വാഷിംഗ്ടണ്‍: ഗൗതം അദാനിയെ തൊട്ടുപോകരുതെന്ന് പറയാതെ പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദാനിയെ ശിക്ഷിക്കാന്‍ യുഎസ് അറ്റോര്‍ണി ഉപയോഗിച്ച കൈക്കൂലി കുറ്റം ഉള്‍ക്കൊള്ളുന്ന 1977ലെ അഴിമതി നിരോധന നിയമം (ഫോറിന് കറപ്റ്റ് പ്രാക്ടീസസ് ആക്ട്- എഫ് സിപിഎ) തന്നെ എടുത്തുകളഞ്ഞിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ അദാനിക്കെതിരായ യുഎസ് നീതിന്യായ വകുപ്പ് ചാര്‍ത്തിയ കേസും കൈക്കൂലിക്കുറ്റവും തത്വത്തില്‍ അസാധുവായിരിക്കുകയാണ്. അതായത് അദാനിയെ കുറ്റവിമുക്തനാക്കാന്‍ ട്രംപ് നടത്തിയ ഒരു സുപ്രധാനനീക്കമാണിത് എന്നര്‍ത്ഥം. അമേരിക്കയില്‍ ഓഫീസുകളുള്ള കോര്‍പറേറ്റുകള്‍ വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് തടയുന്നതിനുള്ള നിയമമാണ് 1977ല്‍ യുഎസ് നീതിന്യായ വകുപ്പ് നടപ്പാക്കിയ ഫോറിന് കറപ്റ്റ് പ്രാക്ടീസസ് ആക്ട് എന്ന് പേരുള്ള ഈ അഴിമതി നിരോധന നിയമം. ഫോറിന് കറപ്റ്റ് പ്രാക്ടീസസ് ആക്ട് എന്ന് പേരുള്ള ഈ അഴിമതി നിരോധന നിയമം റദ്ദാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെയാണ് ഈ നിയമം ഔദ്യോഗികമായി ഇല്ലാതായത്.
ഇതോടെ അദാനിയ്ക്കെതിരെ വെണ്ടയ്ക്കാ അക്ഷരത്തില്‍ അച്ചുനിരത്തിയ ഹിന്ദു ദിനപത്രവും ഇന്ത്യന്‍ എക്സ്പ്രസും എല്ലാം അപഹാസ്യരായി എന്നേ പറയാനുള്ളൂ. ഈ കേസിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ബഹളം വെച്ചിരുന്നു. ട്രംപിന്റെ നടപടി കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. മാത്രമല്ല, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തലേനാള്‍ തന്നെ ട്രംപ് ഇത്രയും ഗൗരവമായ ഒരു തീരുമാനം എടുത്തതും ട്രംപ് സര്‍ക്കാരിനുമേല്‍ ഇന്ത്യയ്ക്കുള്ള സ്വാധീനത്തിന്റെ കൂടി തെളിവാണ്.
അമേരിക്കയുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത്തരം കേസുകളില്‍ (അദാനിയ്ക്കെതിരായതുള്‍പ്പെടെ) നടപടികള്‍ നിര്‍ത്തിവെയ്ക്കാനും ട്രംപ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ മറ്റു രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് ആ നിയമം എടുത്തുകളഞ്ഞതെന്നും ട്രംപ് പറഞ്ഞു.
എന്തായിരുന്നു അദാനിയ്ക്കെതിരായ കേസ്?
ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.
ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കു പുറമെ, അസൂർ പവർ, സിപിഡിക്യു എന്നീ കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച അദാനി ഗ്രൂപ്പ്, അവ അടിസ്ഥാനരഹിതമാണെന്ന് അന്നേ പ്രതികരിച്ചിരുന്നു. മാത്രമല്ല കുറ്റപത്രത്തില്‍ എഫ് സിപിഎ ലംഘനം അദാനിയുടെ കമ്പനി നടത്തിയെന്ന ആരോപണം ഇല്ലെന്ന് പ്രമുഖ ഇന്ത്യന്‍ അഭിഭാഷകന് മുഗുള്‍ രോഹ്തഗി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ അദാനിയ്ക്കെതിരെ കൈക്കൂലിക്കുറ്റം ചാര്‍ത്തി ശിക്ഷവിധിച്ചതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു എംപി യുഎസ് അറ്റോര്‍ണി ജനറലിന് നോട്ടീസ് നല്‍കിയിരുന്നു. ഏഷ്യാ പസഫിക് മേഖലയിലെ പ്രധാന രാജ്യമായ ഇന്ത്യയിലെ പ്രധാന ബിസിനസുകാരനെതിരെ നടപടിയെടുക്കുന്നത് അമേരിക്കയ്ക്ക് നല്ലതല്ലെന്നും ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയിലെ പ്രധാന ബിസിനസുകാരനെതിരെ നടപടിയെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അമേരിക്ക വിഘാതമായി നില്‍ക്കുമെന്ന ദുര്‍വ്യാഖ്യാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എംപിയായ ലാന്‍സ് ഗൂഡന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ വൈദ്യുതോര്‍ജ്ജം വില്‍ക്കാനുള്ള കരാര്‍ ലഭിക്കുന്നതിനായി അദാനിയുടെ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ചില സംസ്ഥാനസര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ക്ക് 26.5 കോടി അദാനിയുടെ ഉദ്യോഗസ്ഥര്‍ കൈക്കൂലി നല്‍കിയതെന്നാണ് ആരോപണം. അതായത് ഇന്ത്യയ്ക്കുള്ളില്‍ മാത്രം നടന്ന അഴിമതിക്കേസാണിത്. ഇനി ഇതിന് യുഎസിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഒരു അമേരിക്കക്കാരനെ പോലും കുറ്റപ്പെടുത്താതിരുന്നത്? ഈ കൈക്കൂലിക്കേസില്‍ അമേരിക്കക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലേ? എന്നും ലാന്‍സ് ഗൂഡന്‍ ചോദിച്ചിരുന്നു.
അദാനിയ്ക്കെതിരായ അന്നത്തെ നീക്കത്തിന് പിന്നില്‍ ജോര്‍ജ്ജ് സോറോസ്
യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ എന്തിനാണ് യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് അദാനിയ്ക്കെതിരെ കുറ്റം വിധിച്ചതെന്നത് എല്ലാവര്ക്കും അത്ഭുതമായിരുന്നു. പിന്നീടാണ് അദാനിയ്ക്കെതിരെ കുറ്റവും ശിക്ഷയും വിധിച്ചതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് തെളിഞ്ഞത്. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ ജീവിത പങ്കാളി ജാക്വിലിന് ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില് അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്. ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. അദാനിയെ വീഴ്ത്തുക വഴി മോദിയെ വീഴ്ത്തുക എന്നത് ജോര്‍ജ്ജ് സോറോസിന്റെ വിവിധ എന്‍ജിഒ സംഘടനകളുടെ ടൂള്‍കിറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: