ന്യൂദല്‍ഹി: ഡോ. അംബേദ്ക്കറെ നിരന്തരം അപമാനിച്ച കോണ്‍ഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി, രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവരാണ് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രസ്താവനകളുമായി വിവിധ സംസ്ഥാനങ്ങളില്‍ രംഗത്തെത്തിയത്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലങ്കോലമാക്കി തീര്‍ത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നെഹ്റു മുതല്‍ രാഹുല്‍ വരെ ഭരണഘടനയെ ഏതൊക്കെ തരത്തിലാണ് അപമാനിച്ചതെന്ന് പാര്‍ലമെന്റിലെ ചര്‍ച്ചയോടെ ജനങ്ങള്‍ക്ക് മനസിലായി.
സംവരണത്തിനെതിരായ കോണ്‍ഗ്രസ് നിലപാടും അംബേദ്ക്കറെ നിരന്തരം അപമാനിച്ച കോണ്‍ഗ്രസ് നടപടികളും തുറന്നുകാട്ടപ്പെട്ടു. അമിത് ഷായുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പു പറയണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു.
അംബേദ്ക്കറിന്റെ പേരില്‍ കോണ്‍ഗ്രസ് മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. അംബേദ്ക്കറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയവര്‍ ഇന്ന് അദ്ദേഹത്തിനായി കണ്ണീരൊഴുക്കുന്നുവെന്നും സായ് പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണത്തില്‍ പ്രതിഷേധിച്ചാണ് അംബേദ്ക്കര്‍ നെഹ്റു മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോയതെന്നും പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയും അവഗണിച്ച് മുസ്ലിംകള്ക്ക് സംവരണം നല്കാന് മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചതെന്നും ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ആരോപിച്ചു. അംബേദ്ക്കറിനായി ഒരു സ്മാരകം പോലും രാജ്യത്ത് പണിയാതിരുന്നവരാണ് ഇന്ന് അംബേദ്ക്കര്‍ സ്നേഹം പറഞ്ഞുവരുന്നതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. അംബേദ്ക്കര്‍ക്ക് ഭാരത രത്ന നല്കാന് കോണ്‍ഗ്രസ് ഒരിക്കലും തയാറായിട്ടില്ല, ശര്‍മ്മ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ നെഹ്റുവിന്റെയും പിന്മുറക്കാരുടേയും പേരില്‍ മാത്രമേ രാജ്യത്ത് സ്മാരകങ്ങള്‍ നിര്മിച്ചുള്ളൂവെന്നും അംബേദ്ക്കരെ അവര്‍ എക്കാലവും വിസ്മരിച്ചതായും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: