തിരുവനന്തപുരം: പേര് പഴയിടമെന്നാണെങ്കിലും മോഹനന് നമ്പൂതിരിയ്ക്ക് പുതുയിടങ്ങളെ രൂചികൊണ്ട് കീഴടക്കുക എന്ന വെല്ലുവിളി ഏറെയിഷ്ടം.എന്നും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഇഡ്ഡലിയും, സാമ്പാറും ചക്കപ്പഴവും പാലടപ്രഥമനും മീനില്ലാ മിന്കറിയും സദ്യയും വിളമ്പി താരമായി. അഞ്ചു രാപ്പകലുകളിലായി ഏകദേശം അഞ്ച് ലക്ഷം പേര് ഊട്ടുപുരയില്‍ നിന്നും ഭക്ഷണം കഴിച്ച് തൃപ്തരായി മടങ്ങിയത്.
35000 പേരാണ് ഒരോ നേരവും ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നത്. കലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും സംഘാടകര്‍ക്കും ഓരോ നേരവും 3500 ഭക്ഷണപ്പൊതികള്‍ വേറെയും. ഈ അഞ്ചു ദിവസവും പഴയിടം ഉറങ്ങിയത് അഞ്ച് മണിക്കൂര്‍ മാത്രം. ദിവസേന രാത്രിവൈകിയെപ്പോഴെങ്കിലും ഒരു മണിക്കൂര്‍ നേരം കസേരയില്‍ ഇരുന്നുള്ള ഉറക്കം മാത്രം.
നൃത്തത്തില്‍ നവരസങ്ങളായി ഒമ്പത് രസങ്ങളുണ്ടെങ്കില്‍ പാചകത്തില്‍ ആറ് രസങ്ങളേയുള്ളൂവെന്നും പഴയിടം മോഹനന്‍നമ്പൂതിരി പറയുന്നു. മധുരം, എരിവ്, പുളി, ഉപ്പ്, കയ്പ്, ചവര്‍പ്പ് എന്നിവയാണ് പാചകത്തിലെ ആറ് രസങ്ങള്‍. ഉണ്ണുന്നവരുടെ രസനകളെ ത്രസിപ്പിക്കാന്‍ ഈ ഷഡ് രസങ്ങള്‍ ചേരും പടി ചേര്‍ക്കണം. രസങ്ങള്‍ രസിക്കും വിധം കലര്‍ത്തുന്നതിലാണ് പഴയിടം മോഹനന് നമ്പൂതിരിയുടെ കൈപ്പൂണ്യം.ഇതില്‍ മധുരം പായസത്തിലാണെങ്കില്‍ കയ്പ് വരുന്ന കയ്പക്കാതോരനിലാണ്. ചവര്‍പ്പ് വരുന്നത് നെല്ലിക്കയിലും അമരപ്പയര്‍ തോരനിലുമാണ്. പുളിയാണ് പുളി പകരുന്നതെങ്കില്‍ എരിവ് പകരുന്നത് മുളകാണ്. ഈ ആറ് രസങ്ങളും ചേര്‍ന്ന് വരുന്ന ഒരേയൊരു വിഭവം പുളിഞ്ചിയാണെന്നും പഴയിടം പറയുന്നു.
കഴിഞ്ഞ തവണ കോഴിക്കോട് നടന്ന യുവജനോത്സവത്തില്‍ കുട്ടികള്‍ക്ക് നോണ്‍വെജും വിളമ്പണം എന്നതിന്റെ പേരില്‍ വിവാദമുണ്ടാവുകയും ആ വിവാദം വെജ് ഭക്ഷണം ഒരുക്കുന്ന പഴയിടത്തിലേക്ക് വരെ തിരിയുകയും ചെയ്തിരുന്നു. പക്ഷെ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ ഇത്രയും കുറവ് തുകയില്‍ ഭക്ഷണം നല്കാന് കഴിവുള്ളവര്‍ കേരളത്തില്‍ ആരുമില്ലെന്നതാണ് പഴയിടത്തെ അനന്യനാക്കുന്നത്.
ഈ വര്‍ഷം വിവാദത്തിന്റെ കാര്‍മേഘമൊഴിഞ്ഞ യുവജനോത്സവമായിരുന്നു. സദ്യയ്ക്ക് ദിവസേന പത്ത് കൂട്ടം കറികളും വിളമ്പിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: