മുനമ്പം ഭൂമി പ്രശ്നത്തില്‍ സമവായ നീക്കവുമായി മുസ്ലിംലീഗ് നേതാക്കള്‍ ക്രൈസ്തവസഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടി. മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്ന ഭൂമി കയ്യേറ്റ ശ്രമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കാഴ്ചക്കാരായി നിന്ന ലീഗ് നേതൃത്വം ക്രൈസ്തവ-ഹിന്ദു വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ച് സമരം ശക്തമാക്കിയപ്പോഴാണ് വെളിപാടുണ്ടായതുപോലെ ക്രൈസ്തവ സഭാ നേതൃത്വത്തെ കണ്ട് സമവായ നിര്‍ദ്ദേശം വച്ചത്. ചില പത്രങ്ങള്‍ ലീഗ് നേതൃത്വത്തിന്റെ നടപടിയെ പ്രശംസിക്കുകയും മുഖപ്രസംഗങ്ങള്‍ എഴുതുകയും ചെയ്തു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ നിയമവിരുദ്ധ അവകാശവാദങ്ങളെക്കുറിച്ചോ, മുനമ്പത്തിനപ്പുറം കേരളത്തിലെ മറ്റിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലും സമാനമായ പ്രശ്നം ഉയര്ന്നുവന്നിട്ടുള്ളതിനെക്കുറിച്ചോ ഒന്നും പറയാതെ ലീഗ് എന്തോ മഹാമനസ്കത കാണിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഈ പത്രങ്ങള്‍ ശ്രമിച്ചത്.
മുസ്ലിംലീഗ് ആദ്യമായല്ല ഇത്തരം സമവായ മുഖംമൂടിയണിഞ്ഞ് രംഗപ്രവേശം ചെയ്യുന്നത്. മാറാട് കൂട്ടക്കൊലയില്‍ പ്രതികള്‍ക്കൊപ്പം നില്‍ക്കുകയും, ‘പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും’ ചെയ്തതും ഇതേ ലീഗാണല്ലോ! സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് ആവശ്യപ്പെട്ടിട്ടും ലീഗ് നേതൃത്വം പിന്തുണച്ചില്ല. ഒരേസമയം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമൊപ്പം നിന്ന് ഈ സാധ്യത അട്ടിമറിക്കുകയാണ് ലീഗ് അന്ന് ചെയ്തത്. മാറാട് കൂട്ടക്കൊല ആസൂത്രിതമായി നടപ്പാക്കിയ തീവ്രവാദികളുടെ സ്വരത്തില്‍ സംസാരിക്കുകയും, അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത ലീഗ് നേതാക്കളുമുണ്ട്.
ബാബറി മസ്ജിദ് പ്രശ്നത്തില്‍ മതമൗലിക വാദികളില്‍നിന്ന് വ്യത്യസ്തമായി മിതവാദ നിലപാടെടുത്തു, മതേതരത്വത്തിനൊപ്പം നിലകൊണ്ടു എന്നൊരു കഥ മുസ്ലിം നേതൃത്വം പ്രചരിപ്പിക്കുകയുണ്ടായി. കേരളീയ സാഹചര്യത്തില്‍ ഈ കഥ കുറേയൊക്കെ വിറ്റഴിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വാസ്തവം ഇതായിരുന്നില്ല. ലീഗിന്റെ അഖിലേന്ത്യാ നേതാവും എംപിയുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടായിരുന്നു സയ്യദ് ഷഹാബുദ്ദീനെപ്പോലുള്ളവര്ക്കൊപ്പം നിന്ന് ബാബറി മസ്ജിദ് പ്രശ്നത്തില്‍ തുടക്കം മുതല്‍ മതവര്‍ഗീയത ആളിക്കത്തിച്ചത്. പിന്നീട് ലീഗിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നത്തിന്റെ പേരില്‍ പുറത്തുപോയി സേട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അത് മതതീവ്രവാദ നിലപാടുകൊണ്ടാണെന്ന് തന്ത്രപൂര്‍വം പ്രചരിപ്പിക്കുകയാണ് ലീഗ് നേതൃത്വവും ചില മാധ്യമങ്ങളും ചെയ്തത്. ബാബറി മസ്ജിദ് തകര്‍ത്തു എന്ന വ്യാജപ്രചാരണം നടത്തി മദനിയുടെ ഐഎസ്എസ് തെക്കന്‍ കേരളത്തില്‍ കലാപം അഴിച്ചുവിട്ടപ്പോഴും അതിനെ പരസ്യമായി തള്ളിപ്പറയാന്‍ ലീഗ് തയ്യാറായില്ല. ഒടുവില്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞപ്പോഴും സുലൈമാന്‍ സേട്ട് ഇല്ലാത്ത ലീഗ് അനുകൂലിച്ചില്ല.
സമീപകാലത്ത് തുര്‍ക്കിയിലെ ക്രൈസ്തവ ദേവാലയമായിരുന്ന ‘ഹാഗിയ സോഫിയ’ അവിടുത്തെ ഇസ്ലാമിക ഭരണകൂടം മസ്ജിദാക്കി മാറ്റിയതിനെ ന്യായീകരിച്ച് ഇപ്പോഴത്തെ സംസ്ഥാന ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചത് ക്രൈസ്തവ വിശ്വാസികളില്‍ വലിയ പ്രതിഷേധമുയര്‍ത്തി. ഈ താലിബാന് മനസ് വെളിപ്പെട്ടപ്പോള്‍ രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി അപ്പോഴും ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭാ നേതൃത്വത്തെ കാണുകയുണ്ടായി. ഇതുപോലുള്ള ഒരു സമവായശ്രമമാണ് വഖഫ് പ്രശ്നത്തിലും ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരിച്ചറിയണം.
മുനമ്പത്തേത് ഒരു പ്രാദേശിക പ്രശ്നമല്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്തിനു മേല്‍ മതത്തിന്റെ പേരില്‍ അന്യായമായ അവകാശവാദമുന്നയിക്കുന്ന പ്രശ്നമാണത്. ഭാരത സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് വഖഫ് ബോര്‍ഡിനാണെന്ന് പറയപ്പെടുന്നു. കേരളത്തില്‍പോലും തലശ്ശേരി ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ക്കു മേല്‍ മതപരമായ ഈ കരിനിഴല്‍ വീണിരിക്കുന്നു. ഭാരത പാര്‍ലമെന്റ് നില്‍ക്കുന്നതുള്‍പ്പെടെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോലും വഖഫ് ബോര്‍ഡിന്റെ പേരില്‍ തര്‍ക്ക പ്രദേശമാക്കി മാറ്റുകയാണ്. പ്രാചീന ക്ഷേത്രങ്ങള്‍ക്കു മേല്‍ പോലും അവകാശവാദമുന്നയിക്കുകയാണ്. ഈ പ്രശ്നങ്ങളോടൊന്നും പ്രതികരിക്കാതെയും നിലപാടു വ്യക്തമാക്കാതെയും തന്ത്രപരമായ മൗനം അവലംബിക്കുകയാണ് മുസ്ലിംലീഗ്. ലീഗ് ഇപ്പോഴും വഖഫ് ഭീകരതയ്ക്കൊപ്പമാണെന്ന് ഇത് തെളിയിക്കുന്നു.
വഖഫ് ഭീകരതയില്‍ മുസ്ലിംലീഗിന്റെ കാപട്യം ഇവിടെയും അവസാനിക്കുന്നില്ല. ലീഗ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയെന്നാണല്ലോ അവകാശപ്പെടുന്നത്. അതിന് ഒരു ദേശീയ പ്രസിഡന്റുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഈ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം വഖഫ് പ്രശ്നത്തില്‍ സമവായം വേണമെന്ന് ആവശ്യപ്പെടാത്തത്. കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരുകള്‍ മുസ്ലിം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ സുപ്രീംകോടതി വിധിയെപ്പോലും മാനിക്കാതെ ഭരണഘടനാ ഭേദഗതികളിലൂടെ കരിനിയമങ്ങള്‍ നിര്‍മിച്ച് വഖഫ് ബോര്‍ഡിന് അമിതാധികാരം നല്കിയപ്പോള് ലീഗ് അതിനൊപ്പമായിരുന്നു. ഇപ്പോഴും കേരളത്തിന് പുറത്ത് ലീഗിന് ഇതേ നിലപാടുള്ളപ്പോഴാണ് മുനമ്പത്തു മാത്രം സമവായ തന്ത്രം പുറത്തെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതിക്ക് ശ്രമിക്കുന്നതിനെ എതിര്‍ക്കുകയും, ഈ ബില്ലിനെ എതിര്‍ത്ത് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ അനുകൂലിക്കുകയും ചെയ്ത ലീഗാണ് മുനമ്പത്ത് മറ്റൊരു മുഖം കാട്ടുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അവിടുത്തുകാരെ കുടിയൊഴിപ്പിക്കണമെന്നും ലീഗിന്റെ പോക്കറ്റ് സംഘടനയായ സമസ്ത ഉള്‍പ്പെടെയുള്ളവര്‍ തീവ്രമായി ആവശ്യപ്പെടുകയാണ്. മുനമ്പത്തുകാര്‍ക്ക് ഭൂമി വിറ്റ ഫറൂഖ് കോളജ് അധികൃതര്‍ പോലും അവിടെയുള്ളത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടും ഈ സംഘടനകള്‍ അംഗീകരിക്കുന്നില്ല. മറ്റ് മതതീവ്രവാദ സംഘടനകള്‍ക്കും ഇതേ നിലപാടാണ്. ഇക്കൂട്ടര്‍ വഴി മുനമ്പത്തെ ഭൂമിയിലുള്ള അവകാശവാദം സജീവമായി നിലനിര്‍ത്തുക, ഇതിനൊപ്പം സമവായ തന്ത്രം മുന്നോട്ടു വയ്ക്കുക. ഇതിന്റെ ഭാഗമാണ് ഇടതു മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്. ആരേയും കുടിയൊഴിപ്പിക്കാതെ പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്ന് മന്ത്രിമാരും മറ്റും പറയുന്നതിനു പിന്നില്‍ മറ്റൊരു ദുഷ്ടലാക്കുകൂടി ഉണ്ടാവാം. മുനമ്പത്ത് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന സ്ഥലത്തുള്ളവരെ തന്ത്രപൂര്‍വ്വം മറ്റൊരിടത്ത് പുനരധിവസിപ്പിക്കുക. അതല്ലെങ്കില്‍ അത്രയും സ്ഥലം മറ്റെവിടെയെങ്കിലും വഖഫ് ബോര്‍ഡിന് പതിച്ചു നല്‍കുക. ഇതായിരിക്കും സര്‍ക്കാരിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും മനസ്സിലിരുപ്പ്. ഈ രീതി വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന മറ്റിടങ്ങളിലും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെയെങ്കില്‍ അത് ലാന്‍ഡ് ജിഹാദിന്റെ വിജയമായിരിക്കും.
മുനമ്പത്ത് സാധാരണക്കാരുടെ നൂറ് കണക്കിന് ഏക്കര്‍ ഭൂമി കയ്യടക്കാനുള്ള വഖഫ് ബോര്‍ഡിന്റെ ശ്രമത്തെ പ്രത്യക്ഷത്തില്‍ തന്നെ അനുകൂലിക്കുന്നതാണ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കാനുള്ള ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനം. വലിയൊരു വിഭാഗം ജനങ്ങളുടെ റവന്യൂ അധികാരം നിഷേധിക്കപ്പെട്ടിരിക്കെ അവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള തീരുമാനത്തില്‍നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇരകള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിനുവേണ്ടിയുള്ള സമരത്തെ തണുപ്പിക്കാനും, തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനുമാണ് സര്‍ക്കാര്‍ നോക്കുന്നത്. പലപ്പോഴും സമയം അനിശ്ചിതമായി നീട്ടി നല്കി സമര്‍പ്പിക്കപ്പെടുന്ന ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ ഗതി എന്തായിരിക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്പ്പിക്കുമെന്നാണ്സര്ക്കാര് പറയുന്നത്. എന്നാല്‍ ജൂഡീഷ്യല്‍ കമ്മീഷന് പ്രതികരിച്ചത് ഇത്രയും സമയം പോരെന്നും, നീട്ടിനല്കാന് ആവശ്യപ്പെടുമെന്നുമാണ് . സര്‍ക്കാരിന്റേത് മുസ്ലിം ലീഗിന്റെ സമവായ തന്ത്രമാണെന്ന് വ്യക്തം. യുഡിഎഫ് ഭരണകാലത്ത് നടന്ന മാറാട് കൂട്ടക്കൊലയില്‍ ലീഗിന്റെ നിലപാടുതന്നെയാണല്ലോ പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിച്ചത്. ഇതിന്റെ തനിയാവര്‍ത്തനമാണ് വഖഫ് പ്രശ്നത്തിലും കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഗ് വിമര്‍ശനം ക്രൈസ്തവ-ഹിന്ദു വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: