മുംബൈ: ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നേരെയുള്ള നിരീക്ഷണം കര്‍ശനമായി നിലനിര്‍ത്തുന്ന റിസര്‍വ്വ് ബാങ്കിന്റെ കോപത്തിന് പാത്രമാകുന്നത് മുഖ്യധാര സ്ഥാപനങ്ങളും. ഇക്കുറി നിക്ഷേപങ്ങളുടെ പലിശനിരക്കിലും ബാങ്കിന്റെ ഉപഭോക്തൃ സേവനത്തിലും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ സൗത്തിന്ത്യന്‍ ബാങ്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്.
കുറ്റം കണ്ടെത്തിയെന്ന് മാത്രമല്ല അതിന് സൗത്തിന്ത്യന്‍ ബാങ്കിനെതിരെ തക്കതായും പിഴയും ചുമത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന സ്വകാര്യ ബാങ്കാണ് സൗത്തിന്ത്യന്‍ ബാങ്ക്. 948 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 1322 എടിഎമ്മുകളും ഉള്ള വിശാലമായ ബാങ്കിംഗ് ശൃംഖല സൗത്തിന്ത്യന്‍ ബാങ്കിനുണ്ട്. 26 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും സൗത്തിന്ത്യന്‍ ബാങ്കിന് സാന്നിധ്യമുണ്ട്. 1946 ആഗസ്ത് 7നാണ് സൗത്തിന്ത്യന്‍ ബാങ്ക് ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ആയത്.
റിസര്‍വ്വ് ബാങ്കിന്റെ ചില നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായതായി നേരത്തെ റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് മറുപടി നല്‍കിയതിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് നടത്തിയ ഹിയറിംഗില്‍ ബാങ്ക് വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. ഇത് പ്രകാരം പിഴ ചുമത്തി. 59.20 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
മിനിമം ബാലന്‍സ് ഇല്ലാത്ത ഉപഭോക്താക്കളെ എസ് എംഎസ് വഴിയോ ഇമെയില്‍ വഴിയോ അറിയിക്കണം എന്ന നിബന്ധന ഉണ്ട്. ഇത് ചെയ്യാതെ തന്നെ ബാങ്ക് അവരില്‍ നിന്നും പിഴ ഈടാക്കിയതാണ് സൗത്തിന്ത്യന്‍ ബാങ്ക് വരുത്തിയ ഒരു പിഴവ്. ചില എന്‍ആര്‍ഇ സേവിംഗ് സ് അക്കൗണ്ടുകളില്‍ അറിയിപ്പില്ലാതെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സൗത്തിന്ത്യന്‍ ബാങ്കിന്റെ വീഴ്ചയായി റിസര്‍വ്വ് ബാങ്ക് കണ്ടു. കഴിഞ്ഞ ദിവസം ബാങ്കിന്റെ ഓഹരിവില 1.52 ശതമാനം ഇടിഞ്ഞ് 24.01 രൂപയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും അത് 23.82 രൂപയിലേക്ക് താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: