ഗുരുവായൂര്‍: ഏകാദശി വ്രതം നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് സ്വര്ണക്കോലത്തിലെഴുന്നള്ളിയ ഗുരുവായൂരപ്പന് ഇന്നലെ ദര്‍ശന സായൂജ്യമരുളി.
പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ, ഏകാദശി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചത്. ദര്‍ശനസുകൃതം നേടാന്‍ ഏകാദശിവ്രതം അനുഷ്ഠിച്ച് വാതാലയേശന്റെ തിരുസന്നിധിയിലേക്ക് ഇന്നലെ പതിനായിരങ്ങള്‍ ഒഴുകിയെത്തി. ദേവസ്വത്തിന്റെ വകയായിരുന്നു, ഏകാദശി ദിനമായ ഇന്നലത്തെ വിളക്കാഘോഷം.
രാവിലെ ഉഷഃപൂജയ്ക്കു ശേഷം മേളത്തിന്റെ അകമ്പടിയില്‍ നടന്ന പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിക്ക്, ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ സ്വര്‍ണക്കോലത്തില്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റി. ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ദ്വാദശി പണസമര്‍പ്പണം ഇന്ന് പുലര്‍ച്ചെ 12 മുതല്‍ രാവിലെ 8 മണിവരെ തുടരും. ദ്വാദശി സമര്‍പണത്തിന് ശേഷം ഇന്ന് രാവിലെ 9ന് ക്ഷേത്രഗോപുര നടയടയ്ക്കും. ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമേ തുറക്കുകയുള്ളു. ക്ഷേത്രനട അടച്ച സമയത്ത് വിവാഹം, കുട്ടികള്‍ക്കായുള്ള ചോറൂണ്, തുലാഭാരം തുടങ്ങി ഒരു വഴിപാടുകളും ക്ഷേത്രത്തില്‍ നടക്കില്ല.
അതേസമയം ഏകാദശിയെഴുന്നള്ളിപ്പിന് ഒരാനയായി ചുരുക്കിയതില്‍ വിമര്‍ശനം. ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണമെന്ന ഹൈക്കോടതി നിബന്ധന നിലനില്‍ക്കുന്നതിനാല്‍ ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് മതിയെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. മൂന്നാനപ്പുറത്താണ് മുന്‍ വര്‍ഷങ്ങളില്‍ ഏകാദശിയെഴുന്നള്ളിപ്പ് നടക്കാറുള്ളത്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് മൂന്നാനകളെ നിര്‍ത്തുന്നതിന് തടസമുണ്ടായിരുന്നില്ല എന്ന് ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരാന മതിയെന്ന തീരുമാനത്തില്‍ ദേവസ്വം ഉറച്ചുനിന്നു. ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ തിടമ്പേറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: