ഭാഗ്യനഗര്‍ (തെലങ്കാന): അത്ഭുതം… ആദരം… നൂറ്റാണ്ടുകള്‍ കടന്നുവന്ന പൈതൃകക്കാഴ്ചകളുമായി ലോക്മന്ഥന്റെ രണ്ടാം നാള്. വെല്ലുവിളികള്‍ നിറഞ്ഞ നൂറ്റാണ്ടുകളിലൂടെ അതിപുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയും അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ലിത്വാനിയന്‍ ഗോത്രവിഭാഗങ്ങളുടെ മോഹനമായ കലാവിരുന്നോടെയാണ് ലോക്മന്ഥന് സാംസ്കാരികോത്സവത്തിന്റെ രണ്ടാം ദിനം തുടങ്ങിയത്.
നമ്മുടെ ജീവിതശൈലിയിലും ദൈനംദിന ജീവിതത്തിലും ദേശഭാഷകളിലൂന്നിയുള്ള ‘ലോക സാഹിത്യം’ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഉസ്മാനിയ സര്‍വകലാശാലയിലെ റിട്ട. പ്രൊഫസറായ ഡോ. കാശി റെഡ്ഢി പ്രഭാഷണം നടത്തി. പാരമ്പര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഭാരതീയ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താത്പര്യക്കാര്‍ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നു.
പ്രകൃതിയോടുള്ള വൈകാരിക സമീപനത്തെ എടുത്തുകാട്ടുന്നതായിരുന്നു വിഖ്യാത ഗ്രന്ഥകാരി പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ്ങിന്റെ പ്രഭാഷണം. രാത്രികാലങ്ങളില്‍ കിണറുകളില്‍ നിന്ന് വെള്ളം കോരുകയോ ചെടികളില്‍ നിന്ന് ഇലകള്‍ പറിക്കുകയോ പാടില്ലെന്ന വിശ്വാസം അവര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയും സസ്യജാലങ്ങളും ഉറങ്ങുന്ന സമയമത്രെ അത്. ജീവനില്ലാത്ത വസ്തുക്കള്‍ക്കു പോലും മാനുഷിക ഗുണങ്ങള്‍ ഉണ്ടെന്നു കരുതുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. ചൂടുപിടിച്ച പാത്രങ്ങളിലേക്ക് വെള്ളമൊഴിക്കരുതെന്നു പറയുന്നതിനു പിന്നില്‍ അത് പാത്രത്തിന് ദോഷം വരുത്തുമെന്ന ചിന്താഗതിയാണ്. സാമൂഹ്യ മൂല്യങ്ങളെ ഇകഴ്ത്തിക്കാട്ടുന്ന ആധുനിക മാധ്യമങ്ങളെയും, പ്രത്യേകിച്ച്, ചില സിനിമാഗാനങ്ങളെയും അവര്‍ വിമര്‍ശിച്ചു. മതേതരത്വത്തിന്റെ പേരില്‍ പാരമ്പര്യങ്ങളെ വര്‍ഗീയമെന്ന് കരുതുന്ന ചിന്താഗതി വളര്‍ന്നതോടെ സാംസ്കാരിക മൂല്യങ്ങള്‍ നശിച്ചുതുടങ്ങി. ധാര്‍മികമായ വേരുകളില്ലാതെ ഒരു സമൂഹത്തിന് എങ്ങിനെ അതിജീവിക്കാനാവുമെന്ന് ഡോ. വിദ്യ വിന്ദു സിങ് ചോദിച്ചു. ഈ വേരുകളിലേക്ക് നാം മടങ്ങണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐജിഎന്‍സിഎ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷി അധ്യക്ഷനായിരുന്നു. എല്ലാ തുടക്കങ്ങളും ഒടുക്കങ്ങളും ഒരേ ബിന്ദുവില്‍ അവസാനിക്കുന്ന വൃത്ത ചിന്താഗതിയെന്ന ഭാരത പാരമ്പര്യം എടുത്തുകാട്ടിയ അദ്ദേഹം ഭാരത്മന്ഥന് എന്ന പേര് നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: