കൊൽക്കത്ത : ബംഗ്ലാദേശിൽ സന്യാസിമാരോടും അനുയായികളോടും കാവി വസ്ത്രവും തിലകവും ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്കോൺ കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് ആവശ്യപ്പെട്ടു. അയൽരാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേർക്ക് കനത്ത ആക്രമണങ്ങൾ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്.
ഈ വർഷം ആദ്യം ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ അക്രമം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ബംഗ്ലാദേശിലെ സ്ഥിതി ഭയാനകമാണ്. ഞങ്ങളെ വിളിക്കുന്ന സന്യാസിമാരോടും ഭക്തരോടും ഞങ്ങൾ അവരോട് ഇസ്കോൺ അനുയായികളോ സന്യാസിമാരോ ആണെന്ന് പരസ്യമായി മറയ്ക്കാൻ പറഞ്ഞു. വീടുകൾക്കകത്തോ ക്ഷേത്രത്തിനകത്തോ അവരുടെ വിശ്വാസം വിവേകത്തോടെ ആചരിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധ ആകർഷിക്കാത്ത രീതിയിൽ വസ്ത്രം ധരിക്കാൻ ഞങ്ങൾ അവരെ ഉപദേശിച്ചിട്ടുണ്ട്, ”- ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റ് കൂടിയായ ദാസ് പിടിഐയോട് പറഞ്ഞു.
അതേ സമയം നടപടി താത്കാലികമാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഏതെങ്കിലും ഉപദേശമോ പൊതുവായ മാർഗ്ഗനിർദ്ദേശമോ അല്ല, മറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളെ വിളിക്കുന്ന സന്യാസിമാർക്കും ഭക്തർക്കുമായുള്ള എന്റെ വ്യക്തിപരമായ നിർദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ തങ്ങളുടെ നിരവധി ഭക്തരും അവരുടെ കുടുംബങ്ങളും ഭീഷണി നേരിടുന്നുണ്ടെന്ന് ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുന്നതും മതപരമായ സമ്മേളനങ്ങൾക്കെതിരായ ആക്രമണങ്ങളെയും പരാമർശിച്ച് കൊണ്ട് ദാസ് പറഞ്ഞു.
ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ടെയുടെ വക്താവായി സേവനമനുഷ്ഠിച്ച ചിന്മയ് കൃഷ്ണയെ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാലിയിൽ പങ്കെടുക്കാൻ ചാത്തോഗ്രാമിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിക്കുകയും ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.
അതേ സമയം ചരിത്രപരമായി 1971-ലെ വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 22 ശതമാനം ഹിന്ദുക്കളായിരുന്നു. എന്നാൽ സമീപ ദശകങ്ങളിൽ ഹിന്ദു ജനസംഖ്യയിൽ ഇടിവ് വന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായം ഇപ്പോൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 8 ശതമാനം മാത്രമാണ്.
വർഷങ്ങളായി സാമൂഹിക-രാഷ്ട്രീയ പാർശ്വവൽക്കരണം, പലായനം, ഇടയ്ക്കിടെയുള്ള അക്രമങ്ങൾ എന്നിവയുടെ ഫലമാണ് ഈ ഇടിവിന് പ്രധാനമായും കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: