ന്യൂദല്‍ഹി: രാഷ്‌ട്രത്തിനായി ജീവിക്കാന്‍ പ്രചോദനം ലഭിച്ചത് ആര്‍എസ്എസില്‍ നിന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷക്കണക്കിനു പേര്‍ക്കൊപ്പം തനിക്കും ലഭിച്ച സൗഭാഗ്യമാണതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ 98-ാം അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു നൂറ്റാണ്ടു മുമ്പ്, മഹാരാഷ്‌ട്രയുടെ മണ്ണില്‍ മറാഠി സംസാരിക്കുന്ന ഒരു മഹാപുരുഷനാണ് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനു വിത്തു വിതച്ചത്. ഇന്നതു വടവൃക്ഷമായി വളര്‍ന്നു ശതാബ്ദി ആഘോഷിക്കുന്നു. വേദം മുതല്‍ വിവേകാനന്ദന്‍ വരെയുള്ള ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും ഓരോ പുതിയ തലമുറയിലേക്കുമെത്തിക്കാന്‍ നൂറു വര്‍ഷമായി ആര്‍എസ്എസ് സംസ്‌കാര യജ്ഞം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തലിന്റെ കാലത്ത്, മറാഠി ഭാഷ അധിനിവേശ ശക്തികളില്‍ നിന്നുള്ള മോചനത്തിന്റെ വിളംബരമായെന്നു ഛത്രപതി ശിവാജി മഹാരാജ് ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിച്ചു പ്രധാനമന്ത്രി തുടര്‍ന്നു. മറാഠി ഭാഷയ്‌ക്കു ശ്രേഷ്ഠ ഭാഷാപദവി നല്‍കാന്‍ കഴിഞ്ഞത് തനിക്കു ജീവിതത്തില്‍ ലഭിച്ച വലിയ ഭാഗ്യമാണ്. മറാഠി സംസാരിക്കുന്ന ലോകമെമ്പാടുമുള്ള 12 കോടിയിലധികം പേര്‍ പതിറ്റാണ്ടുകളായി ഈ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാഷയുടെ പേരില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. നമ്മുടെ ഭാഷകളുടെ പൊതുവായ പൈതൃകം ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു രാജ്യത്തെ എല്ലാ ഭാഷകളെയും മുഖ്യധാരാ ഭാഷകളായാണു കാണുന്നത്. മറാഠി ഉള്‍പ്പെടെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍, ഡോ. താര വാല്‍ക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: