തിരുവനന്തപുരം: മോഷണക്കുറ്റത്തിന്റെ പേരില്‍ പേരൂര്‍ക്കട സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ദളിത് യുവതി ബിന്ദുവിനെ ചോദ്യം ചെയ്തതിലും മാനസിക പീഡനത്തിന് ഇരയാക്കിയതിലും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച. പരാതിക്കാരുടെ വാക്ക് മാത്രം വിശ്വസിച്ച് പോലീസ് നീങ്ങുകയായിരുന്നു. നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചതുമില്ല.
ഏപ്രില്‍ 19 നാണ് പേരൂര്‍ക്കട എന്‍സിസി റോഡില്‍ ഓമന ഡാനിയേല്‍ രണ്ട് പവന്‍ സ്വര്‍ണ മാലയും കുരിശിന്റെ ലോക്കറ്റും നഷ്ടപ്പെട്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. 23ന് പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരി പറഞ്ഞതനുസരിച്ച് ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഓമനയുടെ വീട്ടില്‍ കൊണ്ടു പോയി. മാല കണ്ടെടുക്കാനായില്ല. ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ ചോദ്യം ചെയ്തു. പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണി വരെ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കി. അനധികൃതമായി കസ്റ്റഡിയില്‍ വച്ചു.
പിന്നീട് മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചപ്പോഴും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച. എഫ്‌ഐആര്‍ രേഖപ്പെടുത്തിയ കേസായതിനാല്‍ മാല സ്റ്റേഷനില്‍ കൊണ്ടുവന്ന് പരാതിക്കാരി പോലീസിനെ കാണിക്കണം. തൂക്കം ഉറപ്പാക്കണം. മാല സ്വര്‍ണം തന്നെയാണെന്നുവരെ പരിശോധന നടത്തേണ്ടതാണ്. മാല കിട്ടിയ സ്ഥലത്തെത്തി അതും പരിശോധിക്കണമായിരുന്നു.
ബിന്ദുവിനോട് പരാതിക്കാരിക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ കെട്ടിച്ചമച്ച കേസാണോ എന്നും കണ്ടെത്തണം. ഇതൊന്നും പോലീസ് നടത്തിയില്ല. പകരം പരാതിക്കാരിയുടെ വഴിക്ക് നീങ്ങുകയായിരുന്നു. സംഭവം വന്‍ വിവാദമായതോടെ കേസ് അന്വേഷണമെല്ലാം പൂര്‍ത്തിയാക്കി എന്നായിരിക്കും എഫ്‌ഐആറിലെ തുടര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്നത്.
ബിന്ദുവിനെ കസ്റ്റഡയിലെടുത്തതില്‍ ഗുരുതര വീഴ്ചയാണുണ്ടായതെന്ന് പോലീസ് കമ്മീഷണര്‍ക്ക് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നു. വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാതെയാണ് ബിന്ദുവിനെ പ്രതിയാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: