ആലപ്പുഴ: സിപിഎം ജില്ലാ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്ത് ജില്ലയില്‍ എല്ലാം സുഭദ്രമാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങിയ ശേഷവും പാര്‍ട്ടിയിലെ വിഭാഗീയതയും പൊട്ടിത്തെറിയും അവസാനിക്കുന്നില്ല. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്പൂര്‍ണ ആധിപത്യമാണ് ജില്ലയില്‍ നേടിയതെങ്കിലും മറുപക്ഷക്കാരനായ ആര്. നാസറിനെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ വീണ്ടും പരസ്യമായി പ്രവര്‍ത്തകര്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. കൊഴിഞ്ഞുപോക്കും തുടങ്ങി. ആലപ്പുഴ ഏരിയ കമ്മിറ്റിക്ക് കീഴിലെ തുമ്പോളി ലോക്കല്‍ കമ്മിറ്റിയിലെ 9 ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ബ്രാഞ്ചുകളിലെ 80 ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. തുമ്പോളി നോര്‍ത്ത് ബി ബ്രാഞ്ച് സെക്രട്ടറി ഡേവിഡ് കഴിഞ്ഞ ദിവസം സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നു.
കഴിഞ്ഞ ഒക്ടോബറിലെ ലോക്കല്‍ സമ്മേളനത്തിനു ശേഷം ഈ 9 ബ്രാഞ്ചുകളില്‍ ഒരു പ്രവര്‍ത്തനവുമില്ല. പാര്‍ട്ടി പരിപാടികളില്‍ പോലും പങ്കെടുക്കാതെ പ്രവര്‍ത്തകര്‍ മാറിനില്‍ക്കുകയാണ്. പരിപാടിക്ക് വന്നില്ലെങ്കില്‍ ജോലി കളയുമെന്ന് ഒരു ബ്രാഞ്ച് സെക്രട്ടറിയെ ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നു. 2015ലും 2020 ലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന് ശ്രമിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്. ചില നേതാക്കളെ സ്വാധീനിച്ചാണ് ഇയാള്‍ ലോക്കല്‍ കമ്മിറ്റിയില്‍ എത്തിയതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പി.പി. ചിത്തരഞ്ജന് എംഎല്‍എ നേരിട്ടെത്തി പലതവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. ജില്ലാ, സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിലും പ്രതിഷേധം ശക്തമാണ്. ആലപ്പുഴയിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് തുമ്പോളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങള്‍. ജില്ലാ സമ്മേളനത്തിന് ശേഷവും വിഭാഗീയത അവസാനിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവിനെ ഉദ്ഘാടകനാക്കിയതും, മുതിര്‍ന്ന നേതാവായ ജി. സുധാകരനെ പങ്കെടുപ്പിക്കാതിരുന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയായി.
നേരത്തെ കുട്ടനാട്ടില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരും, പ്രാദേശിക നേതാക്കളുമാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ഒരുവിഭാഗം നേതാക്കള്‍ക്ക് നിരോധിത പോപ്പുലര്‍ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജില്ലയുടെ തെക്കന്‍ മേഖലകളിലെ നിരവധി പേരും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: