ശബരിമല: മനസും ശരീരവും അയ്യപ്പജ്യോതിയിലേക്ക് സമര്‍പ്പിച്ച് നൂറുകണക്കിന് പര്‍ണശാലകള്‍ ശബരീശസന്നിധിയില്‍ ഒരുങ്ങിതുടങ്ങി. കാനനവാസന്റെ തൊട്ടരികിലായി പാണ്ടിത്താവളത്തിലാണ് ഏറ്റവുമധികം പേരും തമ്പടിച്ചത്. പ്ലാസ്റ്റിക് ചാക്കുകളും അധികമായി കൊണ്ടുവന്ന കറുപ്പ് വസ്ത്രങ്ങളും ബെഡ് ഷീറ്റുകളുമെല്ലാം കൂട്ടികെട്ടിയാണ് മഴയും വെയിലുമേല്‍ക്കാതെ മകരവിളക്കിന്റെ പുണ്യം ഹൃദയങ്ങളില്‍ ഏറ്റുവാങ്ങാനായി തീര്‍ത്ഥാടകര്‍ പര്ണശാലകളൊരുക്കുള്ളത്. പത്തിലധികം പേര് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഒറ്റ പര്‍ണശാലകളുമുണ്ട്.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പര്‍ണശാലകള്‍ ഉയരുമെന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും സജീവമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ശരണമന്ത്രമുഖരിതമായ മനസോടെയാണ് തീര്‍ത്ഥാടകര്‍ നാളത്തെ മകരവിളക്ക് ദര്‍ശിക്കാനായി കാത്തിരിക്കുന്നത്. അതിനിടെ ഇന്നലെ തിരക്ക് രഹിതമായ വലിയനടപ്പന്തലാണ് രാവിലെ മുതല്‍ കാണപ്പെട്ടത്. ശനിയും ഞായറും സാധാരണ ശക്തമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന പതിവില്‍ നിന്നും നേര്‍വിപരീതമായിരുന്നു അവസ്ഥ.
മകരവിളക്കിന് മുന്നോടിയായി കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ കാരണമാണ് അയ്യപ്പദര്‍ശനത്തിനുള്ള ഭക്തരുടെ വന്‍തിരക്ക് ഇല്ലാതാകാന്‍ കാരണമെന്നാണ് വിമര്‍ശനം. മകരവിളക്കിനോട് അനുബന്ധിച്ച് തിങ്കളും ചൊവ്വയും വന്‍തിരക്കാണ് ദേവസ്വം ബോര്‍ഡും മറ്റ് വിവിധ വകുപ്പുകളും പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: