ഭോപ്പാൽ : 110 വയസുള്ള സന്യാസിവര്യൻ സിയറാം ബാബയ്ക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി . മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലെ ഭട്ടിയാൻ ഗ്രാമത്തിൽ നർമ്മദ നദിയുടെ തീരത്ത് താമസിച്ചിരുന്ന സിയറാം ബാബ ബുധനാഴ്ച രാവിലെയാണ് വിടവാങ്ങിയത്.മുഖ്യമന്ത്രി മോഹൻ യാദവും മറ്റ് പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
അദ്ദേഹത്തിന്റെ വിയോഗവാർത്ത പ്രദേശത്തും ഭക്തജനങ്ങളിലും ഏറെ സങ്കടമുണ്ടാക്കി.ജീവിതത്തിലുടനീളം ആത്മീയതയിൽ മുഴുകിയിരുന്ന സിയറാം ബാബയെ അവസാനമായി കാണാനായി നിരവധി ആളുകൾ എത്തിയിരുന്നു.
സിയറാം ബാബ തന്റെ ജീവിതം മുഴുവൻ നർമ്മദാ നദിയുടെ ആരാധനയ്ക്കായി സമർപ്പിച്ചു. ജീവിതകാലം മുഴുവൻ നർമ്മദാ വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചിരുന്നത്. അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തെ “നർമ്മദയുടെ ഏറ്റവും വലിയ ഭക്തൻ” എന്ന് വിളിച്ചു. നർമ്മദാ നദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തിൽ തപസ്സനുഷ്ഠിച്ച അദ്ദേഹം ഹനുമാന്റെ കടുത്ത ആരാധകനായിരുന്നു. രാവും പകലും രാമായണ പാരായണം അദ്ദേഹത്തിന്റെ ദിനചര്യയുടെ അവിഭാജ്യ ഘടകമായിരുന്നു.
സിയറാം ബാബയുടെ കൃത്യമായ പ്രായം ഇന്ന് ആർക്കും അറിവില്ല. എന്നാൽ 100 വയസിന് മുകളിൽ പ്രായമുള്ളതായി കരുതുന്നു. ചില കണക്കുകൾ പ്രകാരം അദ്ദേഹത്തിന് 110 വയസുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രായം 130 ആണ്.
സിയറാം ബാബ ആരിൽ നിന്നും 10 രൂപയിൽ കൂടുതൽ സംഭാവന വാങ്ങിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ഭക്തൻ 500 രൂപ നൽകിയാൽ 490 രൂപ തിരികെ നൽകും. പത്ത് വർഷം ഒറ്റക്കാലിൽ നിന്നു കൊണ്ട് കഠിനമായ തപസ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ജനപ്രിയനായത്. 12 വർഷം മൗനവ്രതവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.ദിവസവും 21 മണിക്കൂർ വരെ അദ്ദേഹം രാമായണശ്ലേകങ്ങൾ ഉരുവിടുന്നു. ഇതിന് പുറമേ ധ്യാനം, പ്രാർത്ഥന തുടങ്ങിയവയ്ക്കും മുടക്കം വരുത്താറില്ല. വളരെ ലളിതമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: