തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമർശങ്ങളെന്നും, അതിൽ പലതും വേദനിപ്പിക്കുന്നതാണെന്നും അവർ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്തു. തന്റെ സുഹൃത്താണ് ഭർത്താവായ( വി. വേണു) മുൻഗാമിയുമായി തന്നെ താരതമ്യം ചെയ്തത്. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതൽ ഈ താരതമ്യം നേരിടേണ്ടി വരുന്നു. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
”ചീഫ് സെക്രട്ടറി എന്ന നിലയിൽ എന്റെ കാലഘട്ടം കറുത്തതും എന്റെ മുൻഗാമിയായ ഭർത്താവിന്റെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമന്റ് ഇന്നലെ കണ്ടു” എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരൻ പോസ്റ്റ് ചെയ്തിരുന്നു. ഇതു പിന്നീട് പിൻവലിച്ചെങ്കിലും, പിന്നീട് കൂടുതൽ വിശദീകരണം സഹിതം ഇത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റില് നിന്നും;
”ഇന്ന് രാവിലെ(ബുധനാഴ്ച) ഞാൻ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാൻ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാലാണ് ഞാൻ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴു മാസവും തന്റെ മുൻഗാമിയുമായുള്ള (ഭർത്താവ് വി. വേണു) താരതമ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. നിറത്തിന്റെ കാര്യത്തിലാണ് പ്രധാന താരതമ്യം. കൂടെ പരോക്ഷമായി സ്ത്രീവിരുദ്ധതയുമുണ്ടെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
കറുപ്പ് ഒരു നിറമാണ്. പക്ഷേ, നല്ല കാര്യങ്ങൾ സൂചിപ്പിക്കാൻ ഒരിക്കലും അതുപയോഗിക്കാറില്ല. എപ്പോഴും മോശം കാര്യങ്ങളാണ് കറുപ്പ് ഉപയോഗിച്ച് പരാമർശിക്കപ്പെടുന്നത്. അതിന്റെ ആവശ്യമെന്താണെന്നും അവർ ചോദിക്കുന്നു. സർവവ്യാപിയായ പ്രപഞ്ചസത്യം എന്നാണ് കറുപ്പിനെ അവർ വിശേഷിപ്പിക്കുന്നത്.
എന്തിനെയും സ്വാംശീകരിക്കാൻ കറുപ്പിനു സാധിക്കും, മനുഷ്യരാശിക്കു പരിചിതമായ ഏറ്റവും ശക്തമായ ഊർജത്തിന്റെ മിടിപ്പാണത്. ഓഫിസിലെ ഡ്രസ് കോഡിനും വൈകുന്നരത്തെ സവാരിക്കും എന്നിങ്ങനെ എല്ലാവർക്കും പറ്റുന്ന നിറം, കൺമഷിയുടെ സത്ത, മഴയുടെ വാഗ്ദാനം കൂടിയാണ് കറുപ്പ്.
അമ്മയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോയി വെളുത്ത് സുന്ദരിയായി തിരിച്ചുവരാൻ സാധിക്കുമോ എന്ന് നാലാം വയസിൽ താൻ അമ്മയോടു ചോദിച്ചിട്ടുണ്ടെന്നും ശാരദ അനുസ്മരിക്കുന്നു. നല്ലതല്ലാത്ത നിറമുള്ളവൾ എന്ന വിലാസവും പേറിയാണ് അമ്പത് വർഷമായി ജീവിക്കുന്നത്. കറുപ്പിന്റെ സൗന്ദര്യവും മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നു. വെളുത്ത നിറത്തോടാണ് ആകർഷണം.
എന്നാൽ, കറുപ്പിന്റെ പൈതൃകത്തിൽ അഭിമാനിക്കുന്നവരാണ് തന്റെ കുട്ടികളെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേർക്കുന്നു. താൻ കാണാത്തിടത്ത് അവർക്ക് സൗന്ദര്യം കണ്ടെത്താൻ സാധിച്ചു. കറുപ്പ് ഗംഭീരമാണെന്നു ചിന്തിക്കുന്നവരാണവർ. കറുപ്പിന്റെ സൗന്ദര്യം തിരിച്ചറിയാൻ എന്ന പഠിപ്പിച്ചത് അവരാണെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: