ന്യൂദൽഹി : പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവിട്ടിരിക്കുകയാണ് ഇന്ത്യ . നിരവധി പേരാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ മെഡിക്കൽ വിസയിൽ എത്തിയിട്ടുള്ളത് .കഴിഞ്ഞ ദിവസം ജിയോ ന്യൂസുമായി സംസാരിക്കവേയാണ് മക്കളുമായി ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പിതാവ് പാക് സർക്കാരിനെതിരെ രോഷമുയർത്തിയത്.
9 ഉം 7 ഉം വയസ്സുള്ള തന്റെ രണ്ട് കുട്ടികൾ ജനനം മുതൽ ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് പിതാവ് ജിയോ ന്യൂസിനോട് ഫോണിൽ പറഞ്ഞു. “എന്റെ കുട്ടികൾക്ക് ഹൃദ്രോഗമുണ്ട്, അവർക്ക് മെച്ചപ്പെട്ട ചികിത്സ ന്യൂഡൽഹിയിൽ സാധ്യമായിരുന്നു, പക്ഷേ പഹൽഗാം സംഭവത്തിന് ശേഷം, ഞങ്ങളോട് ഉടൻ പാകിസ്ഥാനിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു,” പിതാവ് പറഞ്ഞു.
കുട്ടികളുടെ ശസ്ത്രക്രിയ അടുത്ത ആഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളും ഡോക്ടർമാരും അവരുമായി സഹകരിക്കുന്നുണ്ടെങ്കിലും പോലീസും വിദേശകാര്യ മന്ത്രാലയവും അവരിൽ നിന്ന് ഉടൻ ഡൽഹി വിടാൻ സമ്മർദ്ദം ചെലുത്തുകയാണ്. “ഞങ്ങളുടെ യാത്ര, താമസം, ചികിത്സ എന്നിവയ്ക്കായി ധാരാളം പണം ചെലവഴിച്ചതിനാൽ എന്റെ കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ഞാൻ മോദി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പാക് സർക്കാരിന്റെ നടപടികൾ ജനങ്ങളെ വലയ്ക്കുകയാണ് . ഇനി മോദി സാബ് തന്നെ രക്ഷിക്കണം “ പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: