ന്യൂദല്‍ഹി: സദ്ഗുരു ജഗ്ഗിവാസുദേവിനെ തടങ്കലിലാക്കിയെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഒരു ഓണ്‍ലൈന്‍ കമ്പനി. പെട്ടെന്ന് പണമുണ്ടാക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി പ്രത്യക്ഷപ്പെട്ട ഒരു ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ പ്രചരണാര്‍ത്ഥമുള്ള വാര്‍ത്തയ്‌ക്ക് ഒപ്പമാണ് സദ്ഗുരുവിനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന ചിത്രം പ്രചരിപ്പിച്ചത്.
ഏതാനും ദിവസം എക്സില്‍ നിറഞ്ഞോടിയിരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച ഈ ചിത്രവും വാര്‍ത്തയും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായി. ഇത് സമൂഹമാധ്യമങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്ന ഒരു പുതിയ രീതിയാണെന്ന് കരുതപ്പെടുന്നു. ഏത് പ്രശസ്തനെതിരെയും അവരുടെ പേര് കളങ്കപ്പെടുത്താന്‍ എഐയെ ദുരുപയോഗം ചെയ്ത് ചിത്രങ്ങള്‍ സൃഷ്ടിക്കാം. പക്ഷെ ഇതുപോലെ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ഏതാനും ദിവസത്തെ ഓണ്‍ലൈന്‍ പരസ്യത്തിന് ഉപയോഗിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുന്ന ഈ പുതിയ പ്രവണതയ്‌ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
പെട്ടെന്ന് പണമുണ്ടാക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ് ഫോമിനെ പ്രൊമോട്ട് ചെയ്യാന്‍ അതിന്റെ വക്താക്കള്‍ സദ്ഗുരുവിന്റെ പ്രശസ്തി ദുരുപയോഗം ചെയ്യുകയായിരുന്നു. സദ്ഗുരു തടങ്കലില്‍ എന്ന ചിത്രം കാണിച്ചുകൊണ്ട് നല്‍കിയ വാര്‍ത്ത ഏതാനും ദിവസങ്ങളായി എക്സില്‍ നിറഞ്ഞോടിയപ്പോള്‍ സദ്ഗുരുവിനെ ആരാധിക്കുന്ന, സ്നേഹിക്കുന്ന പലരും അമ്പരന്നുപോയിരുന്നു. പക്ഷെ വൈകാതെ ആ കമ്പനി പരസ്യം പിന്‍വലിച്ചു.
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ ആണ് ഒരു പരസ്യം പോലെ ഈ പേജ് പ്രചരിച്ചിരുന്നത്. സദ്ഗുരുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന ചിത്രമായിരുന്നു പേജില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. തലക്കെട്ട് തന്നെ സദ്ഗുരു തടങ്കലില്‍ എന്നായിരുന്നു. പക്ഷെ അടിയിലുള്ള വാര്‍ത്തയാകട്ടെ സദ്ഗുരു ഈ ട്രേഡിംഗ് പ്ലാറ്റ് ഫോമില്‍ 21,000 രൂപ നിക്ഷേപിച്ചതിനെ തുടര്‍ന്ന് വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്നും ആ ലാഭം കൊണ്ട് സദ്ഗുരു സമ്പന്ന ജീവിതം നയിക്കുന്നു എന്നുമാണ്. ഈ വ്യാജ വാര്‍ത്തയ്‌ക്ക് സത്യസന്ധത പകരാന്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ തലക്കെട്ടും പേരും ഉപയോഗിച്ചിരിക്കുകയാണ്. ഒരു ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത എന്ന തോന്നിക്കുന്ന തരത്തിലാണ് ചിത്രവും അതിനൊപ്പമുള്ള വാര്‍ത്തയും സജ്ജീകരിച്ചിരിക്കുന്നത്.
സ്കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ ടോക് ഷോയുടെ അവതാരകനായ ഫ്രെഡറിക് സ്റ്റാവ് ലിന്റെ ചോദ്യങ്ങള്‍ക്ക് സദ്ഗുരു ഉത്തരം നല്കുന്നതുപോലെയാണ് ചിത്രത്തിനൊപ്പമുള്ള വാര്‍ത്ത. ഇതില്‍ എങ്ങിനെയാണ് സദ്ഗുരു ഇത്രയും ആഡംബരജീവിതം നയിക്കുന്നത് എന്ന ചോദ്യത്തിന് സദ്ഗുരു നടത്തുന്ന ഉത്തരത്തിലാണ് ഈ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ് ഫോമിനെക്കുറിച്ച് പറയുന്നത്. ഈ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ താന്‍ ഒരു വര്‍ഷം മുന്‍പ് നിക്ഷേപിച്ച 21,000 രൂപ വന്‍തോതില്‍ വളര്‍ന്നെന്നും ഇന്ന് ദിവസേന തനിക്ക് ചെലവിനായി ഒരു വന്‍തുക ഇതില്‍ നിന്നും ലഭിക്കുന്നുവെന്നും ഈ തുക ഉപയോഗിച്ചാണ് താന്‍ ആഡംബര ജീവിതം നയിക്കുന്നത് എന്നും സദ്ഗുരു പറയുന്നതായാണ് ഉത്തരം.
എങ്ങിനെയാണ് സദ്ഗുരുവിനെപ്പോലെ ഇത്രയും പ്രശസ്തമായ ഒരു വ്യക്തിത്വത്തെ അറസ്റ്റ് ചെയ്തു എന്ന രീതിയില്‍ എഐയില്‍ സൃഷ്ടിച്ച ചിത്രം ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ് ഫോമിന് അവരുടെ പ്രൊമോഷന് ദുരുപയോഗം ചെയ്യാന്‍ കഴിയുന്നത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതിനെതിരെ ആശ്രമം നിയമപരമായ നടപടികളെടുക്കാന്‍ ആലോചിക്കുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രം എക്സില്‍ പ്രചരിച്ച ചിത്രവും വാര്‍ത്തയും അവര്‍ പിന്‍വലിച്ചതോടെ ആരാണ് പരസ്യം നല്‍കിയത് എന്ന് കണ്ടുപിടിക്കാനാവാത്ത സ്ഥിതിയാണ്. ഇനി ഈ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ് ഫോമിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടി ഗൂഗിളില്‍ തിരഞ്ഞു നോക്കിയാലോ അങ്ങിനെ ഒരു കമ്പനിയെക്കുറിച്ച് ആധികാരമായ വിവരങ്ങള്‍ ഒന്നും കിട്ടുകയുമില്ല എന്നതാണ് വാസ്തവം.
ഈയിടെ ഒരു ഓണ്‍ലൈന്‍ ഇ കൊമേഴ്സ് വെബ്സൈറ്റ് അവരുടെ ഒരു പുസ്തകം പ്രൊമോട്ട് ചെയ്യാന്‍ സദ്ഗുരുവിന്റെ ചിത്രം ദുരുപയോഗം ചെയ്തിരുന്നു. ഇതിനെതിരെ ദല്‍ഹി ഹൈക്കോടതിയെ സദ്ഗുരു സമീപിച്ചിരുന്നു. സദ്ഗുരുവിന്റെ ചിത്രം വെബ്സൈറ്റില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എഐ സഹായത്തോടെ സൃഷ്ടിച്ച സദ് ഗുരുവിന്റെ ഈ ചിത്രമാണ് ഈ വെബ്സൈറ്റ് ഉപയോഗിച്ചിരുന്നത്.
സദ്ഗുരുവിനെ വേട്ടായാടാന്‍ ഡിഎംകെ സര്‍ക്കാരും ഒരു മതന്യൂനപക്ഷ സ്ഥാപനവും
തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും കോയമ്പത്തൂരിലെ ഒരു ന്യൂനപക്ഷ മതസ്ഥാപനവും ചേര്‍ന്ന് സദ്ഗുരുവിന്റെ കോയമ്പത്തൂരിലുള്ള ഇഷ ആശ്രമത്തെ ഇല്ലാതാക്കാന്‍ പല രീതികളിലും വ്യാജവാര്‍ത്തകള്‍ അനുദിനമെന്നോണം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചില യൂട്യൂബര്‍മാരും സദ്ഗുരുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കണ്ടന്‍റുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ തിരിച്ചടികളാണ് സദ്ഗുരുവിന്റെ ആശ്രമം കോടതികളുടെ സഹായത്തോടെ നല്‍കുന്നത്. ഏറ്റവുമൊടുവില്‍ സദ്ഗുരുവിന്റെ ആശ്രമത്തില്‍ താമസിക്കുന്ന പല സ്ത്രീകളേയും കാണാനില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ കൃത്യമായ ഡേറ്റ കാണിച്ച് സദ്ഗുരുവിന്റെ ആശ്രമം മറുപടി നല്‍കിയിരുന്നു. അതുപോലെ സദ്ഗുരുവിന്റെ ആശ്രമത്തില്‍ തന്റെ രണ്ട് പെണ്‍മക്കളെ ബലമായി പിടിച്ചുവെച്ചിരിക്കുകയാണെന്ന് കോയമ്പത്തൂരിലെ ഒരു പിതാവ് തമിഴ്നാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് മറയാക്കി സദ് ഗുരുവിന്റെ ആശ്രമത്തില്‍ റെയ്ഡ് നടത്താന്‍ ഡിഎംകെ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം കിട്ടിയപാടെ നൂറുകണക്കിന് പൊലീസുകാര്‍ ആശ്രമത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു സദ്ഗുരു ആശ്രമം. അത് അനുഗ്രഹവുമായി. ആശ്രമത്തിലെ പെണ്‍കുട്ടികളുടെ ലൈവ് വീഡിയോ സഹിതം സുപ്രീംകോടതി ചോദ്യം ചെയ്തപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നത് പെണ്‍കുട്ടികള്‍ ഉത്തരം നല്‍കുകയായിരുന്നു. ഇതോടെ ഡിഎംകെ പൊലീസ് വലിഞ്ഞു.
അമിത് ഷായേയും ഡി.കെ. ശിവകുമാറിനെയും ഇറക്കി സദ്ഗുരുവിന്റെ മറുപടി
അതുപോലെ സദ്ഗുരുവിന്റെ ആശ്രമം വനഭൂമി കയ്യേറി സ്ഥാപിച്ചതാണെന്ന പരാതിയുമായാണ് കോയമ്പത്തൂരിലെ തന്നെ ഒരു മതന്യൂനപക്ഷസ്ഥാപനം രംഗത്തെത്തിയത്. എന്നാല്‍ വനഭൂമിയെ അതുപോലെ സ്വാഭാവികമായി നിലനിര്‍ത്തി വളരെ ചെറിയ ഒരു സ്ഥലത്ത് മാത്രമാണ് നീര്‍മ്മിതി നടത്തിയിട്ടുള്ളതെന്ന സദ്ഗുരുവിന്റെ ഇഷ ആശ്രമം നല്‍കിയ വിശദീകരണം കോടതിക്ക് തൃപ്തികരമായി തോന്നി. എന്തായാലും ഇക്കുറി ഡിഎംകെയ്‌ക്കും മതന്യൂനപക്ഷസ്ഥാപനത്തിനും മറുപടിയെന്നോണം കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ആണ് സദ്ഗുരു ആശ്രമം ശിവരാത്രി മഹോത്സവത്തിന് മുഖ്യ അതിഥികളായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: