പാലക്കാട്: പിണറായി സര്‍ക്കാര്‍ ലഹരി മാഫിയയ്ക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂടിലേത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിനെതിരെ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് നടത്തിയ സമര പ്രചരണ ജാഥയുടെ സമാപനം എലപ്പുള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നു. പ്രതിഭ എംഎല്‍എയുടെ മകന് ലഹരി കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ആ കേസെടുത്ത ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നാര്‍കോട്ടിക്ക് ജിഹാദ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ബിഷപ്പിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ തിരിഞ്ഞു. ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിന്റെ ഫലമാണ് ഇതെല്ലാമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
മദ്യ നിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ വന്‍സാമ്പത്തിക അഴിമതിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മദ്യ കമ്പനിയില്‍ നിന്നും സിപിഎമ്മിന്പണം കിട്ടിയോ? മദ്യനയം ആര്‍ക്കുവേണ്ടി തിരുത്തി? മുരളീധരന് ചോദിച്ചു. മാസപ്പടി പോലെ പ്രതിപക്ഷം ഇതിലും ഒത്തു തീര്‍പ്പിലെത്തും. പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ കഴിയാത്തവരാണ് പ്രതിപക്ഷത്തുള്ളത്. അരവിന്ദ് കേജ്രിവാളിന്റെ ഉപദേശം സ്വീകരിച്ചാണ് പിണറായി വിജയന് പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയത്. സിപിഎം നേതാക്കളുടെ പോക്കറ്റിലേക്ക് ചില്ലറ സംഘടിപ്പിക്കാനാണ് ദല്‍ഹി മദ്യനയ അഴിമതിയില്‍ പങ്കുള്ള കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ബ്രൂവറി വിഷയത്തില്‍ വലിയ വായില്‍ സംസാരിച്ച ബിനോയ് വിശ്വത്തെ സിപിഐ ഓഫീസില്‍ ചെന്നാണ് പിണറായി വിജയന് വിരട്ടിയത്, മുരളീധരന് പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. അനുരാഗ്, ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി. വേണുഗോപാല്‍, സമര പ്രചരണ ജാഥാക്യാപ്റ്റന് പ്രശാന്ത് ശിവന്, മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന. സെക്രട്ടറി എ.കെ. ഓമനക്കുട്ടന്, പുതുശ്ശേരി മണ്ഡലം പ്രസി: ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: