ഗിരിരാജ് സിങ്
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി
”പരിവര്‍ത്തന്‍ ഹീ സന്‍സാര്‍ കാ നിയം ഹേ” – മാറ്റം പ്രപഞ്ച നിയമമാണ്. ഈ കരുത്തുറ്റ സന്ദേശത്തിന് അനുസൃതമായി, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാരതത്തിന്റെ തുണിത്തര പാരമ്പര്യം രൂപാന്തരപ്പെടുകയാണ്. ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് കേവലം തുണിത്തരങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല; സ്വപ്‌നങ്ങള്‍ നെയ്യുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും 140 കോടി ഭാരതീയര്‍ക്ക് സുസ്ഥിരമായ നാളെ രൂപപ്പെടുത്തുന്നതിനും കൂടിയുള്ളതാണ്. ഇന്ന്, രാജ്യത്തെ ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍സ് മേഖല ജീവിതങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഞാന്‍ അഭിമാനത്തോടെ പങ്കുവയ്‌ക്കുകയാണ്. പാക്ക്‌ടെക്, ഇന്‍ഡുടെക്, മൊബൈല്‍ടെക്, ക്ലോത്‌ടെക്, ഹോംടെക്, മെഡിടെക്, അഗ്രോടെക്, ബില്‍ഡ്‌ടെക്, പ്രോടെക്, ജിയോടെക്, സ്പോര്‍ട്ടെക്, ഓക്കോടെക് തുടങ്ങിയ 12 പ്രത്യേക വിഭാഗങ്ങളില്‍ ഓരോന്നും മികച്ച അവസരങ്ങളാണു വാഗ്ദാനം ചെയ്യുന്നത്.
25 ശതകോടി ഡോളര്‍ മൂല്യമുള്ളതും 2030 ഓടെ 40 ശതകോടി ഡോളര്‍ കവിയുമെന്നു പ്രതീക്ഷിക്കുന്നതുമായ ലോകത്തിലെ അഞ്ചാമത്തെ വലിയ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ വിപണി എന്ന നിലയില്‍, ഭാരതം ശ്രദ്ധേയമായ കയറ്റുമതി വളര്‍ച്ച കൈവരിച്ചു. 2014ല്‍ പൂജ്യത്തിനടുത്ത് എന്ന നിലയില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ശതകോടി ഡോളറായി ഉയര്‍ന്നു. 2030-ഓടെ 10 ശതകോടി ഡോളറാണ് ലക്ഷ്യമിടുന്നത്. പാക്ക്‌ടെക്, ഇന്‍ഡുടെക്, മൊബൈല്‍ടെക് എന്നിവ കയറ്റുമതിയുടെ 70ശതമാനം വരും. ഇത് രാജ്യത്തിന്റെ ഉല്‍പ്പാദനശക്തി ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം ബില്‍ഡ്‌ടെക് മേഖലയിലെ 229 ശതമാനം വളര്‍ച്ച പ്രത്യേക മേഖലകളിലെ വൈദഗ്ധ്യം പ്രകടമാക്കുന്നു. മുന്നോട്ടുള്ള പാതയില്‍, ബില്‍ഡ്‌ടെക്, മെഡിടെക്, അഗ്രോടെക്, വളര്‍ന്നുവരുന്ന മറ്റു മേഖലകള്‍ എന്നിവയുള്‍പ്പെടെ മറ്റു സാങ്കേതിക ടെക്‌സ്‌റ്റൈല്‍ വിഭാഗങ്ങളിലുടനീളം കയറ്റുമതി വിപുലീകരിക്കാനും ഗവേഷണവും വികസനവും, സംരംഭകത്വം, സുസ്ഥിര സമ്പ്രദായങ്ങള്‍ എന്നിവയിലൂടെ ആഭ്യന്തര ആവശ്യകത ഉത്തേജിപ്പിക്കാനും രാജ്യം പദ്ധതിയിടുന്നു. സമൃദ്ധമായ മാനവവിഭവശേഷിയും വര്‍ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിതരണവും കാരണം, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് രാജ്യത്തിന്റെ ഭാവിക്ക് സുസ്ഥിരവും പ്രായോഗികവുമായ മാര്‍ഗമായിരിക്കും.
സ്വയംപര്യാപ്തമാകുക എന്ന നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്നതിന്, നൈലോണ്‍, കാര്‍ബണ്‍ ഫൈബര്‍, ഹൈ-സ്പെഷ്യാലിറ്റി ഫൈബറുകള്‍, അള്‍ട്രാ-ഹൈ-മോളിക്യുലാര്‍- വെയ്റ്റ് പോളിയെത്തിലീന്‍ തുടങ്ങിയ നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിരോധ-എയ്‌റോസ്പേസ് മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് സെമികണ്ടക്ടറുകളില്‍ സ്വയംപര്യാപ്തത നേടാന്‍ ഭാരതം പ്രവര്‍ത്തിക്കുന്നതുപോലെ, ടെക്നിക്കല്‍ ടെക്‌സ്റ്റൈല്‍ മേഖലയിലും അതിനായി നാം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1480 കോടി രൂപയുടെ പിന്തുണയോടെ ദേശീയ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ദൗത്യം (ചഠഠങ) ആരംഭിച്ചു. ഈ സംരംഭം ഇതിനകം 509 കോടി രൂപയുടെ 168 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.79 കോടി രൂപയുടെ ധനസഹായവും നല്‍കി.
രണ്ടര വര്‍ഷത്തിനുള്ളില്‍ ടി100 കാര്‍ബണ്‍ ഫൈബറിന്റെ ആഭ്യന്തര ഉത്പാദനത്തിലൂടെ സുപ്രധാന നാഴികക്കല്ല് നമ്മെ കാത്തിരിക്കുന്നു. ഇത് നിര്‍ണായക പ്രതിരോധ-എയ്‌റോസ്പേസ് ആപ്ലിക്കേഷനുകളിലെ നമ്മുടെ ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറയ്‌ക്കും. ഇറക്കുമതി ചെയ്ത നെയ്‌ത്ത് ഇതര സാമഗ്രികള്‍, കാര്‍ബണ്‍ ഫൈബര്‍, ഹൈ-സ്പെഷ്യാലിറ്റി ഫൈബറുകള്‍, നൈലോണ്‍ എന്നിവയെ ആശ്രയിക്കുന്നതു കുറയ്‌ക്കുകയാണ് ലക്ഷ്യം. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഭാരതം ആഭ്യന്തര കാര്‍ബണ്‍ ഫൈബര്‍ ഉത്പാദനം ആരംഭിക്കും. ഇതു സ്വയംപര്യാപ്തതയിലേക്കുള്ള നിര്‍ണായക ചുവടുവയ്പായിരിക്കും.
ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പരിവര്‍ത്തന ശക്തിയാണ് കാര്‍ഷിക മേഖല പ്രകടമാക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ, 567 ദശലക്ഷം ഡോളറിലധികം കയറ്റുമതിയാണ് നൂതന അഗ്രോടെക്‌സ്റ്റൈലുകള്‍ക്കുള്ളത്. നൂതന തണല്‍ വലകളും കമ്പോസ്റ്റ് പായകളും ഉപയോഗിക്കുന്ന കര്‍ഷകനെ നോക്കിയാല്‍, വിളവ് 30-40ശതമാനം വര്‍ധിക്കുന്നുവെന്നും വെള്ളത്തിന്റെ ഉപയോഗം 40ശതമാനം കുറവാണെന്നും കാണാം. നോര്‍ത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്റെ (NITRA) സണ്‍ ഹെംപ് ക്രോപ്പ് കവറുകളും സൗത്ത് ഇന്ത്യ ടെക്സ്റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്റെ (SITRA) ഔഷധലേപനമുള്ള വിത്ത് ബാഗുകളും ഉള്‍പ്പെടെ NTTM-ന് കീഴിലുള്ള 11 പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം 67-75 ശതമാനം വര്‍ധിക്കുന്നത് നാം കാണുന്നു. ഇതൊരു സുസ്ഥിര വികസനമാണ്.
നമ്മുടെ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് യാത്രയില്‍ ദേശീയ സുരക്ഷയും പ്രധാനമാണ്. 449 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കുന്ന, ചകഠഞഅ യുടെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത നൂതന സംരക്ഷണ വസ്ത്രത്തില്‍ നിന്ന് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനം ലഭിക്കുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ വാഹന വില്‍പ്പന 40 ലക്ഷം യൂണിറ്റ് പിന്നിട്ടതോടെ രാജ്യത്തെ ഓട്ടോമോട്ടീവ് മേഖല അഭിവൃദ്ധി പ്രാപിക്കുന്നു. ഇത് എയര്‍ബാഗിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. ഓട്ടോലിവ്, ഇസഡ്എഫ്, ജോയ്‌സണ്‍ തുടങ്ങിയ ആഗോള പ്രമുഖരെ പ്രാദേശികമായി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രേരിപ്പിച്ചു. ഓട്ടോകോപ്പിന്റെയും മാരുതി സുസുക്കിയുടെയും പിന്തുണയില്‍ 9.2 ശതമാനം വളര്‍ച്ചാ നിരക്കോടെ, സീറ്റ് ബെല്‍റ്റ് നിര്‍മിക്കുന്ന തുണിത്തരത്തിന്റെ അതിവേഗം വളരുന്ന വിപണി എന്ന നിലയില്‍, ഭാരതം സുരക്ഷയിലും നൂതനത്വത്തിലും മുന്നേറുകയാണ്. പാക്കേജിങ്ങില്‍ ഗ്ലാസ്, മെറ്റല്‍, കാര്‍ഡ്ബോര്‍ഡ് കണ്ടെയ്നറുകള്‍ പോലെയുള്ള പരമ്പരാഗത സാമഗ്രികള്‍ക്കു പകരം ഫ്‌ളെക്സിബിള്‍ ഇന്റര്‍മീഡിയറ്റ് ബള്‍ക്ക് കണ്ടെയ്നറുകള്‍ വരുന്നു. ഇത് ഈടും വൈവിധ്യവും പുനരുപയോഗവും വാഗ്ദാനം ചെയ്യുന്നു. ഭാരം കുറഞ്ഞതും കൂടുതല്‍ പരിസ്ഥിതി സൗഹൃദവുമായ എകആഇ ബാഗുകള്‍ ഗതാഗതച്ചെലവു കുറയ്‌ക്കുകയും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.
കൂടാതെ, തുണിത്തര ഉല്‍പ്പാദനം മികച്ചതും സുതാര്യവുമാക്കുന്നതിന് നിര്‍മിതബുദ്ധി, ബ്ലോക്ക്ചെയിന്‍ എന്നിവ അത്യാവശ്യമാണ്. പ്രക്രിയകള്‍ യാന്ത്രികമാക്കുന്നതിലൂടെയും പിശകുകള്‍ കുറയ്‌ക്കുന്നതിലൂടെയും തത്സമയ നിരീക്ഷണം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെയും നിര്‍മിതബുദ്ധി കാര്യക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് ഉല്‍പ്പന്ന ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വിതരണ ശൃംഖലയിലെ ഓരോ ഘട്ടവും സുരക്ഷിതമായി രേഖപ്പെടുത്തുന്നതിലൂടെ ബ്ലോക്ക്ചെയിന്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. ഉപഭോക്താക്കളെയും ഉല്‍പ്പാദകരെയും സാമഗ്രികളുടെ ഉത്ഭവം, ആധികാരികത, ഗുണനിലവാരം എന്നിവ പരിശോധിക്കാന്‍ അനുവദിക്കുന്നു. ഇതു വ്യവസായത്തില്‍ വിശ്വാസവും സുതാര്യതയും വളര്‍ത്തുന്നു.
അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി, ഇസ്രായേല്‍ തുടങ്ങി ആഗോളതലത്തില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അത്യാധുനിക ഗവേഷണ-വികസനത്തിലൂടെയും ഹൈടെക് പ്രതിവിധികളിലൂടെയും ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് വികസിപ്പിക്കുന്നതിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് വിപണി 2030ഓടെ 250 ശതകോടിയില്‍ നിന്ന് 300 ശതകോടി ഡോളറായി വളരുമെന്നതിനാല്‍, അതിവേഗം വികസിക്കുന്ന ഈ മേഖലയില്‍ 15 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.
നൂതനമായ നാരിഴകളും സുസ്ഥിരമായ പരിഹാരങ്ങളും വികസിപ്പിച്ച്, ഭാരതത്തിന്റെ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിനെ ഗുണനിലവാരത്തിന്റെയും നവീകരണത്തിന്റെയും സുസ്ഥിരതയുടെയും ആഗോള പ്രതീകമാക്കും. തുണിത്തര മേഖല 2030ഓടെ 100 ശതകോടി ഡോളറിന്റെ കയറ്റുമതിയിലൂടെ 350 ശതകോടി ഡോളര്‍ വിപണി വലിപ്പത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ ടെക്നിക്കല്‍ ടെക്‌സ്‌റ്റൈല്‍ മേഖല ആഗോള നിലവാരം പുലര്‍ത്തുക മാത്രമല്ല, പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ മേഖല തൊഴില്‍, സംരംഭകത്വം, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ വിശാലമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും, നാളേക്കുവേണ്ടി കരുത്തുറ്റതും ഊര്‍ജസ്വലവുമായ ഭാരതം നെയ്തെടുക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: