ന്യൂദൽഹി: മുർഷിദാബാദ് അക്രമത്തിൽ തൃണമൂൽ കോൺഗ്രസിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ബിജെപി. ഹിന്ദു സമൂഹത്തിനെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അക്രമികൾ ആക്രമിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാൾ അക്രമം സംസ്ഥാന പിന്തുണയോടെയും സംരക്ഷണത്തോടെയുമുള്ള ഹിന്ദു വിരുദ്ധ അക്രമമാണ്. നടപടിയെടുക്കുന്നതിനുപകരം മമത ബാനർജിയും അവരുടെ സർക്കാരും കലാപകാരികളെ സംരക്ഷിക്കുക മാത്രമല്ല ഇരകളായ ഹിന്ദുക്കളെ സമൂഹത്തിൽ അപമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
കലാപകാരികൾക്ക് ക്ലീൻ ചിറ്റ് നൽകിയ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്, ടിഎംസി മന്ത്രി സിദ്ദിഖുള്ള ചൗധരി, ടിഎംസി എംപി ബാപി ഹാൽഡർ എന്നിവർ ഹിന്ദു സമൂഹത്തിനെതിരെ ഭീഷണി മുഴക്കിയതായും അദ്ദേഹം ആരോപിച്ചു.
അക്രമത്തിന് ബിഎസ്എഫ് ഉത്തരവാദികളാണെന്ന് കുനാൽ ഘോഷ് പറയുന്നു. ഇത് കലാപകാരികൾക്ക് ക്ലീൻ ചിറ്റ് നൽകുന്നു. സിദ്ദിഖുള്ള ചൗധരിയും ബാപി ഹൽദറും പരസ്യമായി ഭീഷണി മുഴക്കി. ഇത് കുടിയേറ്റമല്ലെന്നും അവർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുകയാണെന്നും ഫിർഹാദ് ഹക്കീം പറയുന്നു. വഖഫിന്റെ പേരിൽ പശ്ചിമ ബംഗാളിൽ നടന്ന അക്രമത്തിന് സംസ്ഥാന പിന്തുണയുണ്ടെന്ന് ഇത് കാണിക്കുന്നുണ്ടെന്നും ബിജെപി വക്താവ് കൂട്ടിച്ചേർത്തു.
കൂടാതെ പാർലമെന്റ് ഭരണഘടനാപരമായി പാസാക്കിയ വഖഫ് നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ മുഖ്യമന്ത്രി മമത തന്റെ മുസ്ലീം വോട്ട് ബാങ്കിനോട് അഭ്യർത്ഥിക്കുകയും കലാപകാരികളെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഏപ്രിൽ 12 ന് മുർഷിദാബാദ് ജില്ലയിൽ നടന്ന അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പോലീസ് ഇതുവരെ 150 പേരെ അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞത് പ്രകാരം സംസർഗഞ്ച്, ധൂലിയാൻ, സുതി, മറ്റ് ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: