കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ജാതിയുടെ പേരിലുള്ള എതിരേല്‍പ്പുകള്‍ ഒഴിവാക്കാന്‍ വടക്കുപുറത്തുപാട്ട് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ക്ഷേത്രമുറ്റത്ത് നെടുംപുര കെട്ടി ദേവിയുടെ കളംവരച്ചാണ് 12 ദിവസത്തെ വടക്കുപുറത്ത് പാട്ട്. വടക്കേനടയില്‍ ദേവീസാന്നിദ്ധ്യം കുടികൊള്ളുന്ന കൊച്ചാലുംചുവട്ടില്‍ നിന്നാണ് ദിവസവും ക്ഷേത്രത്തിലേക്ക് എതിരേല്പ്. ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുമ്പോള്‍ വ്രതമെടുത്ത 64 വനിതകള്‍ കുത്തുവിളക്കെടുക്കും. ആറ് ദിവസം എന്‍എസ്എസ് കരയോഗങ്ങള്‍ക്കും രണ്ട് ദിവസം ധീവരസഭയ്ക്കും ഒരു ദിവസം എസ്എന്‍ഡിപി യോഗത്തിനും ബാക്കിയുള്ള ദിവസങ്ങളില്‍ മറ്റ് ചില സമുദായ സംഘടനകള്‍ക്കുമാണ് അവസരം.
എന്നാല്‍ ഇക്കുറി ഇത്തരത്തിലുള്ള എതിരേല്പുകള്‍ ഒഴിവാക്കി വടക്കുപുറത്തുപാട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള എതിരേല്‍പ്പ് നടത്തണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
എട്ട് സമുദായ സംഘടനകള്‍ നിലവില്‍ എതിരേല്‍പ്പ് ഏറ്റെടുത്ത് നടത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവസവും ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന എട്ടുപേരെ വീതം ഉള്‍പ്പെടുത്തി 64 പേര് വിളക്കെടുക്കട്ടെയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.
അതിനിടെ 12 വര്‍ഷം കൂടുമ്പോള്‍ നടന്നുവരുന്ന വടക്കുംപുറത്ത് പാട്ടിനോടനുബന്ധിച്ചുള്ള എതിരേല്‍പ്പ് ഈ വര്‍ഷം മുതല്‍ ദേശ എതിരേല്‍പ്പായി നടത്താന്‍ താലപ്പൊലി കമ്മിറ്റി എടുത്ത തീരുമാനം അത്യന്തം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു പറഞ്ഞു.
ഇത് വൈക്കം സത്യഗ്രഹ സമരത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് എടുത്ത ശരിയായ തീരുമാനമാണ്. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുന്നതിനും ഹിന്ദുക്കളില്‍ പരസ്പരം അവിശ്വാസം വളര്‍ത്തുന്നതിന് കാരണമാവുകയും ചെയ്ത നടപടിയാണ് വ്യത്യസ്ത ജാതികളുടെ പേരില്‍ നടന്നുവന്നിരുന്ന എതിരേല്
പ്പ്. ശ്രീനാരായണഗുരുദേവന്റെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് ടി.കെ. മാധവന്, മന്നത്ത് പത്മനാഭന്, ആമചാടി തേവന് തുടങ്ങി നിരവധി ഹിന്ദു സാമുദായിക നേതാക്കള്‍ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് നിര്‍ത്തിയ ജാതിഭേദത്തെ ഇല്ലാതാക്കി ഹൈന്ദവ ഐക്യം സാക്ഷാത്കരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ സങ്കല്പമാണ് വൈക്കത്തപ്പന്റെ മണ്ണില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മുഴുവന്‍ കേരളത്തിനും മാതൃകയായ തീരുമാനമാണിത്. ഹിന്ദു ഐക്യവേദിയുടെ വൈക്കം സമ്മേളനം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് വിവിധ ഹിന്ദുനേതാക്കളെ നേരില്‍ക്കണ്ട് ഇതിന്റെ പ്രാധാന്യം ബോധിപ്പിക്കുകയും ചെയ്തതാണ്.
ജാതിയുടെ പേരില്‍ വിദ്വേഷം ഉണ്ടാക്കുന്ന ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും എല്ലാവരും പിന്മാറി വൈക്കം സത്യഗ്രഹത്തിന്റെ ഈ ശതാബ്ദി വര്‍ഷത്തില്‍ ഹൈന്ദവസമൂഹം ഒരൊറ്റ മനസായി ഈ തീരുമാനത്തെ അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: