റാഞ്ചി: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വനത്തിലുപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വനമേഖലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് ഇരുപത്തഞ്ചുകാരനായ നരേഷ് ഭെൻഗ്ര അറസ്റ്റിലായത്. ഇയാൾ തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്യുന്നയാളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരം അമ്പത് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
വന്യമൃഗങ്ങൾ ഇത് ഭക്ഷണമാക്കുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. എന്നാൽ, വന്യമൃഗങ്ങൾ എത്തും മുമ്പ് തെരുവ് നായ ശരീര ഭാഗങ്ങൾ കടിച്ചെടുത്ത് ഗ്രാമത്തിലെത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.നവംബർ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങൾ കടിച്ചുനടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടു വർഷമായി യുവാവ് ഈ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസവും. എന്നാൽ, അടുത്തിടെ സ്വദേശത്തേക്ക് മടങ്ങിയ യുവാവ് കാമുകി അറിയാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. കാമുകനെ തേടി തമിഴ്നാട് സ്വദേശിനി ജാർഖണ്ഡിലെത്തിയതോടെയാണ് യുവാവ് കൊന്ന് കൊത്തിനുറുക്കി വനത്തിലെറിഞ്ഞത്.
യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഇയാൾ ഇവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. താൻ ട്രെയിനിൽ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തിൽനിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: