പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി മഹിതൻ ജ്ഞാന തപസ്വി ഗുരുജ്യോതിയിൽ ലയിച്ചു. 72 വയസ്സായിരുന്നു. (പൂർവ്വാശ്രമത്തിൽ എൻ. രവീന്ദ്രൻ നായർ ). തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം.
ഞായറാഴ്ച മുതൽ നിലഅതീവഗുരുതരമായിരുന്നു. രാവിലെ 11 മണിയോടെയാണ് ദേഹവിയോഗം സംഭവിച്ചത്. 2021 ൽ കോവിഡിനെ തുടർന്നാണ് സ്വാമിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്. അന്നു മുതൽ ചികിത്സയിലായിരുന്നു. പിന്നീടാണ് അർബുദം പിടിപെട്ടത്. സ്വാമിയുടെ വിയോഗത്തെ തുടർന്ന് ആശ്രമത്തിൽ പ്രത്യേക ഡയറക്ടർ ബോർഡ് യോഗം ചേർന്ന് അനുശോചനം അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2 മണിമുതല്‍ ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുദര്‍ശനം നടന്നു. സ്വാമിയുടെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.
വൈകിട്ട് 6 മണിക്ക് നടന്ന അനുസ്മരണത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ സംസാരിച്ചു. ആത്മബന്ധത്തിന്റെ കടലാഴങ്ങളില്‍ സ്നേഹത്തിന്റെ നിറപുഞ്ചിരി കൊണ്ട് ഹൃദയം കവര്‍ന്ന സന്ന്യാസിവര്യനെയാണ് നഷ്ടമായതെന്നും ആശ്രമത്തില്‍ എത്തുന്ന ഓരോ സന്ദര്‍ശകനും മഹിതന്‍ സ്വാമി മറക്കാനാവത്ത അനുഭവമായിരുന്നുവെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പൊതുദർശനത്തിനത്തെ തുടര്‍ന്ന് വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. 8 മണിക്ക് ഭൗതിക ശരീരം ഗുരുവിന്റെ ഉദ്യാനത്തിന് സമീപം ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടക്കം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലധികം ഗുരുഭക്തര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
ഇടുക്കി കല്ലാർ പട്ടം കോളനി ചോറ്റുപാറ ചരുവിള വീട്ടിൽ ആർ.നാരായണപിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953 നവംബർ 30ന് ജനനം. എൻ.രവീന്ദ്രൻ നായർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 1972-ൽ കല്ലാറിൽ വച്ച് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിനെ കണ്ടുമുട്ടിയത് ജിവിതത്തിൽ വഴിത്തിരിവായി . 1974-ൽ സ്വാമിയുടെ കുടുംബം പോത്തൻകോട് ആശ്രമത്തിൽ എത്തി. സ്വാമിയുടെ ആശ്രമജീവിതം ആരംഭിക്കുന്നത് 1988ലാണ്. പോത്തൻകോട് ജംഗ്ഷനിലുളള ശാന്തിഗിരിയുടെ അങ്ങാടിക്കടയിൽ സേവനം ആരംഭിച്ചു പിന്നീട് ബ്രഹ്മചാരിയായി. ഗുരുനിർദ്ദേശപ്രകാരം ഫിനാൻസിന്റെ ചുമതല വഹിച്ചു. കല്ലാർ ബ്രാഞ്ചിന്റെ കാര്യദർശിയായി. ആശ്രമത്തിലെ പൂജാദികാര്യങ്ങളിൽ സജീവമായതോടെ ഗുരു ദീക്ഷ നൽകുകയും 2002 ജനുവരി 30ന് സന്ന്യാസം സ്വീകരിച്ച് ഗുരുധർമ്മ പ്രകാശസഭ അംഗമാവുകയും ചെയ്തു. 2010 മാർച്ച് 14ന് ആശ്രമം ഡയറക്ടർ ബോർഡംഗമായി ചുമതലയേറ്റു. 2010ൽ താമര പർണശാലയുടെ സമർപ്പണത്തിനു ശേഷം പർണ്ണശാലയിലെ പൂജാദികാര്യങ്ങളുടെ മേൽനോട്ടം സ്വാമിയ്ക്കായിരുന്നു. കോവിഡ് കാലത്തിനിടെ അർബുദം പിടി മുറുക്കിയെങ്കിലും സ്വാമിയുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല. എൻ.രാധമ്മ, എൻ.ശശീന്ദ്രൻ നായർ, സി.എൻ.രാജൻ, എൻ.രാധാകൃഷ്ണൻ, ദിവംഗതയായ സരസമ്മ എന്നിവർ സ്വാമിയുടെ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: