കേരളത്തിലെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും, 18 എണ്ണം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നുമുള്ള സിഎജിയുടെ കണ്ടെത്തല്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്നു. 77 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം പതിനെണ്ണായിരം കോടിയിലേറെ രൂപയാണെന്ന സിഎജിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവയുടെ മൂലധനത്തെക്കാള്‍ ഇരട്ടിയാണ് നഷ്ടം. ഇവയില്‍ ഒന്‍പത് എണ്ണത്തിന്റെ കടം നാലിരട്ടിയും. ആസ്തികള്‍ വിറ്റഴിച്ചാല്‍ പോലും കടം തീര്‍ക്കാനാവില്ല എന്നര്‍ത്ഥം. 35 സ്ഥാപനങ്ങള്‍ക്ക്, പലിശ നല്‍കാനുള്ള വരുമാനം പോലും കണ്ടെത്താനാവുന്നില്ല. ആകെയുള്ള 149 പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനമുള്ള 131 എണ്ണത്തില്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. പത്തു വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയ വൈകല്യമാണ് പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവാന്‍ കാരണമെന്നും സിഎജി കുറ്റപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ എന്തു മറുപടിയാണ് സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നല്‍കാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും ആവര്‍ത്തിക്കാറുള്ള അവകാശവാദമാണ്. എന്നാല്‍ ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രചാരണ തന്ത്രമാണെന്ന് സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവാന്‍ കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡലാണെന്നും, പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഓഹരി വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും സിഎജി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിന് തൃപ്തികരമായ മറുപടി പറയാനുള്ള ഉത്തരവാദിത്തം വ്യവസായ മന്ത്രിക്കുണ്ട്.
സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷം തികച്ചും പ്രതികൂലമാണെന്നും, ഇത് മാറ്റിയെടുക്കാന്‍ ഭരണം ലഭിച്ചിട്ടും പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ 2016 ന് ശേഷം നല്‍കിയിട്ടില്ല. അന്നുതന്നെ ഈ പൊതുമേഖല സ്ഥാപനത്തിന്റെ നഷ്ടം 1000 കോടി കടന്നിരുന്നു. ഇവിടെയും പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. വാസ്തവത്തില്‍ ബഹുഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ലാഭകരമാക്കാനും സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല എന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളും ആധുനിക വ്യവസായങ്ങളും തകര്‍ക്കുന്നതില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സിപിഎമ്മിനും, അവര്‍ നേതൃത്വം നല്‍കിയ ഭരണത്തിനും വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ നിരവധി വ്യവസായ സംരംഭങ്ങളാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ലേബര്‍ മിലിറ്റന്‍സിമൂലം അടച്ചുപൂട്ടിയത്. വ്യവസായ സംരംഭകരെ മുഴുവന്‍ കുത്തക മുതലാളിമാരും വര്‍ഗ്ഗ ശത്രുക്കളുമായി മുദ്രകുത്തി അടിച്ചോടിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. ഈ നയംമൂലം അടുത്തകാലത്തു പോലും സംരംഭകര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ചിലര്‍ നിരാശരായി സംസ്ഥാനം വിട്ടു. വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുന്നത് തങ്ങളുടെ കരുത്തായി കാണുന്ന ഇടതു പാര്‍ട്ടികള്‍ ആ നയം ഇപ്പോഴും തുടരുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ ഊറ്റംകൊള്ളുന്നവരാണല്ലോ ഇടതു പാര്‍ട്ടികളും, അവര്‍ നയിക്കുന്ന തൊഴിലാളി യൂണിയനുകളും. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് സമരം ചെയ്യാനുള്ള ഒരവസരവും ഈ പാര്‍ട്ടികള്‍ പാഴാക്കാറില്ല. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഓഹരി വിറ്റഴിക്കുകയാണെന്ന് പറഞ്ഞ് വലിയ കോലാഹലമാണ് ഇടതു പാര്‍ട്ടികള്‍ ഉണ്ടാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയും ഇക്കൂട്ടര്‍ ഈ ആക്ഷേപം ഇടയ്‌ക്കിടെ ഉന്നയിക്കാറുണ്ട്. അനുഷ്ഠാനം പോലെ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുദ്രാവാക്യങ്ങളിലൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണമാണ്. ഇപ്രകാരം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ രക്ഷകരായി നടിക്കുന്നവരാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയെ ക്കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തലുകള്‍ക്കെതിരെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഉടന്‍തന്നെ രംഗത്തുവരാനാണ് സാധ്യത. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സിഎജി രാഷ്‌ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്നതാവും ഇക്കൂട്ടരുടെ ആക്ഷേപം. സിഎജി ഹാജരാക്കിയിട്ടുള്ള കണക്കുകള്‍ കണ്ടില്ലെന്നും നടിക്കും. വ്യവസായ സംരംഭങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലുമല്ല ഇടതു ഭരണത്തിന് താല്പര്യം. യൂണിയന്‍ നേതാക്കളുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കാനും, പാര്‍ട്ടിക്ക് അഴിമതി നടത്താനുമുള്ളതാണ് വ്യവസായ സംരംഭങ്ങള്‍ എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തെയും നയം. കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ നയം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: