ന്യൂഡൽഹി : എഎപി മേധാവി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർക്കെതിരെ മുൻ ബിജെപി എംപി പർവേഷ് വർമ്മ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇരുവരും തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതായി ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ വിജയിച്ചാൽ തന്റെ ന്യൂഡൽഹി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി പണം ഉപയോഗിക്കുമെന്ന് വർമ്മ പറഞ്ഞു.
പഞ്ചാബികൾ രാജ്യത്തിന് ഭീഷണിയാണെന്ന് വർമ്മ പറഞ്ഞെന്ന കെജ്രിവാളിന്റെ ആരോപണമാണ് കേസിനാസ്പദമായ വിഷയം. അതേ സമയം ഞാനും എന്റെ കുടുംബവും സിഖ് സമൂഹത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് ഞാൻ പറയേണ്ടതില്ലല്ലോ എന്ന് പർവേഷ് ചോദിച്ചു.
ഇതിനു പുറമെ ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കാറുകൾ സമീപ ദിവസങ്ങളിൽ ഡൽഹിയിൽ പ്രവേശിച്ചതായി വർമ്മ ആരോപിച്ചു. അവരുടെ പ്രചാരണത്തിൽ എനിക്ക് ഒരു പ്രശ്നവുമില്ല, പക്ഷേ ചൈനീസ് കമ്പനികളുടെ സിസിടിവി ക്യാമറകൾ, മദ്യം, പണം എന്നിവ വിതരണം ചെയ്തുകൊണ്ട് അവർ വോട്ടർമാരെ സ്വാധീനിക്കുന്നതായി വർമ്മ ആരോപിച്ചു. ഇത് സംബന്ധിച്ച് പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ആസന്നമായ പരാജയത്തിൽ നിന്നുമുള്ള നിരാശയിൽ നിന്നാണ് കെജ്രിവാൾ നുണകൾ പറയുന്നതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. രാമനെയും ഹനുമാനെയും കുറിച്ചുള്ള വികലമായ പരാമർശങ്ങളിലൂടെ കെജ്രിവാൾ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം വിമർശിച്ചു.
ഫെബ്രുവരി 5 ന് ഡൽഹിയിലെ ജനങ്ങൾ അവർക്ക് മറുപടി നൽകുമെന്നും ഫെബ്രുവരി 8 ന് താമര വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: