കല്‍പ്പറ്റ: ചരിത്രവും വ്യവസ്ഥിതിയും അവഗണിച്ച വനവാസി സമൂഹത്തിനൊപ്പം രാജ്ഭവന് ഉണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ജന്മഭൂമി അമ്പതാം വാര്‍ഷികാഘോഷ സമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മ്മ സമിതി, പീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോത്രപര്‍വ്വം 2025 കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെന്ന പരിഗണന പൊതുസമൂഹവും ഭരണസംവിധാനങ്ങളും വനവാസികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
വനവാസികള്‍ക്ക് മുന്‍പെന്നത്തേക്കാളും പരിഗണന ലഭിക്കുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യത്ത് വിദേശാധിപത്യത്തിന് നേതൃത്വം നല്കിയവരും തുടര്‍ന്ന് ഭരിച്ചവരുമെല്ലാം വനവാസികളെ അവഗണനയുടെ പടുകുഴിയില്‍ തള്ളുകയായിരുന്നു. അവര്‍ക്ക് മതമോ ആചാരങ്ങളോ ഇല്ലെന്ന് പറഞ്ഞ് വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയരാക്കി. വനവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മതപരിവര്‍ത്തനത്തിലൂടെ ചില വിഭാഗങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഏറെ മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. വിദേശാധിപത്യത്തിനെതിരെ ധീരമായി പോരാടിയ പാരമ്പര്യം ഗോത്രജനതയ്ക്കുണ്ട്. ബിര്സാമുണ്ടയുടെയും മറ്റും ചരിത്രം അതാണ് നമ്മോട് പറയുന്നത്. അവരെയൊക്കെ അവഗണിക്കുകയായിരുന്നു.
ഇവിടെ വന്നപ്പോള്‍ ഒരു വനവാസി ഊര് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അവിടെ നിരവധി പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായി. പല ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. അവശ്യമായ ജീവിതസാഹചര്യം പോലും ഇല്ലാത്ത അവസ്ഥ. ഇതൊക്കെ എന്നോട് പറഞ്ഞപ്പോള്‍ വ്യക്തതയില്ലാത്ത മറുപടികളാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്. ഗവര്‍ണറായി ചുമതലയേറ്റ ശേഷം പങ്കെടുത്ത വ്യത്യസ്തമായ പരിപാടിയാണ് ഗോത്രപര്വ്വമെന്നും മാനവികതയ്ക്കു വേണ്ടിയുള്ള ഒത്തുകൂടലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവിഭാഗങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ ഭരണരംഗത്തുള്ളവര്‍ തയാറാകണമെന്നും വനവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ സ്ഥാപനങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും നടത്താന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ഡോ. ഡി. മധുസൂദനന് അദ്ധ്യക്ഷത വഹിച്ചു. വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്, വിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദ്മശ്രീ ഡോ.ഡി.ഡി. സഗ്ദേവ്, ആത്മീയാചാര്യന് രാമസ്വാമി, സ്വാഗതസംഘം ജോ.കണ്‍വീനര്‍ പി.എ. വിശാഖ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ഗോത്രകലാ അവതരണങ്ങളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: