ന്യൂദല്‍ഹി: വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ 2025ല്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ഭാരതത്തിനു നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചതായും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കൂട്ടായ പരിശ്രമങ്ങളും പരിവര്‍ത്തന ഫലങ്ങളും എന്ന തലക്കെട്ടോടെയാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവച്ചത്. 2024ല്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും കുറിപ്പിനൊപ്പമുണ്ട്.
‘ബഹിരാകാശത്തില്‍ നിന്നു മണ്ണിലേക്ക്, റെയില്‍വെ മുതല്‍ റണ്‍വേകള്‍ വരെ, സംസ്കാരം മുതല്‍ നവീകരണം വരെ,’ 2024നെ ശ്രദ്ധേയമായ പുരോഗതിയുടെയും പരിവര്‍ത്തനത്തിന്റെയും ഒരു വര്‍ഷമായി 2.05 മിനിറ്റ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടെയാണ് 2024നു തുടക്കം കുറിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന വീഡിയോയില്‍ രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍, സൂപ്പര്‍ കമ്പ്യൂട്ടിങ് പ്രതിരോധ നിര്‍മാണത്തിലെ ഉത്തേജനം, വ്യോമയാന വ്യവസായത്തിലെ വളര്‍ച്ച, റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണം, അടല്‍ സേതു, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു മുക്തരാക്കിയത്, ആയുഷ്മാന്‍ ഭാരത് വയോ വന്ദന്‍ യോജന, ട്വന്റി20 ലോകകപ്പ്, പാരാലിമ്പിക്സ്, ചെസ്സ് എന്നിവയിലെ വിജയങ്ങള്‍ തുടങ്ങിയവ എടുത്തുകാണിക്കുന്നു.
പുതുവര്‍ഷത്തെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും സ്വാഗതം ചെയ്യാമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശംസിച്ചു. സമൂഹത്തെയും രാജ്യത്തെയും ഐക്യത്തിന്റെയും മികവിന്റെയും പാതയിലേക്ക് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാമെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: