ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിടിഐക്കാര്‍ (പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്) നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. സംഘര്‍ഷത്തില്‍ നാല് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 24ന് ആരംഭിച്ച പ്രതിഷേധം പിടിഐ പിന്‍വലിച്ചത്. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാരംഭിച്ചത്.
ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളില്‍ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധത്തിനായി എത്തിയത്. ഇസ്ലാമാബാദിലെ റെഡ്‌സോണിലേക്ക് പ്രതിഷേധക്കാരെത്തിയതോടെ സുരക്ഷാ ജീവനക്കാര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വെടിയുതിര്‍ക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ 70ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മൂന്ന് ദിവസത്തിനിടയില്‍ 1000 പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാത്രം 610 പേരാണ് പിടിയിലായത്. എന്നാല്‍ ജനങ്ങളുടെ നേര്‍ക്ക്, കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് നിറയൊഴിച്ചെന്ന് പിടിഐ ആരോപിച്ചു.
രാജ്യം രക്തത്തില്‍ മുങ്ങുകയാണെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ്, പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ അസിം മുനിര്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിടിഐ എക്‌സില്‍ കുറിച്ചു. വിദേശ സഹായത്തോടെയാണ് പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പാക് സര്‍ക്കാര്‍ ആരോപിച്ചു.
പ്രതിഷേധത്തിനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. അറസ്റ്റിലായ അഫ്ഗാന്‍ സ്വദേശിയായ 16കാരന്‍ ഇതിനുദാഹരണമാണെന്നും പാക് മന്ത്രി തറാര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റും സര്‍ക്കാര്‍ വകകളും ആക്രമിക്കാന്‍ പദ്ധതിയിട്ടതിന്റെ വിവരങ്ങളും തെളിവുകളും ലഭിച്ചു. അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: