തിരുവനന്തപുരം: മലവാഴും മണികണ്ഠന് കാണിക്കയായി വനവിഭവങ്ങളുമായി കോട്ടൂര്‍ മുണ്ടണിയില്‍ നിന്ന് വനവാസി അയ്യപ്പഭക്തരുടെ യാത്ര. മുണ്ടണി മാടന് തമ്പുരാന് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന, കാടിന്റെ മക്കളുടെ ശബരിമല യാത്രയില്‍ ഇക്കുറി ഒരു വയസു മുതലുള്ള ബാലികാ ബാലന്മാരും മുതിര്‍ന്നവരും കന്നി അയ്യപ്പന്മാരും ഉള്‍പ്പെടുന്നു. 143 ഭക്തരുടെ സംഘമാണ് വെളളിയാഴ്ച മുണ്ടണി ക്ഷേത്രത്തില്‍ നിന്നും കെട്ടുനിറച്ച് യാത്ര തിരിച്ചത്. ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളും നാട്ടുകാരും സംഘത്തിലുണ്ട്.
കുലാചാരങ്ങളുടെ ഭാഗമായി വ്രതശുദ്ധിയോടെ കാട്ടില്‍ നിന്നും ശേഖരിച്ച മുളംകുറ്റിയില്‍ നിറച്ച കാട്ടു ചെറുതേന്‍, കാട്ടില്‍ വിളഞ്ഞ കദളിക്കുല, കാട്ടു കുന്തിരിക്കം, ഈറ്റയിലും അരി ചൂരലിലും മെനഞ്ഞെടുത്ത പുഷ്പങ്ങള്‍ ശേഖരിക്കാനുള്ള പൂക്കൂടകള്‍, പൂവട്ടികള്‍ തുടങ്ങിയ വനവിഭവങ്ങള്‍ ഇരുമുടിക്കെട്ടിനൊപ്പം തലയിലെടുത്താണ് അയ്യപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി ഒപ്പം കൊണ്ടുപോയത്. അയ്യനെ ദര്‍ശിച്ച് വനവിഭവങ്ങള്‍ സമര്‍പ്പിക്കും. ദിവ്യാംഗനായ അയ്യപ്പന് ഉള്‍പ്പെടെയുള്ള വനവാസികള്‍ സംഘത്തിലുണ്ട്. ഇത്തവണ അയ്യപ്പന്മാരുടെ യാത്ര കാണാന്‍ വിദേശികളായവരും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ക്ക് ദര്‍ശനത്തിനും താമസത്തിനുമുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കാറാണ് പതിവ്.
അഗസ്ത്യാര്‍കൂട മലനിരയിലെ കാട്ടിനുള്ളിലെ വനവാസി ഗ്രാമങ്ങളായ മുക്കോത്തി വയല്‍, കൊമ്പിടി, പൊടിയം, ചെറുമങ്കല്‍, അണകാല്‍, അമ്പൂരി തെന്മല, പങ്കാവ് എന്നിവിടങ്ങളിലെ കളങ്ങളില്‍ വച്ച് കെട്ടുനിറച്ച വിവിധ സംഘങ്ങള്‍ മുണ്ടണി മാടന് തമ്പുരാന് ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് പൂജകള്‍ കഴിഞ്ഞ ശേഷം കാനനസംഘം ഉത്സവ പ്രതീതിയോടെയാണ് യാത്ര ആരംഭിച്ചത്. സന്നിധാനത്തെ സോപാനത്തില്‍ സമര്‍പ്പിക്കുന്ന കാട്ടുതേന്‍ ക്ഷേത്രതന്ത്രി മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
അയ്യപ്പന്മാരെ യാത്ര അയയ്ക്കാനായി, വിവിധ കാണി സെറ്റില്‍മെന്റുകളില്‍ നിന്നും ഒട്ടേറെ വനവാസികള്‍ മുണ്ടണി ക്ഷേത്രം മുതല്‍ കോട്ടൂര്‍ ജംഗ്ഷന് വരെ ഘോഷയാത്രയായി അയ്യപ്പന്മാരെ അനുഗമിച്ചു. മടങ്ങിയെത്തുന്ന ഭക്തസംഘം അഗസ്ത്യാര്‍ മുനിയെ വണങ്ങിയാണ് വ്രതം അവസാനിപ്പിച്ച് മാലയൂരുന്നത്.
അഗസ്ത്യവനത്തിന്റെ താഴ്വരയില് ഗോത്രസംസ്കാര പ്രതാപവുമായി അമ്പും വില്ലും ‘കൊക്കര’ യുമായി കാണിക്കാര്‍ ചാറ്റു പാട്ടുപാടി മാടനെ പ്രീതിപ്പെടുത്തുന്ന ദേവസ്ഥാനമാണ് മുണ്ടണി. പാണ്ഡ്യരാജാവുമായുള്ള പോരാട്ടത്തില്‍ ഭര്‍ത്താവായ പണ്ടാരതമ്പുരാനും സേനാപതിയായ മാടനും കാട്ടുമൂപ്പനായ അച്ഛനും വീരചരമമടഞ്ഞതറിഞ്ഞ അരുവി തലമുടി അഴിച്ചിട്ട് വാക്കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്നാണ് ഐതിഹ്യം. അരുവിയുടെയും തമ്പുരാന്റെയും സ്മരണകളുറങ്ങുന്നിടമായാണ് വനവാസികള്‍ ക്ഷേത്രസങ്കേതത്തെ സംരക്ഷിക്കുന്നത്.
പണ്ടാരതമ്പുരാന് തമ്പുരാന് ക്ഷേത്രവും അരുവിക്ക് അരുവി മുപ്പത്തിഅമ്മ ക്ഷേത്രവുമുണ്ടായി. മാടനാണ് മുണ്ടണി മാടനായത്. പില്ക്കാലത്ത് കോട്ടൂരിലെ മുണ്ടണി മാടന്റെ ക്ഷേത്രം പ്രസിദ്ധമായി. കാണിക്കാരാണ് അന്നും ഇന്നും ഇവിടെ പൂജാരിമാര്‍. അമ്പും വില്ലും കൊക്കര എന്ന സംഗീതോപകരണവുമായി ഉത്സവത്തിന് കാണിക്കാര്‍ നടത്തുന്ന ചാറ്റുപാട്ട് രാത്രിയില്‍ തുടങ്ങി പുലര്‍ച്ചെയാണ് അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: