തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ രാവിലെ കൊല്ലത്ത് തുടക്കമാകുമ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിച്ചേക്കില്ലെന്ന സൂചനകള്‍ ശക്തമായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കൊല്ലത്തെത്തിയ പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പിബി അംഗവും പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം നാളെ രാവിലെ ഉദ്ഘാടനം ചെയ്യും. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ പാര്‍ട്ടി സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാകും. എന്നാല്‍ 80 വയസ്സിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധി ബാധകമല്ല എന്ന സന്ദേശം പുറത്തേക്ക് പോകുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ല എന്ന വിലയിരുത്തല്‍ ശക്തമാണ്. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചനള്‍ പുറത്തുവരാന്‍ കാരണം.
സംസ്ഥാനത്തും ദേശീയ തലത്തിലും പാര്‍ട്ടിയില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച പിണറായി വിജയന് സംസ്ഥാന സമ്മേളനത്തിലും വലിയ വെല്ലുവിളികളൊന്നും ഉണ്ടാവില്ലെന്നുറപ്പാണ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കും മുഖ്യമന്ത്രിയുടെ ഭരണപരാജയങ്ങള്‍ക്കും പാര്‍ട്ടി സമ്മേളന വേദിയില്‍ അംഗങ്ങളില്‍ നിന്ന് വിമര്ശങ്ങളുണ്ടാവാന് സാധ്യതയില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിണറായി നേതൃത്വം നല്‍കണം എന്ന അഭിപ്രായത്തിന് സമ്മേളന പ്രതിനിധികളില്‍ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി കാണുമെന്നും ഉചിതമായ നിലപാട് സ്വീകരിക്കുമെന്നുമാണ് ഇ.പി ജയരാജന്റെ നിലപാട്. ഭരണരംഗത്ത് തുടരുന്നതിന് പ്രായപരിധി ബാധകമല്ലെന്നും ഇ.പി ജയരാജന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: