പ്രയാഗ് രാജ് : 2025ല്‍ നടക്കുന്ന മഹാകുംഭമേളയില്‍ 40 മുതല്‍ 50 കോടി വരെ ആളുകള്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് മഹാകുംഭമേളയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ജില്ലാ അതിര്‍ത്തിയില്‍ വരെ ഞങ്ങള്‍ കര്‍ശനമായ പരിശോധന നടത്തിവരുന്നുണ്ടെന്നും ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. ഇതിനു പുറമേ മേഖലാ തലങ്ങളിലും പരിശോധനകള്‍ നടത്തും. സിസിടിവി സംവിധാനങ്ങളില്‍ എ ഐയും മറ്റ് അത്യാധുനിക സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തി സുരക്ഷാനിരീക്ഷണം കര്‍ശനമാക്കുമെന്നും ഡിജിപി പറഞ്ഞു. സാമൂഹ്യവിരുദ്ധ ഘടകങ്ങളെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2025 ജനവരി 13ന് ആരംഭിക്കുന്ന മഹാകുംഭ മേള ഫിബ്രവരി 26ന് ശിവരാത്രിയോടെ സമാപിയ്ക്കും. പാരമ്പര്യവും ഭക്തിയും ആത്മജ്ഞാനവും സമ്മേളിക്കുന്ന ഒരു അസാധാരണയാത്രയായാണ് മഹാകുംഭമേളയെ വിശേഷിപ്പിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മഹാകുംഭമേള ആരംഭിച്ചത്. മൗര്യ-ഗുപ്ത സാമ്രാജ്യകാലം മുതലാണ് കുംഭമേളയുടെ ആരംഭമെന്നും പറയുന്നു. പ്രയാഗ് രാജില്‍ ത്രിവേണി സംഗമമാണ് മഹാകുംഭമേളയുടെ കേന്ദ്രം. ഗംഗ, യമുന, സരസ്വതിയുടെ സംഗമസ്ഥാനമാണ് ഈ ത്രിവേണീസംഗമം. ഓരോ 12 വര്‍ഷം കൂടുമ്പോഴാണ് കുംഭമേള നടക്കുന്നത്. പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നീ നാല് നഗരങ്ങളില്‍ ആണ് മാറി മാറി കുംഭമേള നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: