വാഷിംഗ്ടൺ : ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെന്റഗൺ ഉക്രെയ്നിലേക്കുള്ള ചില പ്രധാന ആയുധങ്ങളുടെ വിതരണം നിർത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന വന്നത്.
കഴിഞ്ഞയാഴ്ച പെന്റഗൺ, യുഎസിന്റെ ആയുധശേഖരം കുറഞ്ഞുവരികയാണെന്ന് പറഞ്ഞിരുന്നു. അതിനാൽ ഉക്രെയ്നിലേക്കുള്ള ചില ആയുധങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളും മോർട്ടാറുകളും ഉൾപ്പെടുന്നു. എന്നാൽ തിങ്കളാഴ്ച ട്രംപ് വീണ്ടും ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കണം എന്ന് പറഞ്ഞിരിക്കുകയാണ്. സ്വന്തം സംരക്ഷണത്തിനായി പോരാടാൻ ഉക്രെയ്ന് അവകാശമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേ സമയം റഷ്യയിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന ഉക്രെയ്നിന് ഈ പ്രസ്താവന പുതിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ഉക്രെയ്നിനെതിരായ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ റഷ്യ 1270 ഡ്രോണുകൾ, 39 മിസൈലുകൾ, ഏകദേശം 1000 ശക്തമായ ഗ്ലൈഡ് ബോംബുകൾ എന്നിവ ഉക്രെയ്നിലേക്ക് പ്രയോഗിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും 7 കുട്ടികൾ ഉൾപ്പെടെ 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ആക്രമണങ്ങളിൽ ഒഡെസയിൽ ഒരാൾ മരിച്ചതായും ഖാർകിവിൽ ഒരാൾ കൊല്ലപ്പെടുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
കൂടാതെ സുമിയിൽ ഡ്രോൺ ആക്രമണങ്ങളിൽ 2 പേർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഡൊണെറ്റ്സ്കിൽ 7 പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: