കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് ഭരണകൂടം ജയിലിലടച്ച ഹിന്ദു ആചാര്യന് ചിന്മയ് കൃഷ്ണദാസിനായി ജനുവരി രണ്ടിന് കോടതിയില്‍ ഹാജരായി പോരാടുമെന്ന് ആചാര്യന്റെ അഭിഭാഷകനായ രബീന്ദ്ര ഘോഷ്.
ആചാര്യന്റെ തടവ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ബംഗ്ലാദേശ് ഭരണകൂടം നടത്തുന്നതെന്ന് രബീന്ദ്ര ഷോഷ് പറഞ്ഞു. കൊല്‍ക്കത്തയിലെ ഇസ്കോണ്‍ ക്ഷേത്രത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് ദിവസം മുന്‍പ് കൊല്‍ക്കത്തയില്‍ ചികിത്സയ്ക്കായിട്ടാണ് അദ്ദേഹം എത്തിയത്. ഉടനെ തന്നെ ബംഗ്ലാദേശിലേയ്ക്ക് തിരിച്ചുപോകുമെന്നും ക്രൂരമായ തേര്‍വാഴ്ചയ്ക്കെതിരെ പോരാടുമെന്നും രബീന്ദ്ര ഘോഷ് പറഞ്ഞു.
ബംഗ്ലാദേശ് സുപ്രീംകോടതി അഭിഭാഷകനും ബംഗ്ലാദേശ് മൈനോരിറ്റി വാച്ചിന്റെ ചെയര്‍മാനുമാണ് രബീന്ദ്ര ഘോഷ്. രണ്ടു തവണ ചിറ്റഗോങ് മെട്രോപോളിറ്റന്‍ കോടതിയില്‍ ചിന്മയ് കൃഷ്ണദാസിനായി ജാമ്യാപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. അടുത്തവാദം ജനുവരി രണ്ടിനാണ്. എനിക്ക് ശാരീരിക അവശതയുണ്ടെങ്കില്‍ മറ്റ് അഭിഭാഷകരെ അതിനായി നിയോഗിക്കുമെന്നും ഘോഷ് പറഞ്ഞു. തെറ്റായ കുറ്റാരോപണങ്ങളാണ് കൃഷ്ണദാസിനെതിരെയുള്ളത്. ജനങ്ങളുടെ നന്മയ്ക്കായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
കോടതിയില്‍ വാദം കേള്‍ക്കാത്തതിനാലാണ് അദ്ദേഹത്തിന് ജയിലില്‍ തന്നെ കഴിയേണ്ടിവരുന്നത്. ഇടക്കാല സര്‍ക്കാര്‍ വന്നതിനുശേഷം ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ 6650 അക്രമസംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. നിരവധി വിദേശരാജ്യങ്ങല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര നിയമങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നും ബംഗ്ലാദേശിന് ബാധകമല്ലാത്ത അവസ്ഥയാണ്. അഭിഭാഷകര്‍ക്ക് ഭീഷണി ഉള്ളതിനാല്‍ അവരാരും കോടതിയില്‍ ഹാജരാകുവാന്‍ തയാറാവുന്നില്ല. എന്നെ തടയുവാനുമാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പോരാട്ടം തുടരുമെന്നും ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: