ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെത്തുടർന്ന് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. രാജ്യം മുഴുവൻ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ വിഡിയോ ഹൃദയം തകർക്കുന്നതാണ്. വ്യാജ ഫെമിനിസം വിമർശിക്കപ്പെടണം. ഭർത്താക്കന്മാരിൽ നിന്നും പണം തട്ടിയെടുക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ അടുത്തിടെ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും, ഇവരെ സംരക്ഷിക്കുന്നത് കപട ഫെമിനിസമാണെന്നും കങ്കണ വിമർശിച്ചു.
ബന്ധം വേർപിരിഞ്ഞതിന് ശേഷം ഭാര്യയിൽ നിന്നുള്ള പീഡനം വിശദീകരിക്കുന്ന യുവാവിന്റെ പോസ്റ്റുകൾ ഹൃദയഭേദകമാണെന്ന് കങ്കണ പറഞ്ഞു. കപട ഫെമിനിസം അപലപനീയമാണ്. കോടിക്കണക്കിന് രൂപയാണ് തട്ടിയെടുക്കാൻ യുവതി ശ്രമിച്ചത്. അദ്ദേഹത്തിന്റെ സാമ്പത്തിക ശേഷിയേക്കാൾ കൂടുതലാണത്. കടുത്ത സമ്മർദ്ദത്തിൽ മറ്റുവഴികളില്ലാതെയാണ് ബെംഗളൂരുവിലെ യുവാവ് ആത്മഹത്യ ചെയ്തതെന്നും കങ്കണ പറഞ്ഞു. രാജ്യത്ത് 99 ശതമാനം ഗാർഹികപീഡന കേസുകളിലും കുറ്റക്കാർ പുരുഷന്മാരാണ്. എന്നാൽ ബാക്കി വരുന്ന കേസുകളിൽ പുരുഷന്മാരാണ് ഇരകളാകുന്നതെന്നും എംപി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ചയാണ് സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതുൽ സുഭാഷ് ബംഗളൂരുവിലെ വീട്ടിൽ സീലിങ്ങിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ ഭാര്യക്കെതിരെ സുഭാഷിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
24 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്. ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നുണ്ട്. ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയും കുറിപ്പിൽ പരാമർശിക്കുന്നു. കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവച്ച് കൈക്കൂലി വാങ്ങിയതായി സുഭാഷ് ആരോപിക്കുന്നു. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: