വെള്ളറട: ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം യാത്ര തിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാ സംഘം യാത്ര തുടങ്ങിയത്. 33 വര്‍ഷം മുമ്പ് വെള്ളറടയില്‍ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഗുരുസ്വാമി കരുണാകരന്റെ നേതൃത്വത്തില്‍ തുടങ്ങിയ മലയാത്ര അദ്ദേഹത്തിന്റെ മരണശേഷം ജന്മഭൂമി ഏജന്റ് കുന്നത്തുകാല്‍ ചിമ്മണ്ടി പത്മകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 450 കിലോമീറ്റര്‍ ദൂരം കാല് നടയായി സഞ്ചരിച്ചാണ് സംഘം ശബരിമലയിലെത്തുക.
പരമ്പരാഗത സഞ്ചാരപാതയിലെ ക്ഷേത്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയാണ് യാത്ര. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയില്‍ നിന്നുള്ള പദയാത്രാ സംഘത്തിലെ അയ്യപ്പന്മാര് കാല്‍നടയായി കുന്നത്തുകാലില്‍ എത്തിയ ശേഷം യാത്രാസംഘത്തിലെ എല്ലാപേരും കെട്ടുനിറച്ച് കാല്‍നടയായി വെള്ളറട, കള്ളിക്കാട്, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ വഴി കല്ലേലി, റാന്നി, എരുമേലിയിലെത്തി അവിടെ നിന്നും പീരുമേട് സത്രം വഴിയാണ് സന്നിധാനത്തെത്തുക. യാത്രാസംഘത്തിലെ അയ്യപ്പന്മാര് തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുകയാണ് പതിവ്. യാത്ര തുടങ്ങി അഞ്ചാം ദിവസം അച്ചന് കോവിലിലും എട്ടാം ദിവസം എരുമേലിയിലും പത്താം ദിവസം സന്നിധാനത്തും എത്തും.
41 ദിവസം വ്രതമെടുത്ത് പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ തുടരുന്ന തീര്‍ത്ഥാടനത്തില്‍ ഇക്കുറി 35 പേരാണുള്ളത്. മുന്‍കാലങ്ങളില്‍ നാല്പതോളം പേര് സംഘത്തില്‍ ഉണ്ടാകുമായിരുന്നു. കൊവിഡ് രൂക്ഷമായിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കാരണം മുപ്പതു വര്‍ഷമായി ഒരു തവണ പോലും മുടക്കം കൂടാതെ അയ്യനെക്കാണാന്‍ മകരവിളക്ക് സമയത്ത് മലകയറിയിരുന്ന കുന്നത്തുകാല്‍ സംഘം 2021 ല്‍ മാത്രമാണ് യാത്ര മാറ്റിവച്ചത്. ആ തവണ മകരവിളക്ക് ദിനത്തില്‍ അയ്യപ്പസ്വാമിയെ കണ്ടു തൊഴാന്‍ സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരമുള്ള അഗസ്ത്യാര്‍കൂട മലനിരകളിലെ കാളിമല വരമ്പതി ശ്രീധര്‍മ്മശാസ്താവിനെ കണ്ടു വണങ്ങിയിരുന്നു. കാല്നടസംഘത്തിലെ പത്തിലേറെ പേര് മൂന്ന് പതിറ്റാണ്ടായി ശബരിമലയില്‍ പോകുന്നവരാണ്. ബസിലാണ് ഇവരുടെ മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: