മാനന്തവാടി: വയനാട്ടിൽ ആദിവാസി യുവതിയുടെ ജീവനെടുത്ത കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. കൂടാതെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
അതിനിടെ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.
അതേ സമയം യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കടുവയാക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ ഇന്നും സംഘര്‍ഷാവസ്ഥയാണുള്ളത്.
രാധ കൊല്ലപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ ബേസ് ക്യാംപിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവ ദൗത്യം വൈകുന്നതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. കടുവയെ പിടികൂടിയാല്‍ തന്നെ കൂട്ടിലടച്ച് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും വെടിവെച്ചുകൊല്ലണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഡിഎഫ്ഒ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: