മൈസൂര്‍: ജനസംഖ്യാനുപാതികമായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഈഴവര്‍ സംഘടിതശക്തിയാകണമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മൈസൂര്‍ ലേ മെറിഡിയനില്‍ (ഡോ. പല്‍പ്പു നഗര്‍) കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു തുഷാര്‍.
ജനിച്ച മണ്ണില്‍ ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴില്‍നീതിക്കുവേണ്ടി ഇന്നും നമ്മള് പോരാടുകയാണ്. അധികാരം കെപ്പിടിയിലൊതുക്കിയവര് സ്വന്തം ജാതി, മത താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചത്. എസ്എന്‍ഡിപി യോഗ നേതാക്കള്‍ ജാതി പറയുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന ജാതിസംവരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമ്പത്തികസംവരണം അതിന്റെ തെളിവാണ്. ആര്. ശങ്കറിന്റെ ഭരണകാലത്തിനുശേഷം ഈഴവ സമുദായത്തിന് അര്‍ഹമായ വിദ്യാലയങ്ങള്‍ ഒന്നും ലഭിച്ചില്ല. ന്യൂനപക്ഷ മന്ത്രിമാര്‍ സ്വസമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കോരി കൊടുത്തു, തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 2024ലെ കേരള രത്ന സമ്മാന്‍ അവാര്‍ഡിന് അര്‍ഹനായ അഡ്വ. രാജന് ബാബുവിനെ യോഗത്തില്‍ ആദരിച്ചു.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ. രാജന് ബാബു, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, പി.ടി. മന്മഥന് യോഗം കൗണ്‍സിലര്‍മാരായ പി. സുന്ദരന്‍, വിപിന്‍രാജ്, പി.കെ. പ്രസന്നന്, ബേബി റാം, ഷീബ ടീച്ചര്‍, ബാബു കടുത്തുരുത്തി, പച്ചയില്‍ സന്ദീപ്, എബിന് അമ്പാടിയില്‍, വിവിധ യൂണിയന് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: