ന്യൂദല്‍ഹി: ഐതിഹാസിക ജീവിതത്തിലൂടെ ലോകത്തെ പ്രചോദിപ്പിച്ച ഒസാമു സുസുക്കിയുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാന്‍ ഏറെ ആരാധിച്ചിരുന്ന അദ്ദേഹവുമായുള്ള നിരവധി തവണത്തെ സന്തോഷകരമായ കൂടിക്കാഴ്ചകള്‍ മനസിലേക്കെത്തുന്നു. ആഗോള വാഹന വ്യവസായ രംഗത്തെ ഐതിഹാസിക വ്യക്തിത്വമാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വാഹനവ്യവസായ രംഗത്തെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുസുക്കി മോട്ടോഴ്സ് ആഗോള ശക്തിയായി മാറി. ഭാരതത്തോട് അദ്ദേഹത്തിന് സ്നേഹ സമ്പൂര്‍ണമായ അടുപ്പമുണ്ട്. സുസുക്കി-മാരുതി ബന്ധത്തിന്റെ വിജയം ആ സ്നേഹത്തിന്റെ അടയാളമാണ്.
ഇത്രമാത്രം ഉന്നതിയിലായിരുന്നിട്ടും അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പ്രവര്‍ത്തന മേഖലയോടുള്ള ഒസാമു സുസുക്കിയുടെ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കും, മോദി എക്സില്‍ കുറിച്ചു.
കഴിഞ്ഞദിവസമാണ് സുസുക്കി മുന്‍ ചെയര്മാന് ഒസാമു സുസുക്കി (94) അന്തരിച്ചത്. അര്‍ബുദ രോഗബാധിതനായിരുന്നു. ഡിസംബര്‍ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. നാല്പതു വര്‍ഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. സുസുക്കിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് ചെയര്മാന് സ്ഥാനത്തുനിന്നു മാറിയത്.
ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭാരതവുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍നിന്നാണ് മാരുതി 800ന്റെ ജനനം.
1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി. ജൂനിയര്‍, സീനിയര്‍ തസ്തികകള്‍ പിന്നിട്ട് 1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000ല്‍ ചെയര്‍മാനായി. മുപ്പതു വര്‍ഷത്തിനു ശേഷമാണ് ചെയര്മാന് പദവി മകന് തൊഷിഹിറോ സുസുകിക്കു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: