തിരുവനന്തപുരം: സര്‍ക്കാര്‍ അനങ്ങുന്നില്ല, കായികതാരങ്ങള്‍ വീണ്ടണ്ടും തെരുവില്‍. ഒരിക്കല്‍ക്കൂടി സര്‍ക്കാരിന്റെ കടുംപിടുത്തത്തിനു മുന്നില്‍ കായിക താരങ്ങള്‍ നിരാശയോടെ സമരവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍. പതിനൊന്ന് മാസമായി ഭക്ഷണ അലവന്‍സ് ലഭിക്കാത്തതില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കായികതാരങ്ങള്‍ പ്രതിഷേധിച്ചു. സ്പോര്‍ട്സ് ഹോസ്റ്റുകളില്‍ ഭക്ഷണം നല്‍കുന്നതിനുള്ള ഗ്രാന്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭിക്ഷയാചിക്കല്‍ സമരവുമായാണ് അഞ്ഞൂറോളം വരുന്ന കായിക താരങ്ങള്‍ തിരുവനന്തപുരത്തെത്തിയത്.
കായിക താരങ്ങളെ പട്ടിണിക്കിടരുത്; ഭക്ഷണത്തിനുള്ള തുക അനുവദിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്ലക്കാഡുകളുയര്ത്തിയാരുന്നു പ്രതിഷേധം. സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളിലെയും അക്കാദമികളിലെയും കുട്ടികള്‍ക്കുള്ള ഭക്ഷണ അലവന്‍സാണ് മുടങ്ങിയത്. പതിനൊന്ന് മാസമായി ഭക്ഷണ അലവന്‍സ് കുടിശികയാണെന്ന് കായികതാരങ്ങള്‍ പറഞ്ഞു.
ഏഴുകോടി രൂപയാണ് കുടിശികയായത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കായിക താരങ്ങള്‍ സമരത്തിനെത്തി. കായികാധ്യാപകര്‍ പിന്തുണയുമായുണ്ടായിരുന്നു. കായിക താരങ്ങള്‍ സമരത്തിലേക്ക് എന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
84 ഹോസ്റ്റലുകളിലായി 1902 താരങ്ങളാണുള്ളത്. 250 രൂപ വീതമാണ് ഇവരുടെ പ്രതിദിന ഭക്ഷണ അലവന്‍സ്. വലിയ കായിക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലിലെ താരങ്ങള്‍ക്കു ഭക്ഷണ അലവന്‍സ് പോലും നല്‍കാത്തതും സ്പോര്‍ട്സ് കിറ്റ് വിതരണം മുടങ്ങിയതും വ്യാപക പ്രതിഷേധത്തിനിടയാക്കിയെങ്കിലും ഖജനാവ് കാലിയായതിനാല്‍ പണം നല്കുന്ന കാര്യത്തില്‍ കായികവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് കായികതാരങ്ങളുടെ പരാതി.
ധനവകുപ്പ് പണം നല്‍കാത്തതാണ് സ്പോര്‍ട്സ് കൗണ്‍സിലിനു തിരിച്ചടിയാകുന്നത്. ഇത്രയും വലിയ സമരം നടന്നിട്ടും കായിക മന്ത്രിയും ധനവകുപ്പും കായിക താരങ്ങള്‍ക്കായി രംഗത്തുവരാത്തത് ദൗര്‍ഭാഗ്യകരമെന്ന് കായിക താരങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: