വൈക്കം: വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ സര്‍വാഭരണവിഭൂഷിതനായി വൈക്കത്തപ്പന്. ശിവഭക്തനായ വ്യാഘ്രപാദ മഹര്‍ഷിയുടെ തപസില്‍ സംപ്രീതനായി പാര്‍വതീസമേതനായി പരമേശ്വരന് ദര്‍ശനം നല്കിയ പുണ്യദിവസം വൈക്കത്തഷ്ടമി. വ്യാഘ്രപാദത്തറയില്‍ ശിവശക്തി പ്രത്യക്ഷമായ പുണ്യമൂഹൂര്ത്തം അഷ്മിദര്ശനം. ആ പുണ്യം തങ്ങളിലേക്കെത്താന്‍ വര്‍ഷാവര്‍ഷം വൈക്കത്തപ്പനെ കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തവണ ദര്‍ശനത്തിനെത്തിയവരുടെ നീണ്ടനിര വെള്ളിയാഴ്ച അര്‍ദ്ധരാത്രിയായപ്പോള്‍ തന്നെ കാണാമായിരുന്നു. പുലര്‍ച്ചെ 3ന് നടതുറന്നപ്പോള്‍ മുതല്‍ ദര്ശനമാരംഭിച്ചു.
തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് നാരായണന് നമ്പൂതിരി, മേക്കാട് ചെറിയ നാരായണന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, മേല്‍ശാന്തി ടി.ഡി. നാരായണന് നമ്പൂതിരി, ടി.എസ്. നാരായണന് നമ്പൂതിരി, ശ്രീധരന് നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഉഷപൂജ, എതൃത്ത പൂജ എന്നിവയ്ക്ക് ശേഷമായിരുന്നു അഷ്ടമിദര്‍ശനം.
പടിഞ്ഞാറെ നട ബോട്ടുജട്ടിവരെയും കിഴക്കേനട മുരിയന്‍കുളങ്ങര വരെയും വടക്കേനട വലിയകവലവരെയും ദര്ശനത്തിനെത്തയവരുടെ നിര നീണ്ടു. കിഴക്കേനട വഴി കയറി ദര്‍ശനം നടത്തി വടക്കേനട വഴി ഇറങ്ങി ഊട്ടുപുരയിലൊരുക്കിയ പ്രാതല്‍ കഴിച്ച് മടങ്ങുംവിധമായിരുന്നു ക്രമീകരണം. ഉച്ചയ്ക്ക് 2 മണി വരെ അഷ്ടമിദര്‍ശനത്തിനായി നട തുറന്നിരുന്നു. വൈകിട്ട് 5 മണിക്ക് നട തുറക്കുമ്പോഴും ക്ഷേത്രത്തില്‍ ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു.
രാത്രി 10ന് വൈക്കത്തപ്പന് അഷ്ടമിവിളക്കിനായി കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളി. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് വന്ന ദേവീദേവന്മാരും മഹാദേവസന്നിധിയില്‍ എത്തിച്ചേര്‍ന്നു. താരകാസുര നിഗ്രഹത്തിന് ശേഷം വിജയശ്രീലാളിതനായി വന്ന ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നല്കി അനുഗ്രഹിച്ചു. തുടര്‍ന്ന് കൂടിയെഴുള്ളിപ്പിനു ശേഷം അവകാശി കറുകയില്‍ കുടുബത്തിലെ കാരണവര്‍ ഗോപാലന് നായര്‍ പല്ലക്കിലേറി വലിയകാണിക്ക അര്‍പ്പിച്ചു. പിന്നീട് വെടിക്കെട്ടിന് ശേഷം യാത്രയയപ്പ്, ദേവീദേവന്മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്രപറഞ്ഞു. യാത്രയയപ്പ് സമയത്ത് ‘ദുഃഖം ദുഃഖ കണ്ഠാരം’ എന്ന സ്വരത്തില്‍ നാഗസ്വരം വായിച്ചു. ഇന്ന് ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന കൂടിപ്പൂജ വിളക്കോടെ അഷ്ടമി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: