ശ്രീനഗര്‍:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്ന കോണ്‍ഗ്രസിനെ എതിര്‍ത്ത് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി 288ല്‍ 235 സീറ്റുകളും നേടിയത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
“വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്ന കോണ്‍ഗ്രസിന്റെ ഈ രീതി ശരിയല്ല. കാരണം ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറഞ്ഞില്ല. “- ഇന്‍ഡി മുന്നണിയുടെ സഖ്യകക്ഷി കൂടിയായ നാഷണല്‍ കോണ്‍ഫന്‍സിന്റെ നേതാവും കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു.
തോല്‍ക്കുമ്പോള്‍ മാത്രം വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്ന കോണ്‍ഗ്രസിന്റെ രീതി ശരിയല്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ വിട്ടുനില്‍ക്കണമെന്നും ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: