തിരുവനന്തപുരം: പദ്ധതികള്‍ പ്രഖ്യാപിക്കലല്ല, നടപ്പിലാക്കുകയാണ് പ്രധാനമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്. കേരളത്തിന്റെ തീരക്കടലില്‍ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകള്‍ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയിലടക്കം നിരവധി പദ്ധതികളും ഫണ്ടും ഉണ്ടെന്നും സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ച് മാത്രമേ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൃത്രിമപ്പാരുകളുടെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണ്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ പ്രയോജനം ട്രോളിങ് നിരോധന സമയത്ത് ലഭിക്കും. പദ്ധതിയുടെ നൂറുശതമാനവും കേന്ദ്രസഹായമാണ്. എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റിലൂടെ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോണ്ടറുകള്‍ വഴി മത്സ്യക്കൂട്ടം എവിടെയെന്ന് അറിയാനും ഉള്‍ക്കടലിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാനുമാകും. അപകടമുണ്ടായാല്‍ കരയില്‍ അറിയിച്ച് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താം. മാത്രമല്ല രാജ്യത്തെ ബോട്ടുകളുടെ സുരക്ഷാപ്രശ്നത്തിനും പരിഹാരമാകും.
ഡ്രോണുകള്‍ മത്സ്യമേഖയില്‍ ഉപയോഗിക്കാനുള്ള പഠനം നടക്കുകയാണ്. ആകാശത്തിലൂടെ പറന്നുമാത്രമല്ല, വെള്ളത്തിലേക്ക് പോയി മീനുകളുടെ കൂട്ടത്തെ കണ്ടെത്താനും
കരയിലേക്ക് എത്തിക്കാനുമുള്ള റോബോട്ടുകളുടെ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 100 മത്സ്യ ഗ്രാമങ്ങളില്‍ ആറെണ്ണം കേരളത്തിലാണെന്നും 2 കോടി വീതം ലഭിക്കുന്ന പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്നും കൂടുതല്‍ ഗ്രാമങ്ങളെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷനായി. ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ നിസാമുദ്ദീന്‍, വിഴിഞ്ഞം ഇടവക വികാരി ഡോ. നിക്കോളാസ് ടി, വിഴിഞ്ഞം തെക്കുംഭാഗം മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. ജി.ജെ. രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സില്‍വര്‍ പൊമ്പാനോ ഇനത്തില്‍ പെട്ട 22,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കടലില്‍ നിക്ഷേപിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) മുഖാന്തരം മൂന്ന് കോടി രൂപയില്‍ പൊമ്പാനോ, കോബിയ തുടങ്ങിയ 10 ലക്ഷം മത്സ്യ വിത്തുകളാണ് നിക്ഷേപിക്കുന്നത്. 8 മുതല്‍ 10 ഗ്രാം വരെ വളര്‍ച്ചയെത്തിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുക. ഇവ എട്ടു കിലോവരെ വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: