ഖുര്‍ആന്‍ പഠനത്തില്‍ തെറ്റ് വരുത്തിയതിന് ആറാം വയസ്സില്‍ അമ്മയുടെ ‘രഹസ്യഭര്‍ത്താവ്’ അവളോട് നടത്തിയ ക്രൂരത വികരിച്ചുകൊണ്ടാണ് ഒരു എക്സ്-മുസ്ലിമിന്റെ ആത്മകഥ എന്ന നിലയില്‍ വ്യാഖ്യാതമായ ‘തട്ടം നീക്കുമ്പോള്‍’ യാസ്മിന് മുഹമ്മദ് ആരംഭിക്കുന്നത്.
‘എന്നോട് കിടക്കയില്‍ കിടക്കാന്‍ ആജ്ഞാപിച്ചു, ഞാന്‍ അത് ചെയ്തു. പതിവ് പോലെ, പേടിച്ചു വിറച്ച് യാചിച്ചു. എന്റെ മുന്നില്‍ നടക്കുന്ന ഈ പരിചിത രംഗത്തെ ഞാന്‍ ഭയക്കുന്നു. അയാള്‍ എന്റെ കണങ്കാലില്‍ പിടിച്ച്, കിടക്കയുടെ അറ്റത്തേക്ക് ബലമായി വലിച്ചു. കാലുകള്‍ പിന്നിലേക്ക് വലിക്കാനുള്ള ആഗ്രഹം ഞാന്‍ അടക്കി. അങ്ങനെ വലിച്ചാല്‍ അത് കൂടുതല്‍ കുഴപ്പമാകും. പൊട്ടിക്കരഞ്ഞതിനാല്‍, എനിക്ക് ശ്വാസം കിട്ടുന്നില്ല. ഞാന്‍ ചാടിക്കളിക്കുന്ന കയര്‍ കൊണ്ട് എന്റെ പാദങ്ങള്‍ അയാള്‍ കട്ടിലില്‍ കെട്ടിയിട്ടു. അയാള്‍ ഏറ്റവും പ്രിയമുള്ള ഓറഞ്ച് പ്ലാസ്റ്റിക് വടി എടുത്തു. മരവടികള്‍ പൊട്ടുന്നതിനാല്‍, പകരം വന്നതാണ്. ആദ്യം ഞാന്‍ സന്തോഷിച്ചു— ഇത് മുറിവുകള്‍ ഉണ്ടാക്കില്ല. പക്ഷേ, വേദന കൂടുതല്‍ ആയിരുന്നു. പിന്നെ, ജീവിതം മുഴുവന്‍ ഞാന്‍ ഓറഞ്ച് നിറത്തെ വെറുത്തു. എന്റെ കാലടിയില്‍ അയാള്‍ തല്ലി. ആ സ്ഥലമാണ്, അയാള്‍ക്കിഷ്ടം. കാരണം, മുറിവുകള്‍ ടീച്ചര്മാര് കാണില്ല. എനിക്ക് വയസ്സ് ആറ്. ഖുര്‍ആനിലെ സൂറകള്‍ കൃത്യമായി ഓര്‍ക്കാത്തതിനാണ് ഈ ശിക്ഷ.’
കാനഡയില്‍ ജനിച്ച യാസ്മിന് മുഹമ്മദ്, മുസ്ലിം കുടുംബത്തിലെ ഒരു പെണ്‍കുട്ടിയായി വളരുമ്പോള്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ യാതനനിറഞ്ഞ ബാല്യവും അതിജീവനവും ഉള്‍ക്കൊള്ളുന്ന ആത്മകഥയാണ് ഈ കൃതി. സ്വന്തം ദുരിതങ്ങള്‍ അതിജീവിച്ച്, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി അവള് മാറിയതിന്റെ സത്യസന്ധമായ ആഖ്യാനമാണ് ‘തട്ടം നീക്കുമ്പോള്‍’.
സ്വതന്ത്രചിന്തകര്‍ തീവ്ര ഇസ്ലാമിനെ എങ്ങനെ വളര്‍ത്തിയെടുത്തുവെന്നത് സ്ഥാപിച്ചെടുക്കാനും ഈ ആത്മകഥയിലൂടെ യാസ്മിന് കഴിഞ്ഞിട്ടുണ്ട്. അമ്മയുടെ ‘രഹസ്യഭര്‍ത്താവില്‍നിന്നുള്ള’ ഉപദ്രവം, ഒരു തീവ്രവാദിയുമായുള്ള വിവാഹം, കുടുംബത്തിനുള്ളിലെ ക്രൂരതകള്‍ എന്നിവ പുസ്തകത്തില്‍ ആഴത്തില്‍ വിവരിക്കുന്നു.
ഒടുവില്‍, കനേഡിയന്‍ ജഡ്ജിയോട് തന്റെ ദുരിതങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍, ‘ഇതാണ് നിങ്ങളുടെ സംസ്കാരം’ എന്ന മറുപടി, ഇത്തരം പീഡനകഥകള്‍ ഇസ്ലാമിക വ്യവസ്ഥയുടെ ഭാഗമാണെന്ന സമ്മതം മൂളലായിട്ടാണ് വായിക്കപ്പെടുന്നത്.
സ്വന്തം അനുഭവങ്ങളില്‍ നിന്ന് പാഠം കോരിയെടുത്ത്, മതീയ പീഡനത്തിനെതിരെ യാസ്മിന് ശക്തമായ നിലപാട് സ്വീകരിക്കുന്നു. ഹിജാബ് ബലംപ്രയോഗിച്ച് ധരിപ്പിക്കുന്നതിനെതിരെ അവള് രൂപപ്പെടുത്തിയ പ്രചാരണം ഇതിന്റെ ഭാഗമാണ്. അവളുടെ ജീവിതം, മുസ്ലിം യുവതികള്‍ അനുഭവിക്കുന്ന അസഹ്യമായ നിയന്ത്രണങ്ങളെ തുറന്നുകാട്ടുന്ന ഒരു ഉണര്‍വാണ്.
മതാധിഷ്ഠിത നിയന്ത്രണങ്ങള്‍ എത്രത്തോളം സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിക്കുന്നു, അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള അവലോകനം പുസ്തകത്തില്‍ ദൃഢമായി ഉണ്ട്.
‘ഞാന്‍ പിറന്ന മണ്ണും എന്നെ വളര്‍ത്തിയ വെള്ളവുമെല്ലാം വഞ്ചന, ഭയം, ഒറ്റപ്പെടല്‍, ദേഷ്യം, ദുഃഖം തുടങ്ങി അനവധി പീഡകളാല്‍ വിഷലിപ്തമായിരുന്നു.’
മുസ്ലിം സ്ത്രീകളുടെ ദുരിതത്തെ അവഗണിക്കുകയും മതപരമായ പീഡനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന പാശ്ചാത്യ ലിബറല്‍വാദികളെ ഗ്രന്ഥകാരി തുറന്നടിക്കുന്നു.
‘മുടി മൂടാത്തതിന് ഇറാനിലോ സൗദി അറേബ്യയിലോ മുസ്ലിം സ്ത്രീകളെ കൊന്നാലും തടവിലിട്ടാലും പൊതുവെ പാശ്ചാത്യലോകത്ത് പ്രതികരണം ഉണ്ടാവില്ല.
മനുഷ്യാവകാശങ്ങളെപ്പറ്റി എഴുതിയതിന് ബംഗ്ലാദേശ് തെരുവുകളില്‍ ബ്ലോഗര്‍മാരെ കൊന്നപ്പോള്‍ ആരും കാര്യമാക്കിയില്ല.
ഇസ്ലാമിനെ ചോദ്യം ചെയ്ത കോളജ് വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനില്‍ കൊന്നപ്പോള്‍, ആരും ചോദിച്ചില്ല.
പാശ്ചാത്യ പിതൃസത്ത്വവാദത്തിനെതിരെ പോരാടുമ്പോള്‍, ഇസ്ലാമിക പിതൃസത്ത്വവാദത്തെ പിന്തുണയ്ക്കുന്നത് എങ്ങനെ ന്യായീകരിക്കും?’
എന്ന യാസ്മിന്റെ ചോദ്യത്തിന് മറുപടി അത്യാവശ്യമാണ്.
യാസ്മിന് മുഹമ്മദിന്റെ ഈ ആത്മകഥ, മതാധിപത്യത്തിന്റെ അടിമത്തത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ മോചനത്തിനായി പോരാടുന്നവര്‍ക്കുള്ള ഒരു വെളിച്ചമാണു. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും ലിബറല്‍ സമൂഹത്തിന്റെ സത്യമുള്ള മുഖം തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവരും ഒരുപോലെ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകം.
മാധ്യമപ്രവര്ത്തകന് രാമചന്ദ്രനാണ് യാസ്മിന് മുഹമ്മദ് എഴുതിയ നടുക്കുന്ന ആത്മകഥ മലയാളത്തിലേയക്ക് പരിഭാഷപ്പെടുത്തിയത്. ഡല്‍ഹി ഇന്‍ഡസ് സ്ക്രോള്‍സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മതാധിപത്യത്തിനെതിരെ ഒരു ഉണര്‍വ്
ഈജിപ്തിലെ ആദ്യ പ്രസിഡന്റ് മുഹമ്മദ് നജീബിന്റെ അനന്തരവളാണ് യാസ്മിന് മുഹമ്മദ്. ഇസ്ലാമിന്റെ പീഡനങ്ങളും അടിമത്തവും വിട്ട് സ്വതന്ത്രയായ കനേഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും സര്‍വകലാശാലാ അദ്ധ്യാപികയുമാണ്
യാസ്മിന് രണ്ട് വയസ്സായിരിക്കുമ്പോള്‍, പിതാവ് മാതാവിനെ താലാഖ് ചൊല്ലി ഉപേക്ഷിച്ചു. മൂന്ന് കുഞ്ഞുങ്ങളെ വളര്‍ത്തിയ മാതാവിന് മറ്റൊരു ബന്ധം ഉണ്ടായതോടെ കുടുംബം തീവ്ര യാഥാസ്ഥിതികത്വത്തിലേക്ക് തള്ളി.
പ്രാദേശിക മസ്ജിദില്‍ പരിചയപ്പെട്ടവരിലൊരാളാണ് പിന്നീട് കുടുംബത്തിലെ പീഡകനായി എത്തിയത്. വിവാഹിതനായി മൂന്ന് കുട്ടികളുടെ പിതാവായിരുന്നു അയാള്‍.
അഞ്ചുനേരം നമസ്കാരം നിര്‍ബന്ധിതമായി.
കാഫിറുകളെ വെറുക്കാന്‍ പഠിപ്പിച്ചു.
ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതയായി.
ഖുര്‍ആന്‍ ഓര്‍ക്കാത്തതിന്റെ പേരില്‍ അടികൊണ്ടു.
യാസ്മിന് മദ്രസയോടു ചേര്‍ന്ന ഇസ്ലാമിക സ്കൂളില്‍ പഠിക്കാന്‍ നിര്‍ബന്ധിതയായി. പതിമൂന്നാം വയസ്സില്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അവള് അധ്യാപകനോട് തുറന്ന് പറഞ്ഞു, മുറിവുകള്‍ കാട്ടി.കേസ് കോടതിയില്‍ എത്തിയെങ്കിലും “യാസ്മിന് ഒരു മുസ്ലിം ആണ്, അതിനാല്‍ അവള്‍ക്ക് മതനിയമങ്ങള്‍ ബാധകമാണ്” എന്നായിരുന്നു വിധി.
19-ാം വയസ്സില്‍, അല്‍ഖൈദ ഭീകരനായ എസ്സാം മര്‍സൂക്കിനോടൊപ്പം വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു.വിവാഹത്തില്‍ നിന്നൊരു പെണ്‍കുഞ്ഞ് ജനിച്ചു. അവളെ ലിംഗഛേദനയ്ക്ക് വിധേയമാക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടപ്പോള്‍ യാസ്മിന് അവന്റെ കൂട്ടം വിടുകയായിരുന്നു.
കുടുംബത്തെയും മതത്തെയും വിട്ട്, ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ ദാരിദ്ര്യത്തിനിടയിലും വായ്പ എടുത്തു പഠനം തുടരുകയായിരുന്നു. ഇസ്ലാമല്ല, വിദ്യാഭ്യാസം ആയിരുന്നു യാസ്മിനെ സ്വതന്ത്രയാക്കിയത്.
ഇസ്ലാമിനെ വിമര്‍ശനബുദ്ധ്യാ പഠിച്ച അവള്, അതിലെ അപരിചിതമായ സത്യം തിരിച്ചറിഞ്ഞു. പിന്നീട് മറ്റൊരു വിവാഹം നടത്തി, അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയും ആയി.
അവള് “ഫ്രീ ഹാര്‍ട്ട്സ്, ഫ്രീ മൈന്‍ഡ്സ്” എന്ന എന്‍ജിഒ രൂപീകരിച്ച്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ എക്സ്-മുസ്ലിംകളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചു.
ലോക ഹിജാബ് ദിനത്തിനെതിരെ ‘ഹിജാബ് ഇല്ലാ ദിനം’ സംഘടിപ്പിക്കുന്നു.
“Forgotten Feminists” എന്ന പേരില്‍ യൂട്യൂബ് ഷോ നടത്തുന്നു.
2019-ല്‍ “Unveiled: How Western Liberals Empower Radical Islam” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.“Unveiled” എന്ന കൃതി ഇസ്ലാമില്‍നിന്ന് രക്ഷ നേടിയ ഓരോ വ്യക്തിക്കും സമര്‍പ്പിച്ചിരിക്കുന്നു. മതത്തിന്റെ ഭീകര സമ്മര്‍ദ്ദത്തിനും, അതിനെതിരെ പ്രതികരിക്കാന്‍ പോലും ഭയക്കുന്നവരുടേയും പ്രതിനിധിയാണ് യാസ്മിന് മുഹമ്മദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: