വിധവയാകേണ്ടി വന്നെങ്കിലും രാജ്യത്തോടുള്ള കടമയും സ്നേഹവും ഭരണസ്ഥാനത്തേക്കും, തുടര്‍ന്ന് തങ്ങളെ അടക്കിവാഴുന്ന ബ്രിട്ടീഷുകാരെ നേരിടുന്നതിലേക്കും നയിച്ചു. 1817 ല്‍ 22-ാം വയസ്സില്‍ ഗറില്ലാ യുദ്ധത്തില്‍ ഇന്‍ഡോര്‍ സൈന്യത്തെ നയിച്ച് ഭീമാബായ് ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ചു. പിന്നീട് മഹിദ്പൂര്‍ യുദ്ധത്തില്‍ 63 പീരങ്കിപ്പടയുമായി പോരടിക്കാന്‍ വന്ന ബ്രിട്ടീഷ് സൈന്യത്തെ വെറും 2500 ഭടന്മാരുമായി ഭീമാബായ് നേരിട്ടു. പരാജയം പലകുറി നേരിട്ട വെള്ളപ്പട്ടാളം സുദീര്‍ഘമായ യുദ്ധമാണ് മഹിദ്പൂരില്‍ നടത്തിയത്. ഒടുവ്ല രാജ്യത്തിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ടെങ്കിലും തളരാത്ത ധീരതയുടെ അടയാളമായി ഭീമബായ് ഹോള്‍ക്കര്‍ നിലകൊണ്ടു.
5. ഝല്കാരിബായി (1830-1858)
ക്ഷാത്രവീര്യത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ചു പോരാടിയ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയുടെ വനിതാ ബ്രിഗേഡിയിലെ പ്രധാനിയായിരുന്നു ഝല്കാരിബായ്. ദേശസ്നേഹവും രാഷ്ട്രാഭിമാനവും ഹൃദയവികാരമാക്കിയ ഇത്തരം സ്ത്രീരത്നങ്ങളായിരുന്നു ഭാരതത്തിന്റെ സമ്പത്ത്. സൂക്ഷ്മബുദ്ധിയും ദൂരക്കാഴ്ചയും ഝാന്‍സിറാണിയുടെ ഉപദേശകയുടെ തലത്തിലേക്ക് വരെ ഝല്കാരിബായിയെ എത്തിച്ചു ഒറ്റനോട്ടത്തില്‍ റാണിയുമായി രൂപസാദൃശ്യമുണ്ടായിരുന്നു ഝല്‍കാരി ബായിക്ക്. ബ്രിട്ടീഷ് സൈന്യം ഝാന്‍സി വളഞ്ഞ് പിടിച്ചടക്കാന്‍ തുടങ്ങിയ പ്പോള്‍ റാണിയുടെ വേഷത്തില്‍ മുന്നില്‍നിന്ന് യുദ്ധം ചെയ്ത്റാണി ലക്ഷ്മീബായിയെ പുറകിലൂടെ രക്ഷപ്പെടാന്‍ സഹായിച്ചത് ഝല്‍കാരി ബായിയാണ്.
ദേശവും വാഴുന്നോരും തന്റെ ജീവനെക്കാള്‍ പ്രധാനമാണെന്ന് നേരില്‍ കാട്ടിത്തന്ന വ്യക്തിത്വമാണ് അവരുടേത്. ‘കോരി’ എന്ന ദളിത് സമൂഹത്തില്‍നിന്നാണ് ഝല്‍കാരി മുന്നോട്ടെത്തിയത് എന്നത് ശ്രദ്ധേയമാണ്. പല ‘കോരി’ സംഘടനകളും ഝല്കാരിബായിയുടെ വീരമൃതിദിനത്തെ ‘ഷഹീദ് ദിനം’ എന്ന പേരില്‍ ഇന്നും ആചരിച്ചുവരുന്നു.
6. ഉദാദേവി (മരണം-1857)
സ്വാതന്ത്ര്യസമരചരിത്രത്തിലെ ദളിത് പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന ഏടുകളിലൊന്നാണ് സ്വര്‍ഗ്ഗീയ ഉദാദേവിയുടേത്. 1857 ലെ വീരാംഗനമാരായിട്ടാണ് ഉദാദേവിയും കൂട്ടരും അറിയപ്പെട്ടത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ബീഗം ഹസ്രത്ത് മഹലിന് പ്രചോദനം നല്‍കിയത് ഉദാദേവിയാണെന്നതിന് ചരിത്രം സാക്ഷി. അതുകൊണ്ടുതന്നെ ഉദാദേവിയുടെ നേതൃത്വത്തില്‍ ഒരു സേനയെ ബീഗം ഹസ്രത്ത് മഹല്‍ ഉണ്ടാക്കി. ബ്രിട്ടീഷുകാര്‍ സിക്കന്ദര്‍ ബാഗ് ആക്രമിച്ചപ്പോള്‍, അവരെ നേരിടാന്‍ ഉദാദേവിയുടെ നേതൃത്വത്തിലുള്ള പെണ്‍പടയാളികളുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ഒരാല്‍മരത്തിനു മുകളില്‍ക്കയറി മറഞ്ഞിരുന്ന്, തന്റെ കൈവശമുണ്ടായിരുന്ന പഴയ പിസ്റ്റളില്‍നിന്ന്, ബ്രിട്ടീഷുകാര്‍ക്കു നേരെ വെടിയുതിര്‍ത്തത് ഉദാദേവിയായിരുന്നു. 32 ബ്രിട്ടീഷ് സൈനികരെ വധിച്ചതിന് ശേഷമാണ് ഉദാദേവി വീരഗതി പൂകിയത്. വെടിവച്ചിട്ട ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ നിലംപതിച്ചത്, പുരുഷവേഷത്തില്‍ പോരാടിയ ഉദാദേവിയായിരുന്നു.
അവധിലെ അവസാന നവാബായ വാജിദ് അലി ഷായുടെ സൈന്യത്തിലെ അംഗമായിരുന്ന മക്കാപാസിയുടെ പത്നിയായിരുന്നു ഉദാദേവി. ഭര്‍ത്താവില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടായിരുന്നു അവരും സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളിയായത്. മികച്ച യുദ്ധതന്ത്രജ്ഞ എന്ന നിലയിലും ഉദാദേവി പ്രശംസിക്കപ്പെട്ടു. 1857 നവംബര്‍ 16 ന് ആയിരുന്നു ഉദാദേവി വീരഗതിയടഞ്ഞത്. വീരയായ ആ പെണ്‍പോരാളിയെ ഒരിക്കലും മറക്കാത്ത പിലിഭിത്തിലെ ജനങ്ങള്‍ അവരുടെ രക്തസാക്ഷിദിനമായ നവംബര്‍ 16 ഉദാദേവി സ്മൃതിദിനമായി ഇന്നും ആചരിക്കുന്നു.
7. ബീഗം ഹസ്രത്ത് മഹല്‍ (1795-1858)
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചാണ് അവധിലെ ബീഗം ഹസ്രത്ത് മഹലിന്റെ പിന്തുണക്കാര് ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ തിരിഞ്ഞത്. കൊട്ടാരം നര്ത്തകിയില് നിന്ന് അവധിലെ രാജാവായ വാജിദ് അലിഷായുടെ ഭാര്യാ പദവിയിലേക്കുയര്‍ന്ന വ്യക്തിയായിരുന്നു ഹസ്രത്ത് മഹല്‍.
അവധിലെ ഫൈസാബാദില്‍ 1820 ല്‍ ജനിച്ച ബീഗത്തിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദി ഘാനും എന്നായിരുന്നു. നവാബായ വാജിദ് അലിയെ കൊല്‍ക്കത്തയിലേക്ക് നാടുകടത്തിയപ്പോള്‍ ഭാര്യയായിരുന്ന ഹസ്രത്ത് മഹല്‍, മൈനര്‍ ആയ തന്റെ മകന്റെ റീജന്റ് ആയി ഭരണം നടത്തി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവധിലെ പള്ളികളും ക്ഷേത്രങ്ങളും തകര്‍ത്ത് റോഡ് ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് അതിയായ അമര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് ലഖ്നൗ പ്രദേശവും അവധിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കാന്കൂടി ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ ബീഗം ഹസ്രത്ത് മഹല്‍ പോരിനിറങ്ങി. പിന്നീടവര്‍ക്ക് നാടുപേക്ഷിച്ച് നേപ്പാളിലേക്ക് പലായനം ചെയ്യേണ്ടിവരികയും കാഠ്മണ്ഡുവില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു.
8. ഭികാജി റുസ്തം കാമ (1861-1936)
ആദ്യമായി വിദേശമണ്ണില്‍ ഭാരതപതാക ഉയര്‍ത്തിയ ധീരവനിതയാണ് മാഡം ഭികാജി കാമ. ‘മദര്‍ ഓഫ് ഇന്ത്യന്‍ റവല്യൂഷന്‍സ്’ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടത്. പാര്‍സി വംശജയായ കാമ, വീരസാവര്ക്കറുമൊന്നിച്ചാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. 1907 ആഗസ്റ്റ് 22ന് ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലെ ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സില്‍ മാഡം കാമ, ‘ഫഌഗ് ഓഫ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്” എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തി. അന്നുയര്‍ത്തിയ ആ പതാക ഇന്ന് പൂനയിലെ മറാത്ത ആന്‍ഡ് കേസരി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുംബൈയിലെ ഒരു സമ്പന്ന പാര്‍സി കുടുംബത്തിലായിരുന്നു ഭിക്കാജി ജനിച്ചത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനായി നിന്നിരുന്ന അഭിഭാഷകനായ റുസ്തം കാമയെയായിരുന്നു അവര്‍ വിവാഹം ചെയ്തത്. ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു മാഡം ഭിക്കാജി കാമ.
പ്ലേഗ് പടര്‍ന്നുപിടിച്ചിരുന്ന സമയത്ത് രോഗികളെ സഹായിച്ചിരുന്ന അവര്‍ക്കും ആ രോഗം വരികയും മാഡം കാമ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ‘ദി ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി’ ന്റെ നേതാവായിരുന്ന ദാദാബായ് നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായും മാഡം കാമ പ്രവര്ത്തു. 1905 ല്‍ ഭിക്കാജിയാണ് ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 1909 ല്‍ ബന്ദേ മാതരം, തല്‍വാര്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ അവര്‍ പാരീസില്‍ ആരംഭിച്ചു. സമ്പന്നയായിരുന്ന അവര്‍ തന്റെ സ്വത്തുക്കളേറെയും പെണ്‍കുട്ടികള്‍ക്കായുള്ള ‘അവബായ് പെറ്റിറ്റ്’ അനാഥാലയത്തിന് നല്കി. സൗത്ത് ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട അവര്‍ മരിക്കുന്നതിന് അല്‍പ്പം നാള് മുന്‍പ് സ്വദേശമായ മുംബൈയില്‍ തിരിച്ചെത്തി. സ്ത്രീകളുടെ ഉന്നമനത്തിനായും അവര്‍ ചിരകാലം പ്രവര്‍ത്തിച്ചു.
9. മാതംഗിനി മൈതി ഹസ്ര (1870-1942)
1932 ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലെ സജീവ പ്രാതിനിധ്യമായിരുന്നു മണിപ്പൂരിലെ മാതംഗിനി ഹസ്രയുടേത്. ദാരിദ്ര്യം നിറഞ്ഞ കുടുംബത്തില്‍ ജനിച്ച അവരെ നന്നേ ചെറുപ്പത്തില്‍ത്തന്നെ 62 വയസ്സുള്ള ത്രിലോചന്‍ ഹസ്രയുമായി വീട്ടുകാര്‍ വിവാഹം ചെയ്യിക്കുകയായിരുന്നു. പതിനെട്ടാം വയസ്സില്‍ വിധി അവരെ വിധവയാക്കി. സ്വാതന്ത്ര്യസമരത്തില്‍ മിഡ്നാപൂരിലെ സ്ത്രീ പ്രാതിനിധ്യമായിരുന്നു മാതംഗിനി ഹസ്ര.
നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പു സത്യഗ്രഹത്തിലും ആ ധീരവനിത പങ്കെടുത്തതായി ചരിത്രം രേഖപ്പെടുത്തുന്നു. 1942 സപ്തംബര്‍ 29 ന് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി താലൂക്ക് പോലീസ് സ്റ്റേഷനിലേക്ക് 6000 ആള്ക്കാര് നടത്തിയ മാര്‍ച്ചിലെ വനിതാ വിഭാഗത്തെ നയിച്ചത് മാതംഗിനിയായിരുന്നു. 72-ാം വയസ്സില്‍ മരണത്തിന് തൊട്ടുമുന്പുവരെ ബ്രിട്ടീഷുകാര്‍ക്കെതിരെ അവര്‍ വീറോടെ പ്രവര്‍ത്തിച്ചു. പോലീസ് സ്റ്റേഷനു മുന്നില്‍ ഭാരതപതാകയുയര്ത്താന് ശ്രമിച്ച അവരെ ബ്രിട്ടീഷ് പോലീസ് വെടിവച്ചുകൊന്നു. മരിക്കുമ്പോള്‍ ആ വീരനാരിയുടെ ചുണ്ടില്‍ നിന്നുയര്‍ന്നത് ‘വന്ദേമാതരം’ എന്ന മന്ത്രമായിരുന്നു. സ്വാതന്ത്ര്യത്തിനായി ജീവന് ത്യജിച്ച ദേശസ്നേഹികളുടെ ഓര്‍മകള്‍ എന്നും ഭാരതീയരുടെയുള്ളില് അണയാ ദീപമായി ജ്വലിക്കട്ടെ.
10. പര്‍ബതി ഗിരി (1926-1995)
പര്‍ബതി ഗിരി എന്ന ഒഡീഷക്കാരിയുടേത് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത ഓര്‍മകളാണ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് രണ്ട് വര്‍ഷമാണ് പതിനാറുകാരിയായ പര്ബതിക്ക് ജയില്‍വാസമനുഷ്ഠിക്കേണ്ടി വന്നത്. അനാഥരുടെ ക്ഷേമത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അവരുടേത്. പൈക്കമല് ഗ്രാമത്തില്‍ ഒരു അനാഥാലയം അവരാരംഭിക്കുകയും അശരണരെ സഹായിച്ചുപോരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥപൂര്‍ത്തിക്ക് സാമൂഹ്യസേവനവും ബോധവല്‍ക്കരണവും കൂടി അനിവാര്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഇത്തരം ഒരു പ്രവര്‍ത്തന മേഖലയിലേക്ക് അവര്‍ എത്തപ്പെട്ടത്. അമ്മാവനായ രാമചന്ദ്രഗിരി കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്നു. അദ്ദേഹത്തില്‍നിന്ന് നേടിയ ആവേശത്താലാകണം പര്ബതിയും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്.
അഹിംസയില്‍ വിശ്വസിക്കുകയും ഗാന്ധിമാര്‍ഗത്തില്‍ സഞ്ചരിക്കുകയും ചെയ്ത സ്വാതന്ത്ര്യസമര പ്രവര്‍ത്തകയായിരുന്നു അവര്‍. ഗ്രാമീണരെ ഖാദി നെയ്യാന്‍ പഠിപ്പിക്കുകയും സ്വാതന്ത്ര്യാനന്തരം സാധാരണക്കാരുടെ ആരോഗ്യ ശുചിത്വവും വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടത്തിപ്പോരുകയും ചെയ്തു.
തങ്ങളുടെ ആത്മാഭിമാനം രാജ്യത്തിന്റെ സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിഞ്ഞവര്‍ ഭാരതത്തില്‍ ഏറെയുണ്ടായിരുന്നു. ആ സ്വാതന്ത്ര്യത്തിന്റെ വില, അത്തരക്കാരില്‍ പലരുടെയും ജീവാര്‍പ്പണം തന്നെയായിരുന്നു. ആത്മസമര്‍പ്പണം, ആത്മാവിന്റെ കൂടി സമര്‍പ്പണമാണെന്ന യാഥാര്‍ത്ഥ്യം, അവരുടെ ജീവദാനത്തില്നിന്നാണ് നാം തിരിച്ചറിഞ്ഞത്. ശാസ്ത്രസാങ്കേതിക മേഖലകൡലും ആരോഗ്യരംഗത്തുമുള്പ്പെടെ പല വ്യത്യസ്ത മേഖലകളിലൂടെ സ്വാതന്ത്ര്യത്തിനായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവരില്‍ ധാരാളം വനിതകളും ഉണ്ടായിരുന്നു. അതോടൊപ്പം സ്വാതന്ത്ര്യസമര വീരരുടെ മാതാക്കളും പത്നിമാരുമെല്ലാമുള്പ്പെടുന്ന ഒരു വലിയ സമൂഹം സ്വാതന്ത്ര്യസമരത്തില്‍ നേരിട്ടു പങ്കെടുത്തവരെ സഹായിച്ചിരുന്നു. അവരും പരോക്ഷമായി സ്വാതന്ത്ര്യസമരപ്പോരാളികള്‍ തന്നെയാണ്.
എന്തിനേറെ വയനാട്ടിലെ ‘ പനമരം’ ഓര്‍ത്താല്‍ ചരിത്രബോധമുള്ളവരും, സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരുമായവര്, പഴശ്ശി നാട്ടിലെ വീരാംഗനമാരെ സാഷ്ടാംഗം പ്രണമിക്കും. പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ വയനാട് കേന്ദ്രമാക്കി പടപൊരുതിയ കാലം. ഗറില്ലാ യുദ്ധം നടത്തിയ അവര്‍ക്ക് വയനാടന്‍ മലനിരകളും ഇടതൂര്‍ന്ന വനങ്ങളുമായിരുന്നു വാസസ്ഥലം. മലകളില്‍നിന്ന് മലകളിലേക്ക് ഒളിച്ചുയാത്ര ചെയ്യുന്ന പഴശ്ശിത്തമ്പ്രാനും കൂട്ടരും, വിശന്നിരിക്കാതിരിക്കാന്‍, രാത്രിയെങ്ങാനും അതുവഴി വന്നാല്‍ പശിമാറ്റിയുണ്ണാന്, ഒരു പൊതിച്ചോറ് എല്ലാ വീട്ടിന്റെ പടിക്കലും തൂക്കിയിടാന്‍ വനവാസി അമ്മമാരൊരിക്കലും മറന്നിരുന്നില്ല.
അത്തരത്തില്‍ ആ അമ്മമാരും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ സഹായഹസ്തങ്ങളായി പങ്കെടുക്കുകയായിരുന്നു. ഇത്തരത്തില്‍ സ്വാതന്ത്ര്യത്തെ സാക്ഷാത്കരിക്കുന്നതില്‍ പങ്കുവഹിച്ച വനിതകള്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. അവരുടെ ചരിത്രം നമ്മുടെ യുവത ഹൃദിസ്ഥമാക്കട്ടെ. മറയ്ക്കപ്പെട്ട ചരിത്രത്തിന്റെ മൂടുപടം വകഞ്ഞുമാറ്റി ആ സ്ത്രീജനങ്ങളുടെ ചരിത്രവും ലോകത്തെ അറിയിക്കണം. വളരുന്ന കുട്ടികള്‍ ആ ചരിത്രം പഴങ്കഥകള്‍ മാത്രമാക്കാതെ നേരിന്റെ വീര്യമറിഞ്ഞ് നാടിന്റെ പവിത്രതയില്‍, ഊറ്റംകൊണ്ടുവന്നവരാവട്ടെ. ഇനി വരാനുള്ളവര്‍ക്ക് സംസ്കാരം പകരാനും, ഉണ്മയുടെ കഥകള്‍ കുറുക്കിക്കൊടുക്കാനും അറിയപ്പെടാത്ത വീരാംഗനമാരുടെ വീരേതിഹാസങ്ങള്‍ വെളിച്ചം കാട്ടാനുമായി ഇറങ്ങിത്തിരിക്കേണ്ടവരാണ് പുതിയ തലമുറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: